Entertainment
ഉണ്ണി മുകുന്ദൻ അങ്ങനെ പറഞ്ഞത് എനിക്ക് വിഷമമായി: പി. ശ്രീകുമാർ

നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ മേഖലകളിൽ കഴിവുതെളിയിച്ച വ്യക്തിയാണ് പി. ശ്രീകുമാർ. നടനായി സിനിമയിലേക്ക് വന്ന ശ്രീകുമാർ 150ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും രണ്ട് ചിത്രങ്ങൾക്ക് കഥയൊരുക്കുകയും ചെയ്തിട്ടുണ്ട് ശ്രീകുമാർ. പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന അവാർഡിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അദ്ദേഹം അർഹനായി.

ഇപ്പോൾ നടൻ ഉണ്ണി മുകുന്ദനെക്കുറിച്ച് സംസാരിക്കുകയാണ് പി. ശ്രീകുമാർ.

മാളികപ്പുറം സക്സസ് ആയപ്പോൾ വിജയരാഘവൻ ഉണ്ണി മുകുന്ദനെ വിളിച്ചിരുന്നുവെന്നും നല്ല കഥയാണ് അതെന്ന് പറഞ്ഞിരുന്നുവെന്നും പറയുകയാണ് പി. ശ്രീകുമാർ. അതിനുശേഷം തന്നെ വിളിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് അതിനെക്കുറിച്ച് സംസാരിച്ചപ്പോൾ ഉണ്ണി മുകുന്ദൻ പറഞ്ഞത് തനിക്ക് വിഷമമായെന്നും ശ്രീകുമാർ പറഞ്ഞു.

മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീകുമാർ ഇക്കാര്യം സംസാരിച്ചത്.

‘ ഉണ്ണി മുകുന്ദൻ്റെ ഒരു പടം സക്സസ് ആയല്ലോ? അപ്പോൾ വിജയരാഘവൻ ഉണ്ണി മുകുന്ദനെ വിളിച്ച്, ‘ബെസ്റ്റ് സ്ക്രിപ്റ്റ് ഇരിപ്പുണ്ട് നിനക്ക് ആപ്റ്റാണ് കാരണം മാളികപ്പുറം ഇറങ്ങിയല്ലോ അടുത്ത പടം അതേ ചെയ്യാവൂ. ഇന്നയാളുടെ അടുത്ത് സ്ക്രിപ്റ്റ് ഉണ്ട്’ എന്ന് പറഞ്ഞു. എനിക്ക് കുറച്ച് കഴിഞ്ഞപ്പോൾ ഒരു ഫോൺ വന്നു. ‘ചേട്ടാ വിജയരാഘവൻ ചേട്ടൻ പറഞ്ഞിട്ടാണ് വിളിക്കുന്നത്. എങ്ങനെയാണ് നമുക്കൊന്ന് വായിക്കാൻ സാധിക്കുക’ എന്ന് ചോദിച്ചു.

ട്രിവാൻഡ്രത്ത് വീട്ടിൽ വന്നാൽ ഞാൻ ഇരുന്ന് വായിച്ചു കേൾപ്പിച്ച് തരാമെന്ന് ഞാൻ പറഞ്ഞു. ഒന്നാമത് കർണൻ എന്നുപറയുന്നത് സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിക്കണം, കാരണം ഈ ഡയലോഗ് ഡെലിവറി ഒക്കെ വളരെ പ്രധാനമാണ്.

കുറേ കഴിഞ്ഞ് അയാൾ ട്രിവാൻഡ്രത്ത് വന്നപ്പോൾ ഞാൻ വിളിച്ചു. അപ്പോൾ അയാൾ പറഞ്ഞു ‘ഞാൻ പടത്തിൻ്റെ പ്രമോഷൻ ഒക്കെയായിട്ട് വളരെ ബിസിയാണ്. എനിക്ക് ഇപ്പോൾ അങ്ങോട്ട് വരാൻ പറ്റില്ല അതുകൊണ്ട് ഞാൻ ഒരാളെ അയക്കാം. സ്ക്രിപ്റ്റ് കൊടുത്തയക്കൂ’ എന്ന്.

പക്ഷെ ഉണ്ണി മുകുന്ദൻ ഇങ്ങനെ പറഞ്ഞപ്പോൾ എനിക്ക് വല്ലാതെ വിഷമമായി. അതുകൊണ്ട് ‘ഇതങ്ങനെ കൊടുത്തയക്കാനുള്ള സ്ക്രിപ്റ്റ് അല്ല. നിങ്ങൾക്ക് സമയമുണ്ടാകുമ്പോൾ വാ അപ്പോഴും വേറെ ആർക്കും കൊടുത്തിട്ടില്ലെങ്കിൽ നിങ്ങൾക്ക് വായിച്ചുകേൾപ്പിച്ചു തരാം’ എന്നു ഞാൻ പറഞ്ഞു,’ ശ്രീകുമാർ പറയുന്നു.

Content Highlight: P.Sreekumar talking about Unni Mukundan