പാല: വീണ്ടും വിവാദ പ്രസംഗവുമായി ബി.ജെ.പി നേതാവും മുന്‍ പൂഞ്ഞാര്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജ്. കേരളത്തില്‍ ലൗ ജിഹാദ് വര്‍ധിക്കുന്നുവെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. മതവിദ്വേഷ പ്രസംഗത്തില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് പി.സി. ജോര്‍ജ് വീണ്ടും വിവാദപരാമര്‍ശം നടത്തിയത്. പാലായില്‍ നടന്ന ലഹരിവിരുദ്ധ പരിപാടിയിലാണ് പി.സി. ജോര്‍ജിന്റെ വിവാദ പരാമര്‍ശം.
മീനച്ചില്‍ പഞ്ചായത്തില്‍ മാത്രമായി ലൗ ജിഹാദിലൂടെ നഷ്ടമായത് 400 പെണ്‍കുട്ടികളെയാണെന്നും ജോര്‍ജ് ആരോപിച്ചു. 24 വയസിന് മുമ്പ് പെണ്‍കുട്ടികളെ ക്രിസ്ത്യാനികള്‍ കല്യാണം കഴിപ്പിക്കാന്‍ തയ്യാറാവണമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
ഗതികെട്ട നിലയിലാണ് പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുന്നോട്ടുപോകുന്നത്. നഷ്ടപ്പെട്ട 400 കുട്ടികളില്‍ 41 കുട്ടികളെ മാത്രമാണ് തിരിച്ച് കിട്ടിയതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
25 വയസുവരെ പെണ്‍കുട്ടിയെ കല്യാണം കഴിപ്പിക്കാതിരുന്ന അച്ഛനെയാണ് ആദ്യം തല്ലേണ്ടതെന്നും കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം ഉദ്ധരിച്ച് ജോര്‍ജ് പറഞ്ഞു. കല്യാണം കഴിഞ്ഞിട്ട് പഠിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നും ക്രൈസ്തവ സമൂഹം ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്‍ എം.എല്‍.എ പറഞ്ഞു.
ഇതിനുപുറമെ ഈരാറ്റുപേട്ടയിലെ നടക്കല്‍ എന്ന സ്ഥലത്ത് നിന്ന് കേരളം മുഴുവനായി തകര്‍ക്കാന്‍ കഴിയുന്നത്രെ സ്‌ഫോടനവസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തിരിക്കുന്നതെന്നും ജോര്‍ജ് പറഞ്ഞു. ഇവ എവിടെ കത്തിക്കാനാണെന്ന് തനിക്ക് അറിയാമെന്നും അത് പറയുന്നില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിനെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തിരുന്നു. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
തുടര്‍ന്ന് ഫെബ്രുവരി 24ന് ഈരാറ്റുപേട്ട കോടതി ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടിരുന്നു. വിദ്വേഷ പരാമര്‍ശക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന്, ഫെബ്രുവരി 24ന് പി.സി. ജോര്‍ജ് ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
തുടര്‍ന്ന് ജാമ്യാപേക്ഷ തള്ളിയ കോടതി ജോര്‍ജിനെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. പിന്നാലെ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി ജോര്‍ജിന് ജാമ്യം ആനുവദിക്കുകയും ചെയ്തു. പി.സി. ജോര്‍ജിന്റെ ആരോഗ്യം കൂടി പരിഗണിച്ചായിരുന്നു ജാമ്യം.
കേസില്‍ ഇനി അന്വേഷണമില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
Content Highlight: P.C. George again makes hate speech while out on bail