സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്ന് ധനകാര്യവകുപ്പ്; പഞ്ചായത്ത് വിഭജനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നു
Kerala News
സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്ന് ധനകാര്യവകുപ്പ്; പഞ്ചായത്ത് വിഭജനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th September 2019, 7:53 am

തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളെ വിഭജിച്ച് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴിവെക്കുമെന്ന ധനകാര്യവകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണിത്.

2011 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനായിരുന്നു നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചത്. 27,430-ല്‍ കൂടുതല്‍ ജനസംഖ്യയുള്ള ഗ്രാമപ്പഞ്ചായത്തുകളെ വിഭജിക്കും.

വിഭജിക്കേണ്ടതും അതിര്‍ത്തി പുനര്‍നിര്‍ണയിക്കേണ്ടതുമായ ഗ്രാമപ്പഞ്ചായത്തുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് തദ്ദേശ സ്വയംഭരണവകുപ്പ് നിര്‍ദേശവും നല്‍കിയിരുന്നു.

സാമ്പത്തികപ്രതിസന്ധിയുണ്ടെങ്കിലും 40 പഞ്ചായത്തുകളെങ്കിലും വിഭജിക്കണമെന്നായിരുന്നു തദ്ദേശ സ്വയംഭരണവകുപ്പിന്റെ തീരുമാനം. എന്നാല്‍, ധനവകുപ്പിന്റെ നിര്‍ദേശം മന്ത്രി തോമസ് ഐസക് അറിയിച്ചതോടെ തത്കാലം വിഭജനം വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവിലെ ജനസംഖ്യ 941 പഞ്ചായത്തുകളിലായി 15,962 വാര്‍ഡുകളാണ് സംസ്ഥാനത്തുള്ളത്. എന്നാല്‍ വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയവും വിഭജനവും നടപ്പാകുന്നതോടെ വാര്‍ഡുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകും. ബ്ലോക്ക് പഞ്ചായത്തുകളുടെ അതിര്‍ത്തിയിലും മാറ്റം വരും. ഒരു ബ്ലോക്ക് പഞ്ചായത്തിനുകീഴില്‍ ചുരുങ്ങിയത് നാല് ഗ്രാമപ്പഞ്ചായത്തുകളെങ്കിലും വരുന്ന രീതിയിലായിരിക്കും അതിര്‍ത്തി പുനര്‍നിര്‍ണയിക്കുക.