സ്‌ക്രീന്‍ സ്‌പേസ് നോക്കിയല്ല പാപ്പന് ഓക്കെ പറഞ്ഞത്, സുരേഷേട്ടനും മമ്മൂക്കക്കും ലാലേട്ടനും കിട്ടുന്നത് പോലെ ജോഷി സാറിന്റെ സിനിമയില്‍ അഭിനയിക്കാനുള്ള അവസരം എപ്പോഴും കിട്ടണമെന്നില്ല: നൈല ഉഷ
ബോള്‍ഡായ കഥാപാത്രങ്ങള്‍ തന്മയത്വത്തോടെ സിനിമകളില്‍ അവതരിപ്പിക്കുന്ന നടിയാണ് നൈല ഉഷ. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന സിനിമ അതിന് ഉദാഹരണമാണ്. ചിത്രത്തിലെ നൈല ഉഷയുടെ മറിയം എന്ന കഥാപാത്രം വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പാപ്പന്‍ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് നൈല ഉഷ.
സാധാരണ താന്‍ സിനിമ സെലക്ട് ചെയ്യുമ്പോള്‍ സ്‌ക്രീന്‍ സ്പേസും എത്ര മാത്രം പെര്‍ഫോം ചെയ്യാനുണ്ടെന്നും നോക്കാറുണ്ടായിരുന്നു. എന്നാല്‍ പാപ്പനില്‍ അത് നോക്കിയല്ല അഭിനയിച്ചത്. ജോഷി സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് സിനിമ ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് നൈല പറഞ്ഞത്.
പാപ്പന്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം.
‘സുരേഷേട്ടന്‍, മമ്മൂക്ക, ലാലേട്ടന്‍ എന്നിവര്‍ക്കൊക്കെ ജോഷി സാറിന്റെ ഒരുപാട് സിനിമകളില്‍ നിറഞ്ഞുനില്‍ക്കാന്‍ പറ്റി. ഞാന്‍ നീതയോട് പറയുകയായിരുന്നു, നമുക്ക് ചിലപ്പോള്‍ ജീവിതത്തില്‍ ഒരു അവസരമൊക്കെയേ കിട്ടുകയുള്ളൂ. എനിക്ക് മറിയമായിട്ട് ഇനി ഒരു സിനിമയിലും വരാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
ഒരൊറ്റ അവസരമേ കിട്ടുകയുള്ളൂ. ജോഷി സാര്‍ ആ ചിത്രം ഐക്കോണിക് ആയി എടുക്കുകയും എന്നെ പ്രസന്റ് ചെയ്യുകയും ചെയ്തു. എനിക്ക് എന്താണോ പൊറിഞ്ചു മറിയം ജോസ് സമ്മാനിച്ചത് പാപ്പന്‍ അത് സമ്മാനിക്കുന്നത് നീതക്കായിരിക്കും.
ഞാന്‍ ഈ സിനിമയുടെ ഭാഗമാണ് എന്ന് മാത്രമേ എനിക്ക് പറയാന്‍ പറ്റുകയുള്ളൂ. ഒരു സിനിമ എന്നെ വിളിച്ച് പറയുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ നോക്കുന്നത് എനിക്ക് എത്ര പെര്‍ഫോം ചെയ്യാന്‍ ഉണ്ടാകും, എത്ര സ്‌ക്രീന്‍ സ്‌പേസ് ഉണ്ടാകും എന്നൊക്കെയാവും.
പക്ഷെ ഈ സിനിമയെ കുറിച്ച് ഡേവിഡ് ഏട്ടന്‍ (നിര്‍മാതാവ് ) എന്നോട് പറഞ്ഞത് സുരേഷ് ഗോപി, നൈല ഉഷ, ജോഷി എന്ന ടാഗ് വരണമെന്നാണ്. ഞാനപ്പോള്‍ എന്റെ ലീവിനെ കുറിച്ചും അതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ചും പറഞ്ഞു.
ഡേവിഡ് ഏട്ടന്‍ ഈ കഥയൊന്ന് കേള്‍ക്കാനാണ് എന്നോട് പറഞ്ഞത്. ഷാന്‍ ( തിരക്കഥാകൃത്ത് ) എന്നെ വിളിച്ച് കഥ പറഞ്ഞു. ഈ സിനിമയില്‍ എനിക്ക് എത്ര സ്‌ക്രീന്‍ സ്‌പേസ് ഉണ്ടെന്നോ എനിക്ക് എത്ര പെര്‍ഫോം ചെയ്യാന്‍ ഉണ്ടെന്നോ ഞാന്‍ നോക്കിയില്ല. ജോഷി സാറിന്റെ സെറ്റിലേക്ക് എനിക്ക് തിരിച്ച് വരണമായിരുന്നു. അതായിരുന്നു എന്റെ മനസില്‍. ഞാന്‍ അപ്പോള്‍ തന്നെ ഓക്കേ പറഞ്ഞു,’ നൈല ഉഷ പറഞ്ഞു.
Content Highlight: Nyla Usha says that she was not conscious about the screen space in the movie paappan, it’s happend because of Joshy