തുടരും എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒരു ഗംഭീര കഥാപാത്രം കിട്ടിയതിന്റെ സന്തോഷത്തിലാണ് നടന്‍ ഷൈജു അടിമാലി. തികച്ചും അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ ഭാഗ്യമാണ് തുടരുമെന്ന് ഷൈജു പറയുന്നു.
ഒപ്പം ലൊക്കേഷനില്‍ മോഹന്‍ലാല്‍ എന്ന നടനൊപ്പം തനിക്ക് ലഭിച്ച ചില നിമിഷങ്ങളെ കുറിച്ചും വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഷൈജു പങ്കുവെക്കുന്നുണ്ട്.
മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും ക്യാമറാമാന്‍ ഷാജികുമാറും തനിക്ക് നല്‍കിയ പിന്തുണ ഒന്നു കൊണ്ടു മാത്രമാണ് ആ കഥാപാത്രം തനിക്ക് ചെയ്യാനായതെന്നും ഷൈജു പറയുന്നു.
‘ ആ ബൈക്കിലൊക്കെ കയറി ഇരുന്നിട്ട് മോഹന്‍ലാല്‍ സാര്‍ ആ പോട്ടെ എന്ന് പറയുകയല്ലേ. ആ സീനൊക്കെ ഒറ്റ ടേക്കില്‍ ഓക്കെയായി. അതൊക്കെ ഒരു വലിയ ഭാഗ്യമാണ്.
സാറ് ലൊക്കേഷനില്‍ വന്നിട്ട് വേറെ സീനൊക്കെ ചെയ്തുകൊണ്ടിരിക്കുകയാണ്. ചക്ക മുറിക്കുന്ന സീനൊക്കെ. ഞാന്‍ എന്റെ വേഷത്തില്‍ ഒരുങ്ങി നില്‍ക്കുകയാണ്.
ഷൂട്ടിങ് കാണാന്‍ വന്ന ഒരാളായിട്ടാണ് ഞാന്‍ നില്‍ക്കുന്നത്. അപ്പോള്‍ മോഹന്‍ലാല്‍ സാറിനോട് തരുണ്‍ സാര്‍ വന്നിട്ട് ചിയാച്ചന്‍ ചെയ്യുന്ന ആള്‍ അതാണെന്ന് പറഞ്ഞു.
സാര്‍ എന്നെ നോക്കി ഒന്ന് ചിരിച്ച് തലയാട്ടി. പെട്ടെന്ന് നമ്മള്‍ ഒന്ന് ഉണരുന്ന ചില ആക്ഷനുകളുണ്ട്. ഓക്കെയല്ലേ എന്ന മട്ടിലാണ് എന്നെ നോക്കിയത്. അപ്പോള്‍ നമ്മളും അങ്ങ് ഉഷാറാവുകയാണല്ലോ. പിന്നെ ആ പേടിയങ്ങ് മാറി. അങ്ങനെ ചെയ്തതാണ്.
പിന്നീട് സാര്‍ ലൊക്കേഷനിലൂടെ പോണ വഴിക്ക് എന്റ തോളത്ത് തട്ടി. ഞാന്‍ ചുമ്മാ നിക്കുകയായിരുന്നു. അങ്ങനെ നടന്നങ്ങുപോയി. അത് കഴിഞ്ഞ് ഇര്‍ഷാദിക്കയും രാജു ചേട്ടനും എന്റെ അടുത്ത് വന്നിട്ട് നന്നായിട്ടുണ്ടല്ലോ എന്ന് പറഞ്ഞു.
അതുകഴിഞ്ഞ് സാര്‍ ഫ്രീയായിട്ട് ഇരിക്കുകയാണ്. ആരുമില്ല. ഞാന്‍ സാറിന്റെ അടുത്ത് ചെന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ സിംഗപ്പൂരില്‍ പരിപാടിക്ക് പോയ ഒരു കഥയുണ്ടായിരുന്നു.
സാറേ, സാറിന് എന്നെ ഓര്‍മയുണ്ടോ എന്നറിയില്ല. പണ്ട് നമ്മള്‍ സിംഗപ്പൂര്‍ പരിപാടിക്ക് പോയ ഒരു അനുഭവം ഉണ്ടായിരുന്നു എന്ന് പറഞ്ഞു.
പരിപാടി കഴിഞ്ഞ ശേഷം സാര്‍ ഓക്കെ പറഞ്ഞ് പോയി. എനിക്ക് അവിടെ ഒന്നും അറിയില്ലായിരുന്നു. സാറാണ് എന്നോട് അവിടെ ഇരിക്കുന്നത് കഴിച്ചോളാനൊക്കെ പറഞ്ഞത്. എനിക്ക് ഒന്നും അറിയില്ലായിരുന്നു. അതൊക്കെ സാര്‍ ഓര്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചു.
അത് കഴിഞ്ഞ് വന്ന എന്നെ കോതമംഗലത്ത് വെച്ച് പൊലീസ് പിടിച്ച ഒരു കഥയുണ്ടായിരുന്നു. പറയട്ടേ എന്ന് ചോദിച്ചപ്പോള്‍ പറയ് എന്ന് പറഞ്ഞു.
സാര്‍ മാത്രമേ അവിടെ ഉള്ളൂ. ബാക്കിയുള്ളവരൊക്കെ ഓരോ തിരക്കിലാണ്. എന്റെ വീടായി ഷൂട്ട് ചെയ്യുന്ന സ്ഥലമാണ്. ആ പാട്ടിലുള്ള സീന്‍ എടുക്കുന്ന സമയമായിരുന്നു.
ഈ കഥ മുഴുവന്‍ സാറിരുന്ന് കേട്ട് ചിരിച്ചു. അങ്ങനെ സാര്‍ ഫ്രീയായി. പിന്നെ സാര്‍ ലൊക്കേഷനില്‍ വരുമ്പോഴൊക്കെ നമ്മള്‍ എവിടെ നിന്നാലും സാര്‍ നമ്മളെ മൈന്‍ഡ് ചെയ്യും.
അങ്ങനെ ഒരു ദിവസം സാറിന്റെ പിറന്നാളായിരുന്നു. ആ സമയത്ത് ഡിക്‌സണ്‍ ചേട്ടനും തരുണ്‍സാറും എന്ന വിളിച്ചു. ലാല്‍ സാര്‍ വിളിക്കുന്നു എന്ന് പറഞ്ഞു.
ആ സിംഗപ്പൂര്‍ കഥ എന്ന കൊണ്ട് ആ വേദിയില്‍ കയറ്റി പറയിപ്പിച്ചു. 25 മിനുട്ടുള്ള കഥയാണ്. അത് മൊത്തം സാര്‍ എന്നെകൊണ്ട് പറയിപ്പിച്ചു. ലാല്‍ സാര്‍ ഇങ്ങനെയൊരു കഥയുണ്ട് എന്ന് അവരോട് പറഞ്ഞതായിരിക്കും.
ഞാന്‍ ഈ കഥ ലാല്‍ സാറിനോട് മാത്രമേ പറഞ്ഞിരുന്നുള്ളൂ. രഞ്ജിത് സാര്‍ പിന്നീട് പറഞ്ഞു, ലാല്‍ സാര്‍ ആ കഥ പറഞ്ഞിരുന്നു എന്ന്,’ ഷൈജു അടിമാലി പറയുന്നു.
Content Highlight: Shyju adimali share a Funny Incident with Mohanlal in Thudarum Location