തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷ നിയമനത്തെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ പരസ്യപ്രതികരണം നടത്തിയ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പിന്തുണ. ചെന്നിത്തലയ്ക്ക് പൊതുപ്രവര്‍ത്തനം നടത്താന്‍ തന്റെ മറ ആവശ്യമില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടുള്ള മറുപടിയെന്നോണം ഉമ്മന്‍ ചാണ്ടി പറഞ്ഞു.
‘ചെന്നിത്തല ദേശീയ-സംസ്ഥാനതലത്തില്‍ എല്ലാ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള നേതാവാണ്. അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ ആരുടേയും മറ ആവശ്യമില്ല. എന്റെ മറ എന്തായാലും ആവശ്യമില്ലെന്ന് എനിക്ക് നന്നായി അറിയാം,’ ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ചര്‍ച്ച നടത്തേണ്ടത് നേതൃത്വമാണെന്നും അവര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കില്‍ അത് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ നേതൃത്വത്തിനെതിരെ പരസ്യപ്രതികരണം നടത്തിയതിന്റെ പേരിലാണ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തിരുവഞ്ചൂര്‍ രംഗത്തെത്തിയത്. ഉമ്മന്‍ ചാണ്ടിയെ മറയാക്കി പുറകില്‍ ഒളിക്കരുതെന്നും തീ കെടുത്താന്‍ ശ്രമിക്കുമ്പോള്‍ ചെന്നിത്തല പന്തംകുത്തി ആളിക്കത്തിക്കരുതെന്നുമായിരുന്നു തിരുവഞ്ചൂര്‍ പറഞ്ഞത്.
നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതില്‍ ചെന്നിത്തല പശ്ചാത്തപിക്കും എന്നാണ് കരുതുന്നത്. പരസ്യ പ്രതികരണത്തിന് പരിധിയുണ്ടെന്ന് മനസിലാക്കിയാല്‍ നല്ലതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോട്ടയം ഡി.സി.സി ഓഫീസില്‍ നടത്തിയ പ്രസംഗത്തില്‍ ചെന്നിത്തലക്ക് ദുഃഖിക്കേണ്ടി വരും. ഉമ്മന്‍ ചാണ്ടി അറിഞ്ഞാണ് ചെന്നിത്തല പ്രസംഗിച്ചതെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഇപ്പോള്‍ പാര്‍ട്ടി ക്ഷീണത്തിലാണ്, അത് മനസിലാക്കി വേണം പ്രതികരണങ്ങള്‍. നാവില്ലാത്തതു കൊണ്ടോ വാക്കില്ലാത്തതു കൊണ്ടോ അല്ല ഒന്നും പറയാത്തത്. ഉമ്മന്‍ ചാണ്ടിയെ അവഗണിക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അധ്യക്ഷ നിയമനത്തില്‍ തന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മന്‍ ചാണ്ടിയോട് ആലോചിക്കണമായിരുന്നെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്. കോട്ടയം ഡി.സി.സി അധ്യക്ഷന്റെ സ്ഥാനാരോഹണചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താനും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസിനെ നയിച്ച 17 വര്‍ഷം വലിയ നേട്ടം കൈവരിച്ചെന്നും അധികാരം കിട്ടിയപ്പോള്‍ താന്‍ ധാര്‍ഷ്ട്യം കാട്ടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. തന്നോട് ആലോചിക്കേണ്ട കാര്യമില്ല. താന്‍ കോണ്‍ഗ്രസിന്റെ നാലണ മെമ്പര്‍ മാത്രമാണ്. പക്ഷേ ഉമ്മന്‍ചാണ്ടിയുമായി ആലോചിക്കണമായിരുന്നെന്നുമാണ് ചെന്നിത്തല പറഞ്ഞത്.
കോണ്‍ഗ്രസില്‍ ചില പ്രശ്നങ്ങള്‍ ഉണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഇല്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. കരുണാകരന്‍ പോയപ്പോള്‍ ഉമ്മന്‍ കോണ്‍ഗ്രസ് എന്ന് പറഞ്ഞു. 17 വര്‍ഷം താനും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസിനെ നയിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.