മരണം
Discourse
മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th December 2012, 7:40 am

നിരീശ്വരവാദികളെ ചുട്ടുപഴുപ്പിക്കാന്‍ നരകവും. എല്ലാ നിരീശ്വരവാദികളും പൊള്ളിച്ചീര്‍ത്ത ശരീരവുമായി നരകത്തില്‍ തെണ്ടിനടക്കുന്നൊരു കാലം വരും. നോക്കിക്കോ. നിരീശ്വരവാദികള്‍ക്ക് പേടിയുണ്ടെങ്കില്‍ എല്ലാവരും ആത്മീയവാദികളായി മാറട്ടെ…


ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍

എഴുത്തിന് നിരവധി തലങ്ങളുണ്ട്. പ്രണയത്തെക്കുറിച്ചെഴുതുക എന്നാല്‍ മനസ്സിലൊരു മഴപെയ്യുന്നതുപോലെയും ജീവിതത്തെക്കുറിച്ചെഴുതുമ്പോള്‍
മനസ്സില്‍ വെയില്‍ പരക്കുന്നതുപോലെയുമാണ് .

എന്നാല്‍ മരണത്തെക്കുറിച്ചെഴുതുമ്പോള്‍ മനസ്സില്‍ ഇരുട്ട് പരക്കാറുണ്ടോ..? ഇല്ല ! വിഹ്വലത..? അല്പം.,, പിന്നെ എന്ത് വികാരമാണ് മരണത്തെക്കുറിച്ചെഴുതുമ്പോള്‍ മനസ്സില്‍ ?ഒരുതരം നിസ്സംഗതയാണ് . എല്ലാ മനുഷ്യനിലും ഈ നിസ്സംഗതയുണ്ട് .

മരണം ഒപ്പമുണ്ടായിരിക്കുമ്പോഴും അതിനെക്കുറിച്ചുള്ള ആലോചന വളരെ കുറവാണ് . ജീവിതം അത്രമേല്‍ മനുഷ്യനെ മോഹിപ്പിക്കുന്നതിനാലാണൊ …? ആയിരിക്കാം…

എന്റെ ചെറുപ്പത്തില്‍ സന്ധ്യയ്ക്കാണ് ഞാന്‍ മരണത്തെക്കുറിച്ച് ഏറ്റവും അധികം ആലോചിച്ച് നടുങ്ങിയിരുന്നത്. സന്ധ്യയുടെ നേര്‍ത്ത മഞ്ഞ നിറത്തിന് മരണവുമായി അഭേദ്യബന്ധമുണ്ടെന്ന് ഞാന്‍ വിചാരിച്ചു.[]

വൈകുന്നേരത്ത് ആകാശം സൂര്യവിളക്ക് അണയ്ക്കാനൊരുങ്ങവേ , വീടുകളില്‍ സന്ധ്യാദീപം തെളിക്കപ്പെട്ടു.

വിടവാങ്ങുന്ന സൂര്യനോട് പൊയ്‌ക്കൊള്ളൂ ഇനി ഞങ്ങള്‍ നോക്കിക്കൊള്ളാമെന്ന് പറയുന്നതുപോലെയോ, നീ പോയാലും ഞങ്ങള്‍ക്ക് ചുക്കാണെന്നു കാണിച്ചു കൊടുക്കുന്നതോ ആവാം. സ്വര്‍ഗ്ഗത്തു നിന്നും തീ കൊണ്ടുവന്ന പ്രോമിത്യൂസിനെ മനുഷ്യന്‍ സ്മരിക്കുന്നതുമാകാം.

മരണത്തിനു ഒരേ രീതിയാണ് . സമ്പൂര്‍ണ്ണ സോഷ്യലിസം. മരിച്ചവനു ശിശുസഹജമായൊരു നിഷ്‌ക്കളങ്കതയുണ്ട്. ജീവിച്ചിരിക്കണമെന്നാര്‍ത്തി പിടിച്ചവര്‍ക്ക് മാത്രമേ ശവശരീരത്തോട് പേടിയുണ്ടാവൂ.

കണ്ണിലെ ഒരു പീലി പോലും ഒന്ന് ചിമ്മാന്‍ കഴിയാത്തത്ര നിസ്സഹായമായൊരു ശവത്തെ മനുഷ്യര്‍ എന്തിനാണ് ഭയപ്പെടുന്നത് ? ചാറൂറ്റിപ്പിഴിഞ്ഞ കരിമ്പിന്‍ ചണ്ടിപോലെ ജീവനൂറ്റിപ്പിഴിഞ്ഞ ചണ്ടി.

പലരുടേയും മരണസമയത്ത് തൊട്ടടുത്ത് ഞാന്‍ നിന്നിട്ടുണ്ട്. അവസാനം അവര്‍ നോക്കുന്ന നോട്ടം… ഈ ലോകത്തെ ഇനിയും സ്‌നേഹിച്ചു തീര്‍ന്നിട്ടില്ലാത്ത മിഴികള്‍ തുറിച്ചു വരും. ചുറ്റും നില്‍ക്കുന്ന മനുഷ്യരുടെ മുഖങ്ങളെ അവര്‍ ആര്‍ത്തിപിടിച്ചും ആലസ്യത്തോടെയും നോക്കും.

തനിക്ക് കാണാന്‍ കഴിയുന്നത്ര കാഴ്ചകളെ അവസാനം അയാള്‍ വലിച്ചെടുക്കുന്നു. അയാളുടെ മരണത്തിനു ശേഷം തലച്ചോര്‍ പിളര്‍ന്നു നോക്കിയാല്‍ ചിലപ്പോള്‍ അതിസുന്ദരമായ കാഴ്ച്ചകള്‍ കാണാന്‍ സാധിച്ചേക്കാം.

ഹൃദയം പരിശോധിച്ചാല്‍ അതില്‍ മനോഹരമായ വാക്കുകള്‍ , അയാള്‍ കേട്ട, അല്ലെങ്കില്‍ അയാള്‍ ആരോടും പറയാതെ മാറ്റിവെച്ച വാക്കുകള്‍ ഒതുങ്ങിയിരിക്കുന്നത് കാണാന്‍ പറ്റിയേക്കാം.


ആത്മാവ് എന്നത് മനുഷ്യന്റെ ചാറ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അഥവാ സത്ത്. സത്ത് പോയാല്‍ ചത്തുപോയി എന്നാവും.


വൈദ്യശാസ്ത്രം ഇപ്പോള്‍ ചോരയുടെയും മാംസത്തിന്റെയും കാഴ്ചകള്‍ക്കപ്പുറത്തേയ്ക്ക് സഞ്ചരിക്കാത്തതിനാലാണ് അതിന്റെ മനോഹാരിത ആസ്വദിക്കാന്‍ കഴിയാത്തത്. അല്ലെങ്കില്‍ അവര്‍ ഇപ്പോള്‍ ശരീരത്തിന്റെ നിരൂപകര്‍ മാത്രമാണ് ..!

ഹൃദയം ഞെട്ടുന്നത് ശരിയായല്ലെന്നും രക്തമൊഴുകുന്നത് താളത്തിലല്ലെന്നും തലച്ചോര്‍ സ്പന്ദിക്കുന്നത് ചന്ദസ്സിലല്ലെന്നും പറയുന്നവര്‍. ഡോക്ടര്‍മാര്‍ കവികളാവുന്ന കാലം വരട്ടെ… സൂചികൊണ്ടും കത്രിക കൊണ്ടും അവര്‍ നമ്മുടെ ഹൃദയത്തിലും തലച്ചോറിലും കവിതകള്‍ എഴുതട്ടെ …!

ആത്മാവ് എന്നത് മനുഷ്യന്റെ ചാറ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അഥവാ സത്ത്. സത്ത് പോയാല്‍ ചത്തുപോയി എന്നാവും.

ജീവനെ ഇന്നുവരെ ആരും കണ്ടുപിടിച്ചിട്ടില്ലെന്നതാണ് ആത്മീയവാദികള്‍ പറയുന്നത്. ഒരു ജീവന്‍ കൊടുത്തു കാണിക്കൂ എന്നവര്‍ ശാസ്ത്രത്തെ വെല്ലുവിളിക്കുന്നു.

ജീവന്‍ കണ്ടെത്തുമെന്ന ചിന്തയിലാണ് ശാസ്ത്രം. ഇപ്പോള്‍ ക്ലോണ്‍ ചെയ്ത് പുതിയ ജീവനെ സൃഷ്ടിക്കുന്നതുപോലെ ഒരിക്കല്‍ ഒരു മനുഷ്യനെ മണ്ണുകുഴച്ച് ഉണ്ടാക്കുകയും അതിന് ജീവന്‍ നല്‍കുകയും ചെയ്യുമെന്ന് ശാസ്ത്രം സ്വപ്നം കാണുന്നു.

ആ സ്വപ്നം വെറും സ്വപ്നമെന്ന് ആത്മീയവാദികള്‍ അവരെ കളിയാക്കിക്കൊണ്ടിരിക്കുന്നു.

മരണത്തോടെ എല്ലാം അവസാനിക്കുന്നുവോ..? സ്വര്‍ഗ്ഗത്തില്‍ അതി സുന്ദരമായൊരു ജീവിതം ആത്മീയവാദികളെ കാത്തിരിക്കുന്നു.

നിരീശ്വരവാദികളെ ചുട്ടുപഴുപ്പിക്കാന്‍ നരകവും. എല്ലാ നിരീശ്വരവാദികളും പൊള്ളിച്ചീര്‍ത്ത ശരീരവുമായി നരകത്തില്‍ തെണ്ടിനടക്കുന്നൊരു കാലം വരും. നോക്കിക്കോ. നിരീശ്വരവാദികള്‍ക്ക് പേടിയുണ്ടെങ്കില്‍ എല്ലാവരും ആത്മീയവാദികളായി മാറട്ടെ… ഓം ക്രീം…. കൂടോത്രം !

സയന്‍സ് മനോഹരമായി ചിലത് ചെയ്യുന്ന കാലം വരും. മരിച്ചുപോയവരെ അവര്‍ തിരിച്ചു കൊണ്ടുവരും. നമ്മള്‍ സംസാരിച്ചതും ചിന്തിച്ചതുമെല്ലാം ഇവിടെ നശിക്കാതെ നിന്നാല്‍ ഒരിക്കല്‍ പ്രപഞ്ചത്തിന്റെ തലച്ചോറില്‍ നിന്നും അവരത് തിരിച്ച് പിടിച്ചേക്കാം.

വര്‍ഷങ്ങള്‍ക്ക് മുന്നെ ജീവിച്ചിരുന്ന ആര്‍ക്കും തിരിച്ചു വരാനൊരു വഴി അവര്‍ തുറന്നേക്കാം…! ആഹാ മനോഹരമായ സ്വപ്നം എന്നല്ലേ.. അങ്ങനെയെങ്കില്‍ എന്നെ മാത്രമല്ല എന്റെ പ്രിയപ്പെട്ടവരെക്കൂടി എന്നല്ലേ നിങ്ങള്‍ പറയുന്നത്…!

എല്ലാവരും എല്ലാവര്‍ക്കും പ്രിയപ്പെട്ടിരിക്കുന്നൊരു സ്‌നേഹത്തിന്റെ ജ്യോമെട്രിക്ക് പ്രോഗ്രഷന്‍ രൂപപ്പെടുന്നതിനാല്‍ ആവശ്യമുള്ളവര്‍ക്കൊക്കെ പുനര്‍ ജനിക്കാം..:)
ഭൂമിയിലേക്ക് തിരിച്ചുവരാന്‍ കൊതിയില്ലാത്തവര്‍ വിശാലമായ പ്രപഞ്ചത്തില്‍ ഊര്‍ജ്ജമായി തെന്നിപ്പറന്ന് നടക്കും. അവര്‍ക്കിഷ്ടമുള്ള ഊര്‍ജ്ജത്തെ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും…….

എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് പറഞ്ഞവന്‍ ആരാണ് …? അവനെ നമുക്ക് പൊരിച്ച് തിന്നാം..!


“ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****”, മുന്‍ അദ്ധ്യായങ്ങള്‍:

മാര്‍ക്കേസെന്ന കമ്യൂണിസ്റ്റ് മാന്ത്രികനും ബഷീറെന്ന സൂഫി മാന്ത്രികനും

ഹവ്വാച്ചീ’സ് പെര്‍ഫോമന്‍സ്…

മരം പറയുന്നത്

പുഴയുടെ സ്വാതന്ത്ര്യസമരം….

എഴുത്തുകാരന്റെ കൈയ്യൊപ്പ്….

ഒരു ഗസല്‍ കീര്‍ത്തനം പോലെ…

മൂന്നു സ്ത്രീകള്‍

വായനയുടെ പേരയ്ക്കാസുഗന്ധം

സ്വപ്നത്തിലേക്ക് നങ്കൂരമിടുന്ന മനുഷ്യക്കപ്പല്‍

ഷെഹറസാദ് കണ്‍ ചിമ്മിയപ്പോള്‍…

കഥ കേള്‍ക്കുന്ന ഷെഹറസാദ്…

ചോദ്യം ചെയ്യപ്പെടുന്ന ഷെഹറാസാദ്..

ഹൃദയത്തില്‍ കവിതയൊഴുകിയിരുന്നവന്‍… യൂദാസ്.!

സര്‍ഗാത്മകത മുഖത്തിടിക്കുമ്പോള്‍

ക്രിസ്തുവിന്റെ കല്യാണം….

ഗാന്ധാരീ വിലാപം

കുന്തി…!

പാഞ്ചാലി…

ഓര്‍മ്മപ്പുസ്തകം !!!

ഉപജാപങ്ങളുടെ രാജകുമാരന്മാര്‍ അല്ലെങ്കില്‍ ദേവന്മാര്‍

എന്റെ കാമുകിമാരുടെ വീരചരിതങ്ങള്‍

മുറിയിലേക്ക് കടല്‍ കടന്നുവന്നപ്പോള്‍

മലമുകളിലെ ചങ്ങാതികള്‍….

ഒരു പക്ഷി പിന്നെയും പാടുന്നു….

എഴുത്തിലെ കുരു