ഓയോ സ്ഥാപകന്‍ റിതേഷ് അഗര്‍വാളിനെതിരെ വഞ്ചനകുറ്റം ചുമത്തി കേസ്
national news
ഓയോ സ്ഥാപകന്‍ റിതേഷ് അഗര്‍വാളിനെതിരെ വഞ്ചനകുറ്റം ചുമത്തി കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th September 2020, 11:55 pm

ന്യൂദല്‍ഹി: ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും സി.ഇ.ഒയുമായ റിതേഷ് അഗര്‍വാള്‍ ഇതേ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് വെഡ്ഡിംഗ്‌സ്.ഇന്‍ സി.ഇ.ഒ സന്ദീപ് ലോധ എന്നിവര്‍ക്കെതിരെ വഞ്ചന കുറ്റത്തിന് പൊലീസ് കേസെടുത്തു.

ചണ്ഡിഗഢിലെ വ്യവസായിയായ വികാസ് ഗുപ്ത നല്‍കിയ പരാതിയിലാണ് ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓയോയുമായുള്ള ഔദ്യോഗിക കരാറില്‍ നിന്നും നിയമവിരുദ്ധമായി പിന്‍മാറിയതിനാണ് ഗുപ്ത ഇവര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

തുടര്‍ന്ന് കഴിഞ്ഞയാഴ്ച ദേരാ ബാസ്തി പൊലീസ് സ്റ്റേഷനിലാണ് ഗുപ്ത സ്ഥാപന മേധാവികള്‍ക്കെതിരെ പരാതി നല്‍കിയത്.

2019 ല്‍ വികാസ് ഗുപ്തയുടെ സ്ഥാപനമായ വികാസ് മിനറല്‍സ് ആന്റ് ഫുഡ് ലിമിറ്റഡുമായി ഓയോ മേധാവികള്‍ കരാറിലേര്‍പ്പെട്ടിരുന്നു. വിവാഹങ്ങള്‍ നടത്തുന്നതിനുള്ള ഹോട്ടല്‍ ഓഡിറ്റോറിയങ്ങളും റിസോര്‍ട്ടുകളും ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു കരാര്‍.

കരാറിനെ തുടര്‍ന്ന് ഒ.എച്ച്.എച്ച്.പി.എല്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും സമര്‍പ്പിച്ചതായും ധനകാര്യ, നിയമവിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഉന്നത മാനേജ്മെന്റുകള്‍ രേഖകളില്‍ സംതൃപ്തരായതായും ഗുപ്ത പറഞ്ഞു.

തുടര്‍ന്ന് കമ്പനി തന്റെ സംരംഭമായ കാസ വില്ലാസ് റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്ന കരാറിന് അംഗീകാരം നല്‍കുകയും ചെയ്തതാണ്.

എന്നാല്‍ കൊവിഡ് വ്യാപനത്തോടെ ഇതെല്ലാം മാറിമറിഞ്ഞുവെന്നാണ് ഗുപ്ത പറയുന്നത്. വിവാഹങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വന്നതോടെ ഓയോ മേധാവികള്‍ റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം കുറയ്ക്കാന്‍ ആവശ്യപ്പെട്ട് മുന്നോട്ടുവരികയായിരുന്നു.

നഷ്ടമുണ്ടാകുമെന്ന് ഭയന്ന് കരാറിലെ നിബന്ധനകള്‍ക്ക് വിരുദ്ധമായി 2020 മാര്‍ച്ച് 3 ന് എന്‍.ഒ.സികളും മറ്റ് രേഖകളും സമര്‍പ്പിക്കാന്‍ നോട്ടീസ് അയച്ചതായും ഗുപ്ത ആരോപിച്ചു.

മറുപടി നല്‍കാന്‍ തനിക്ക് 15 ദിവസത്തെ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ കരാര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു കക്ഷിക്കും 30 ദിവസത്തെ നോട്ടീസ് കാലയളവ് കരാര്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും ഗുപ്ത പറഞ്ഞു. പിന്നീട് തന്റെ കരാര്‍ യാതൊരു വിശദീകരണവുമില്ലാതെ അവര്‍ റദ്ദാക്കിയെന്നാണ് ഗുപ്ത പറയുന്നത്.

ഇതേത്തുടര്‍ന്ന് കരാര്‍ അവസാനിപ്പിച്ചതിന്റെ നഷ്ടപരിഹാരം തനിക്ക് നല്‍കുന്നതിന് പകരം പിഴയായി അവര്‍ക്ക് 5 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് കമ്പനി അധികൃതര്‍ രംഗത്തെത്തിയതായും ഗുപ്ത പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


CONTENT HIGHLIGHTS:  fraud allegation oyo ceo rithesh agarwal