Entertainment
ഈ ഓഫീസറും അയാളുടെ ഡ്യൂട്ടിയും ഗംഭീരം
അമര്‍നാഥ് എം.
2025 Feb 20, 10:19 am
Thursday, 20th February 2025, 3:49 pm

ജോസഫ്, ഇലവീഴാ പൂഞ്ചിറ, നായാട്ട് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഷാഹി കബീര്‍, സമീപകാലത്ത് വ്യത്യസ്തവേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന കുഞ്ചാക്കോ ബോബന്‍, മലയാളികള്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച മാര്‍ട്ടിന്‍ പ്രക്കാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് ടിക്കറ്റെടുക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ ഇതൊക്കെയായിരുന്നു.

ഷാഹി കബീറിന്റെ മുന്‍ ചിത്രങ്ങളെപ്പോലെ തന്നെയാണ് ഈ സിനിമയും. പൊലീസ് ഓഫീസര്‍മാരുടെ വ്യക്തിജീവിതവും അവര്‍ നേരിടേണ്ടി വരുന്ന കേസുകളും തന്നെയാണ് ഈ ചിത്രവും പറയുന്നത്. എന്നാല്‍ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ കൊമേഴ്‌സ്യല്‍ ഘടകങ്ങള്‍ കുറച്ചധികമുണ്ട്. അത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയും.

മേലുദ്യോഗസ്ഥനെ മര്‍ദിച്ച കേസില്‍ ഡി.വൈ.എസ്.പി റാങ്കില്‍ നിന്ന് ഡീമോട്ട് ചെയ്യപ്പെട്ട് സി.ഐയായി ചുമതലയേല്‍ക്കേണ്ടി വന്ന ഹരിശങ്കര്‍ എന്ന ഉദ്യോഗസ്ഥന്റെ കഥയാണ് സിനിമ പറയുന്നത്. ചാര്‍ജെടുത്ത ആദ്യദിവസം തന്നെ അയാള്‍ക്ക് മുമ്പിലെത്തുന്ന ഒരു മുക്കുപണ്ട കേസ് പിന്നീട് ചെന്നെത്തുന്നത് ഹരിശങ്കറിന്റെ വ്യക്തിജീവിതത്തിലെ ഇരുണ്ട അധ്യായത്തിലേക്കാണ്.

കുഞ്ചാക്കോ ബോബനാണ് ഹരിശങ്കര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നോക്കിലും നടപ്പിലും ഒരു പൊലീസ് ഓഫീസറുടെ മാനറിസങ്ങള്‍ കുഞ്ചാക്കോ ബോബനില്‍ ഭദ്രമായിരുന്നു. പൊലീസ് ഓഫീസറുടെ കണിശതയും ഒരച്ഛന്റെ മാനസികാവസ്ഥയും കണ്ണുകളിലൂടെ ഫലിപ്പിക്കാന്‍ കുഞ്ചാക്കോ ബോബന് സാധിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളുടെ ലിസ്റ്റില്‍ ഹരിശങ്കറും ഉണ്ടാകുമെന്ന് ഉറപ്പാണ്.

ഏറെക്കാലത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ പ്രിയാമണിക്കും മികച്ച കഥാപാത്രമായിരുന്നു ചിത്രത്തില്‍ ലഭിച്ചത്. ഇമോഷണല്‍ സീനുകളില്‍ പ്രിയാമണി തകര്‍ത്തഭിനയിച്ചിട്ടുണ്ട്. ക്ലൈമാക്‌സ് സീനുകളിലെ പ്രകടനവും എടുത്തു പറയേണ്ടവയായിരുന്നു. ജഗദീഷ് അവതരിപ്പിച്ച ചന്ദ്രബാബുവിന് സ്‌ക്രീന്‍ സ്‌പേസ് കുറവായിരുന്നെങ്കിലും ഉള്ള സീനുകളില്‍ അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.

വില്ലനായെത്തിയ വിശാഖ് നായരാണ് ഞെട്ടിച്ച മറ്റൊരു കഥാപാത്രം. കഥാപാത്രത്തോട് മാക്‌സിമം വെറുപ്പ് തോന്നുന്ന തരത്തില്‍ പെര്‍ഫോം ചെയ്യാന്‍ വിശാഖിന് സാധിച്ചിട്ടുണ്ട്. വിശാഖിന്റെ ഗ്യാങ്ങിലെ ആര്‍ട്ടിസ്റ്റുകളായെത്തിയ ലയ മാമന്‍, ഐശ്വര്യ, വിഷ്ണു ജി. വാരിയര്‍, മികച്ച പ്രകടനമായിരുന്നു. വില്ലന്മാര്‍ക്ക് കിട്ടിയ ശിക്ഷ പോര എന്ന് ചിലയിടത്ത് തോന്നിക്കുന്ന തരത്തിലായിരുന്നു പെരുമാറ്റങ്ങള്‍.

രണ്ട് സീനില്‍ മാത്രം വന്ന രഘുനാഥ് പാലേരിയും ചിത്രത്തില്‍ കൈയടി നേടുന്നുണ്ട്. ഉണ്ണി ലാലു, വൈശാഖ് ശങ്കര്‍, മനോജ് കെ.യു, മുത്തുമണി, മീനാക്ഷി തുടങ്ങിയവരും അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിട്ടുണ്ട്.

ജേക്‌സ് ബിജോയ് ഒരുക്കിയ സംഗീതത്തെക്കുറിച്ച് പരാമര്‍ശിക്കാതെ സിനിമയെപ്പറ്റി സംസാരിക്കാനാകില്ല. ചിത്രത്തിന്റെ മൂഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നായിരുന്നു ജേക്‌സിന്റെ ബി.ജി.എം. മാസ് ആകേണ്ടിടത്ത് മാസും ക്ലാസ് ആകേണ്ടിടത്ത് ക്ലാസും ആയി ബി.ജി.എം അവതരിപ്പിക്കാന്‍ ജേക്‌സിന് സാധിച്ചു. കുഞ്ചാക്കോ ബോബന്റെ ഇന്‍ട്രോ ബി.ജി.എമ്മും, ഇന്റര്‍വെല്‍ സീനിന് കൊടുത്ത ബി.ജി.എമ്മും അതിന് ഉദാഹരണമാണ്.

റോബി വര്‍ഗീസ് രാജിന്റെ ഛായാഗ്രഹണവും അതിഗംഭീരമായിരുന്നു. ഒരല്പം ഡാര്‍ക്ക് മൂഡിലൂടെ പോകുന്ന കഥയോട് ചേര്‍ന്ന് നില്‍ക്കാന്‍ റോബി ഒരുക്കിയ ഫ്രെയിമുകള്‍ വലിയ പങ്ക് വഹിച്ചു. ചമന്‍ ചാക്കോ തന്റെ കട്ടുകളിലൂടെ വീണ്ടും ഞെട്ടിച്ചു. കുഞ്ചാക്കോ ബോബന്റെ മാനസികാവസ്ഥ കാണിക്കുന്ന സീനില്‍ ചമന്റെ കട്ടുകള്‍ ഉണ്ടാക്കിയ ഇംപാക്ട് വലുതായിരുന്നു.

ദിലീപ് സുബ്ബരായന്‍, വിക്കി നന്ദഗോപാല്‍ എന്നിവര്‍ ഒരുക്കിയ ആക്ഷന്‍ ബ്ലോക്കുകളും മികച്ചതായിരുന്നു. മോര്‍ച്ചറി ഫൈറ്റ് ഈയടുത്ത് മലയാളത്തില്‍ വന്ന മികച്ച ആക്ഷന്‍ സീക്വന്‍സുകളിലൊന്നായിരുന്നു.

സംവിധായകന്‍ ജിത്തു അഷ്‌റഫ് എന്ന സംവിധായകനെക്കുറിച്ച് സംസാരിക്കാതെ ഈ റിവ്യൂ പൂര്‍ണമാകില്ല. അഭിനേതാവ് എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് പരിചിതനായ ജിത്തു നല്ലൊരു സംവിധായകനാണെന്ന് ആദ്യ ചിത്രത്തിലൂടെ തെളിയിച്ചു. മികച്ച ടെക്‌നീഷ്യന്മാരെക്കൊണ്ട് തനിക്ക് വേണ്ടത് ഒരുക്കാന്‍ ജിത്തു അഷ്‌റഫ് എന്ന പുതുമുഖസംവിധായകന് സാധിച്ചു.

ഇടയ്ക്ക് ചില ഭാഗങ്ങളില്‍ ലോജിക്കല്‍ മിസ്‌റ്റേക്ക് തോന്നിയെങ്കിലും സിനിമയുടെ ആകെത്തുകയെ അത് ബാധിച്ചിട്ടില്ല. ഈ വര്‍ഷം വന്നതില്‍ വെച്ച് മികച്ച തിയേറ്റര്‍ അനുഭവമെന്ന് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയെ സംശയമേതുമില്ലാതെ പറയാന്‍ സാധിക്കും. ഈ ഓഫീസറും അയാളുടെ ഡ്യൂട്ടിയും ഗംഭീരം തന്നെ.

Content Highlight: Officer on Duty movie review

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം