വനിതാ മുഖ്യമന്ത്രി വേണമെന്ന് ആര് പറഞ്ഞു? ഞാന്‍ കേട്ടിട്ടില്ല; കെ.കെ. ശൈലജയെ കുറിച്ചുള്ള ചോദ്യത്തോട് പി.കെ. ശ്രീമതി
Kerala News
വനിതാ മുഖ്യമന്ത്രി വേണമെന്ന് ആര് പറഞ്ഞു? ഞാന്‍ കേട്ടിട്ടില്ല; കെ.കെ. ശൈലജയെ കുറിച്ചുള്ള ചോദ്യത്തോട് പി.കെ. ശ്രീമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th January 2023, 9:24 am

തിരുവനന്തപുരം: കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി വേണമെന്ന് ആരും പറഞ്ഞതായി താന്‍ കേട്ടിട്ടില്ലെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ അധ്യക്ഷ പി.കെ ശ്രീമതി. കഴിവുള്ളവര്‍ ഉയര്‍ന്നു വരുമെന്നും പാര്‍ട്ടി അതിനുള്ള അവസരം നല്‍കുമെന്നും പി.കെ. ശ്രീമതി പറഞ്ഞു.

മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വനിതാ മുഖ്യമന്ത്രി എന്ന വിഷയവുമായി ബന്ധപ്പെട്ട് തന്റെ നിലപാട് അവര്‍ പറഞ്ഞത്. മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയടക്കമുള്ളവരുടെ പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നല്ലോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ശ്രീമതി.

‘ആരാണ് പറഞ്ഞത്. ഞാന്‍ ഒന്നും കേട്ടില്ല. ഏതെങ്കിലും ഒരു വ്യക്തിയെ ചൂണ്ടിക്കാണിച്ച് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അതിനെന്ത് മറുപടി പറയും. കഴിവുള്ളവര്‍ ഉയര്‍ന്നുവരുക തന്നെ ചെയ്യും. പാര്‍ട്ടി അതിനുള്ള അവസരം നല്‍കുകയും ചെയ്യും. വിജയം ഏതെങ്കിലും ഒരാളുടെ മാത്രം കഴിവല്ല എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍,’ ശ്രീമതി പറഞ്ഞു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നയപ്രകാരം കെ.കെ. ശൈലജക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കാതിരുന്നതിന് പിന്നാലെ കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രിയെയാണ് നഷ്ടമായത് എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകളുയര്‍ന്നിരുന്നു. പണ്ട് കെ.ആര്‍. ഗൗരിയമ്മക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ കഴിയാതിരുന്നതടക്കമുള്ള സംഭവങ്ങളും ചര്‍ച്ചയായിരുന്നു.

സ്ത്രീകളുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പല സാമൂഹ്യ സൂചകങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടി സംവിധാനത്തിലെ സ്ത്രീ സാന്നിധ്യം ഏറെ കുറവാണെന്നും വിമര്‍ശനമുന്നയിക്കപ്പെട്ടിരുന്നു.

സി.പി.ഐ.എമ്മില്‍ സ്ത്രീകള്‍ക്ക് പരിഗണനയില്ല എന്ന് പറയുന്നതിനോട് താന്‍ ശക്തമായി വിയോജിക്കുന്നുവെന്ന് അഭിമുഖത്തില്‍ മറ്റൊരു ചോദ്യത്തിന് മറുപടിയായി പി.കെ. ശ്രീമതി പറഞ്ഞു. മുന്‍കാലങ്ങളില്‍ അങ്ങനെയായിരിക്കാമെന്നും എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് ആവശ്യമായ പരിഗണന നല്‍കണമെന്ന് 25 വര്‍ഷം മുമ്പേ പാര്‍ട്ടിയില്‍ തീരുമാനമായതാണെന്നും എന്നാല്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരെയേ ഉത്തരവാദിത്തം ഏല്‍പ്പിക്കാന്‍ കഴിയുള്ളുവെന്നും പി.കെ. ശ്രീമതി പറഞ്ഞു. സ്ത്രീകള്‍ പാര്‍ട്ടി ഭാരവാഹിത്വം ഏറ്റെടുക്കാന്‍ സ്വയമേവ മുന്നോട്ടുവരണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

‘കീപോസ്റ്റുകളില്‍ കഴിഞ്ഞ 15 വര്‍ഷത്തോളം ഒരു സ്ത്രീ ഉണ്ടായിരുന്നില്ല. അതേസമയം സംസ്ഥാനത്ത് ആയിരക്കണക്കിന് പാര്‍ട്ടി ബ്രാഞ്ചുകളില്‍ ഇപ്പോള്‍ സ്ത്രീകളാണ് സെക്രട്ടറിമാര്‍. ലോക്കല്‍ സെക്രട്ടറിമാരുമുണ്ട്. ഏരിയാ സെക്രട്ടറി ഒരാളോ മറ്റോ ഉള്ളൂ. അത് കൂടിവരും. കോഴിക്കോടാണ് ബ്രാഞ്ച് സെക്രട്ടറിമാര്‍ കൂടുതലുള്ളത്. പണ്ടൊക്കെ മെമ്പര്‍ഷിപ്പ് എടുക്കാന്‍ പോലും സ്ത്രീകളുണ്ടായിരുന്നില്ല എന്നോര്‍ക്കണം,’ ശ്രീമതി പറഞ്ഞു.

Content Highlight: P K Sreemathi says she hasn’t heard anyone asking for a Women chief minister for Kerala or suggesting K K Shailaja to that position