ന്യൂദല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ സിലബസില്‍നിന്നും നിര്‍ണായക പാഠഭാഗങ്ങള്‍ ഒഴിവാക്കിയ കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍. ഒമ്പതുമുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ സിലബസുകളിലാണ് കേന്ദ്രം ഇടപെടല്‍ നടത്തിയിരിക്കുന്നത്. ദേശീയത, പൗരത്വം, മതേതരത്വം, ജനാധിപത്യ മൂല്യങ്ങള്‍ തുടങ്ങിയ പ്രധാന ഭാഗങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്.
സ്‌കൂള്‍ പാഠ്യപദ്ധതിയില്‍നിന്നും ചിലത് വെട്ടിമാറ്റിയതില്‍ സി.ബി.എസ്.ഇ വിശദീകരണം നല്‍കണമെന്ന് ദല്‍ഹി ഉപമുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ മനിഷ് സിസോദിയ ആവശ്യപ്പെട്ടു. ഈ നീക്കത്തിന് പിന്നില്‍ വളരെ ശക്തമായ കാരണങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
‘സിലബസില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനോട് ദല്‍ഹി സര്‍ക്കാരിന് വിയോജിപ്പൊന്നുമില്ല. വലിയ സിലബസ് കൂടുതല്‍ പഠനത്തിലേക്ക് നയിക്കും എന്ന അഭിപ്രായം എനിക്കില്ല. എന്നാല്‍ ഇപ്പോള്‍ ചില പ്രത്യേക പാഠഭാഗങ്ങള്‍ ഒഴിവാക്കിയതിനോട് എനിക്ക് യോജിക്കാനാവില്ല’, സിസോദിയ പറഞ്ഞു.
ബി.ജെ.പി ജനാധിപത്യത്തെയും മതേതരത്വത്തെയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് എന്‍.സി.പിയും ആരോപിച്ചു. ‘ബി.ജെ.പിയുടെ അജണ്ട എന്താണെന്ന് വ്യക്തമാണ്. അവര്‍ക്ക് ജനാധിപത്യത്തെയും മതേതരത്വത്തെയും ഇല്ലായ്മ ചെയ്യണം. അതിന് അവര്‍ കണ്ട എളുപ്പവഴിയാണ് വളര്‍ന്നുവരുന്ന തലമുറയില്‍ അവയെക്കുറിച്ചുള്ള അവബോധം ഇല്ലായ്മ ചെയ്യുക എന്നത്. ഒരു അവസരം ലഭിച്ചാല്‍ ബി.ജെ.പി ചരിത്രത്തെയും തിരുത്തി, മാറ്റിയെഴുതിയ ഭാഗം സിലബസില്‍ ഉള്‍പ്പെടുത്തും’, എന്‍.സി.പി വക്താവ് മഹേഷ് തപസി പറഞ്ഞു.
കേന്ദ്രം ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് ലോകതാന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവും വിമര്‍ശിച്ചു. ‘കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് 2020-21 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സിലബസിലെ 30 ശതമാനം കുറയ്ക്കുന്നതിനുള്ള തീരുമാനത്തിന്റെ പേരില്‍ ചില സുപ്രധാന അധ്യായങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇത് ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമാണ്’, അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.
കൊവിഡിന്റെ പശ്ചാത്തലത്തിലാണ് സി.ബി.എസ്.ഇ സിലബസ് വെട്ടിക്കുറച്ചത്. കേന്ദ്ര മാനവ വികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ സിലബസ് 30 ശതമാനം വരെ വെട്ടിക്കുറയ്ക്കാനാണ് നിര്‍ദ്ദേശം. കൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇത്.