Kerala News
'പിതാവിന്റെ ആരോഗ്യ സംബന്ധമായും കുടുംബത്തിനെതിരെയും വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍'; മറുനാടനെതിരെ മാനനഷ്ട കേസുമായി ചാണ്ടി ഉമ്മനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 May 12, 02:19 pm
Friday, 12th May 2023, 7:49 pm

കൊച്ചി: മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ മാനനഷ്ട കേസ് നല്‍കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില സംബന്ധിച്ച് വ്യാജ വാര്‍ത്ത നല്‍കിയതിനാണ് മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ മാധ്യമത്തിനും നടത്തിപ്പുകാരന്‍ ഷാജന്‍ സ്‌കറിയക്കുമെതിരെ മാനനഷ്ട കേസില്‍ നോട്ടീസ് നല്‍കിയത്.

ഫേസ്ബുക്കിലൂടെയാണ് കേസ് നല്‍കിയ വിവരം ചാണ്ടി ഉമ്മന്‍ അറിയിച്ചത്. മാനഷ്ട കേസില്‍ അയച്ച നോട്ടീസും ഇതിനോടൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

‘തുടര്‍ച്ചയായി പിതാവിന്റെ ആരോഗ്യ സംബന്ധമായും കുടുംബത്തിനെതിരെയും വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ നല്‍കുന്ന മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനും, ഷാജന്‍ സ്‌കറിയക്കും എതിരെ മാനനഷ്ട് കേസില്‍ നോട്ടീസ് അയച്ചു,’ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്‍ പൃഥ്വിരാജും അതിന് മുമ്പ് പ്രമുഖ വ്യവസായി എം.എ. യൂസഫലിയും മറുനാടനെതിരെ മാനനഷ്ടക്കേസ് നല്‍കിയിരുന്നു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികള്‍ക്ക് പിഴയായി പൃഥ്വിരാജ് 25 കോടി പിഴയടച്ചു എന്ന വാര്‍ത്ത കൊടുത്തതിന് പിന്നാലെയാണ് ചാനലിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാനൊരുങ്ങുകയാണെന്ന് പൃഥ്വിരാജ് പറഞ്ഞത്.

മറുനാടനെതിരെ രൂക്ഷ പ്രതികരണമാണ് പൃഥ്വിരാജ് ഇന്നലെ നടത്തിയിരുന്നത്. വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു ‘കള്ളം’, വാര്‍ത്ത എന്ന പേരില്‍ പടച്ചുവിടുന്നത് എല്ലാ മാധ്യമ ധര്‍മത്തിന്റേയും പരിധികള്‍ ലംഘിക്കുന്നതാണെന്ന് നടന്‍ പറഞ്ഞിരുന്നു.

വിഷയത്തില്‍ നിയമത്തിന്റെ ഏതറ്റം വരെ പോകാനും താന്‍ ഒരുക്കമാണെന്നും സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ലെന്നും താരം പറഞ്ഞിരുന്നു.