ലണ്ടന്‍: ഇന്ത്യയിലെ കാര്‍ഷിക സമരത്തില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണോട് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റിലെ എം.പിമാര്‍. 100 ല്‍ അധികം എം.പിമാരാണ് ഇക്കാര്യം ആവശ്യപ്പെട്ട് ബോറിസ് ജോണ്‍സണ് കത്തയച്ചിരിക്കുന്നത്.
സമാധാനപരമായി പ്രതിഷേധിക്കുന്ന ലക്ഷക്കണക്കിന് കര്‍ഷകര്‍ക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന ‘മൃഗീയ’ പെരുമാറ്റത്തില്‍ തങ്ങള്‍ ആശങ്കാകുലരാണെന്ന് കത്തില്‍ എം.പിമാര്‍ ചൂണ്ടിക്കാട്ടുന്നു.
കര്‍ഷകര്‍ക്കെതിരെ ജലപീരങ്കി, കണ്ണീര്‍ വാതകം എന്നിവ പ്രയോഗിക്കുന്ന ഫൂട്ടേജുകള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും കത്തില്‍ പറയുന്നു. ഈ പ്രശ്‌നം ഇന്ത്യന്‍ സമൂഹത്തെ, പ്രത്യേകിച്ച് പഞ്ചാബി, സിഖ് പശ്ചാത്തലത്തിലുള്ളവരെ വളരെയേറെ ബാധിച്ചുവെന്നും കത്തില്‍ പറയുന്നു.
ജനുവരിയില്‍ നിശ്ചയിച്ചിരുന്ന ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കപ്പെട്ടുവെങ്കിലും ഇന്ത്യയിലെത്തുന്ന അവസരത്തില്‍ കര്‍ഷക പ്രതിഷേധത്തിന്റെ അടിയന്തിരാവസ്ഥ കണക്കിലെടുത്ത്, നിലവിലെ പ്രതിസന്ധിക്ക് വേഗത്തില്‍ പരിഹാരം കാണണമെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ മനുഷ്യാവകാശത്തെക്കുറിച്ച് തങ്ങള്‍ ആശങ്കപ്പെടുന്നതായി ഇന്ത്യയെ അറിയിക്കണമെന്നും ബോറിസ് ജോണ്‍സണോട് എം.പിമാര്‍ അഭ്യര്‍ത്ഥിച്ചു. പാര്‍ലമെന്റ് അംഗം ടാന്‍ ദേശിയാണ് കത്ത് എഴുതിയിരിക്കുന്നത്.
അതേസമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ എട്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. ജനുവരി 15 ന് വീണ്ടും ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാട് എട്ടാംവട്ട ചര്‍ച്ചയിലും കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചു. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക