വാഷിങ്ടൺ: 2024 തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ ബൈഡന്റെ ഉപദേഷ്ടാക്കളോട് മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ ആവശ്യപ്പെട്ടതായി വാഷിങ്ടൺ പോസ്റ്റ് .
വൈറ്റ് ഹൗസിൽ ഈയിടെ നടന്ന ഉച്ചഭക്ഷണ വിരുന്നിനിടയിൽ ബൈഡനും ഒബാമയും തെരഞ്ഞെടുപ്പ് പ്രചാരണത്തെ കുറിച്ച് ചർച്ച ചെയ്തതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
രാജ്യത്തിന്റെ 44-ാമത് പ്രസിഡന്റായി നിയോഗിക്കപ്പെട്ട ഒബാമ, രാജ്യത്തുടനീളം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി തന്റെ ഉന്നത ഉദ്യോഗസ്ഥർ പ്രവർത്തിച്ചതുകൊണ്ടാണ് 2012ൽ താൻ വീണ്ടും തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന് ചർച്ചയിൽ പറഞ്ഞതായി വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.
തന്റെ ഉപദേശകരെ വൈറ്റ് ഹൗസിൽ തന്നെ ഒതുക്കുന്ന ബൈഡന്റെ നടപടിയെ ഒബാമ വിമർശിച്ചതായും റിപ്പോർട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകാൻ ആരുടെയെങ്കിലും പേര് ഒബാമ പ്രത്യേകം എടുത്തുപറഞ്ഞില്ലെങ്കിലും 2008ൽ ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ നയിച്ച ഡേവിഡ് പ്ലോഫിനെ പോലുള്ളവരെ നിയോഗിക്കണമെന്ന് ഒബാമ പറഞ്ഞു.
ട്രംപിന്റെ രാഷ്ട്രീയ കരുത്തിൽ ദീർഘനാളായി ആശങ്ക രേഖപ്പെടുത്തിയ ഒബാമ ഡെമോക്രാറ്റുകൾ കരുതുന്നതിനേക്കാൾ വലിയ വെല്ലുവിളിയാണ് ട്രംപെന്ന് 2023 ആരംഭത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ബൈഡന്റെ ദുർബലമായ പോളിങ് നിരക്കിൽ മാത്രമല്ല, അദ്ദേഹത്തിന്റെ പാരമ്പര്യേതര പ്രചാരണ രീതിയിലും ഒബാമക്ക് ആശങ്കയുണ്ട്.
ബൈഡന്റെ പ്രചാരണ മാനേജർ ജൂലി ഷോവസ് റോഡ്രിഗസ് വിൽമിങ്ടണിലെ പ്രചാരണ ആസ്ഥാനത്താണ് പ്രവർത്തിക്കുന്നതെങ്കിലും അനിറ്റ ഡുൺ, ജെൻ ഓ മാലി ഡിലൻ, മൈക്ക് ഡോണിലൺ, സ്റ്റീവ് റിച്ചെറ്റി എന്നീ ഉന്നത അനുയായികൾ വൈറ്റ് ഹൗസിൽ നിന്നാണ് പ്രവർത്തിക്കുന്നത്.
അതിനാൽ പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും ആദ്യം വൈറ്റ് ഹൗസിലൂടെ കടന്നുപോകണം. പെട്ടെന്നുള്ള വികസനങ്ങളിൽ ഉടനടി പ്രതികരിക്കുന്നതിൽ പ്രചാരണത്തിന് സാധിക്കുന്നില്ലെന്ന് ചില ഡെമോക്രാറ്റുകൾ ആശങ്ക ഉന്നയിക്കുന്നു.
ബൈഡനുള്ള പിന്തുണ 2023 അവസാനത്തിൽ 38 ശതമാനമായി കുറഞ്ഞിരുന്നു. ബൈഡന്റെ പ്രായവും ഇസ്രഈൽ – ഹമാസ് വിഷയം കൈകാര്യം ചെയ്യുന്ന രീതിയുമാണ് പിന്തുണ കുറയാനുള്ള പ്രധാന കാരണങ്ങൾ.
Content Highlight: Obama sending election warnings to Biden – WaPo