എന്റെ സത്യസന്ധത സര്‍ക്കാര്‍ മനസിലാക്കിയതില്‍ സന്തോഷം; വിമര്‍ശകരുടെ മുനയൊടിഞ്ഞു; ആരോപണം ഉന്നയിച്ചവര്‍ ക്യാമ്പിലേക്ക് തിരിഞ്ഞുനോക്കുന്നവരല്ലെന്നും ഓമനക്കുട്ടന്‍
Kerala
എന്റെ സത്യസന്ധത സര്‍ക്കാര്‍ മനസിലാക്കിയതില്‍ സന്തോഷം; വിമര്‍ശകരുടെ മുനയൊടിഞ്ഞു; ആരോപണം ഉന്നയിച്ചവര്‍ ക്യാമ്പിലേക്ക് തിരിഞ്ഞുനോക്കുന്നവരല്ലെന്നും ഓമനക്കുട്ടന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th August 2019, 11:58 am

തിരുവനന്തപുരം: തന്റെ സത്യസന്ധത സര്‍ക്കാര്‍ മനസിലാക്കിയതില്‍ സന്തോഷമെന്ന് സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടന്‍. സത്യം ബോധ്യപ്പെടാന്‍ തന്നെ സഹായിച്ചത് തന്റെ പ്രവര്‍ത്തി തന്നെയാണെന്നും ക്യാമ്പിലുള്ള ഒരാള്‍പോലും തനിക്കെതിരെ ഒരു ആക്ഷേപവും ഉന്നയിച്ചിട്ടില്ലെന്നും ഓമനക്കുട്ടന്‍ പ്രതികരിച്ചു.

താന്‍ ചെയ്യുന്ന പ്രവര്‍ത്തി സുതാര്യമായതുകൊണ്ട് ഓപ്പണ്‍ എയറില്‍ നിന്നാണ് കാര്യങ്ങള്‍ പറഞ്ഞത്. ഒന്നും രഹസ്യമായി ചെയ്യുന്ന ആളല്ല ഞാന്‍. വീഡിയോ എടുക്കുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും ഓമനക്കുട്ടന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

”ആരോപണം വന്ന് കഴിഞ്ഞപ്പോള്‍ ഉദ്യോഗസ്ഥ മണ്ഡലങ്ങളില്‍ നിന്നും പലരും പിന്തുണയായി വന്നു. ജനങ്ങളുടെ കൂടെ ഞാനുള്‍പ്പെടെയുള്ള സി.പി.ഐ.എം പ്രസ്ഥാനം നില്‍ക്കുമ്പോള്‍ താറടിച്ച് കാണിക്കുന്ന പണിയാണ് ഇത് ചെയ്തവര്‍ ചെയ്തത്. ഇവരാരും ഈ ക്യാമ്പിലേക്ക് തിരിഞ്ഞു നോക്കുന്നവരല്ല.

സത്യം ബോധ്യപ്പെടാന്‍ എനിക്ക് സഹായകരമായ കാര്യം ഒന്ന് എന്റെ പ്രവര്‍ത്തിയുടെ ഭാഗം തന്നെയാണ്. ഈ ക്യാമ്പിലുള്ള ഒരാള്‍പോലും എനിക്കെതിരെ ഒരു ആക്ഷേപവും ഉന്നയിച്ചിട്ടില്ല എന്നതാണ് എനിക്ക് മനസിലാക്കാന്‍ സാധിച്ചത്. -ഓമനക്കുട്ടന്‍ പറഞ്ഞു.

വീഡിയോ എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്നും മറച്ചുവെക്കേണ്ടതല്ലെന്ന് ബോധ്യമുള്ളതുകൊണ്ട് തന്നെയാണോ താങ്കള്‍ അവരോട് സംസാരിച്ചത് എന്ന ചോദ്യത്തിന് ”താന്‍ ചെയ്യുന്നത് സുതാര്യമായതുകൊണ്ട് ഓപ്പണ്‍ എയറില്‍ നിന്നാണ് കാര്യങ്ങള്‍ പറഞ്ഞതെന്നും ഒന്നും രഹസ്യമായി ചെയ്യുന്ന ആളല്ല താനെന്നുമായിരുന്നു ഓമനക്കുട്ടന്റെ മറുപടി. വീഡിയോ എടുക്കുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടില്ല എന്നതാണ് സത്യമെന്നും ഓമനക്കുട്ടന്‍ പറഞ്ഞഉ.

താങ്കള്‍ വലിയ വെട്ടിപ്പുകാരനാണ്, പാവങ്ങളുടെ പണം പിരിച്ച് തട്ടിപ്പു നടത്തുന്നു എന്ന വിമര്‍ശനം വന്നു. ഇത് മാനസികമായി വിഷമമുണ്ടാക്കിയോ എന്ന ചോദ്യത്തിന് ആര്‍ക്കെതിരെയും എന്ത് വിമര്‍ശനവും ഉയര്‍ത്താവുന്ന രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും ഇവിടെ എനിക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്നവര്‍ മറ്റേതെല്ലാം വഴിയിലൂടെ ഭരണവര്‍ഗത്തെ വിമര്‍ശിക്കുന്നു എന്നുമായിരുന്നു ഓമനക്കുട്ടന്റെ മറുപടി. സത്യസന്ധമായ കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിയതിലൂടെ വിമര്‍ശകരുടെ മുന ഒടിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു.

സത്യസന്ധത മനസിലാക്കിയത് ഉദ്യോഗസ്ഥന്‍ എന്നതിലുപരി സര്‍ക്കാര്‍ എന്ന രീതിയിലേ എനിക്ക് കാണാന്‍ സാധിക്കുകയുള്ളൂ. എന്റെ സത്യസന്ധത മനസിലാക്കി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തതില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്റെ സത്യസന്ധത മനസിലായല്ലോ, ഇനിയും സത്യസന്ധമായ രീതിയില്‍ തന്നെയെ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുള്ളൂ.

തെറ്റ് കണ്ടപ്പോള്‍ നടപടിയെടുത്തത് പാര്‍ട്ടിയാണ്. തെറ്റല്ല എന്ന് ബോധ്യം വരുമ്പോള്‍ പാര്‍ട്ടി എടുത്ത നടപടിയേയും ഞാന്‍ സ്വീകരിക്കും.

റവന്യൂ വിഭാഗത്തിന്റെ നിരീക്ഷണം ഇപ്പോള്‍ ഇവിടെ ഉണ്ട്. ഇന്നലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വന്നു 24 മണിക്കൂറും ക്യാമ്പില്‍ ഉണ്ടായിരുന്നു. ഇന്നലെ രാത്രി ഈ പ്രശ്‌നം ഉണ്ടായതുകൊണ്ട് കാര്യങ്ങള്‍ കൃത്യമായി നടപ്പായതെന്നും ഓമനക്കുട്ടന്‍ പറയുന്നു.