തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ ജലം തുറന്ന് വിടുന്നു. ജലനിരപ്പ് ഉയര്‍ന്നതോടെ 138.95 അടി പിന്നിട്ടതോടെയാണ് ജലം തുറന്ന് വിടുന്നത്.
ഡാമില്‍ 3 ഷട്ടറുകള്‍ കൂടി 0.60 സെന്റീ മീറ്റര്‍ ഉയര്‍ത്തി. ഇതോടെ സെക്കന്റില്‍ 3005 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. നേരത്തെ 1493 ഘനയടി ജലമാണ് ഒഴുക്കി വിട്ടിരുന്നത്.
കൂടുതല്‍ വെള്ളം തുറന്ന് വിടുന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു. മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നതോടെ 1512 ഘനയടി ജലമാണ് അധികമായി ഒഴുക്കിവിടുന്നത്.
അതേസമയം, സംസ്ഥാനത്ത് ഇടുക്കിയുള്‍പ്പെടെയുള്ള ജില്ലകളില്‍ അതിശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്..
ഫയര്‍ഫോഴ്‌സ് മേധാവി ബി.സന്ധ്യ അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്കു വേണ്ടി കുമളിയില്‍ ഫയര്‍ സ്റ്റേഷന്‍ വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ടന്ന് അവര്‍ പറഞ്ഞു.