Advertisement
Kerala News
'വന്ദേഭാരത്, കവച്, റെയില്‍വേ നിയമനം'; മറ്റൊരു ബാലസോര്‍ ആവര്‍ത്തിക്കാതിരിക്കാന്‍, ജോണ്‍ ബ്രിട്ടാസിന്റെ കുറിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 04, 06:54 am
Sunday, 4th June 2023, 12:24 pm

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനുകളുടെയും സ്റ്റേഷനുകളുടെ നവീകരണത്തിന്റെയും പേരില്‍ മേനിനടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ട്രാക്കുകളും സിഗ്‌നല്‍ സമ്പ്രദായവും ബ്രേക്കിങ് സംവിധാനവും കുറ്റമറ്റതാക്കാന്‍ പണം ചെലവിടുന്നില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താതെ കൊവിഡ് പ്രതിസന്ധി കാലത്ത് പോലും ഒരുകാലത്തും ഇല്ലാത്ത രീതിയില്‍ യാത്രക്കാരെ പിഴിയുകയാണ് റെയില്‍വേ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബാലസോര്‍ അപകടവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലായിരു ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം. ഇന്ത്യന്‍ റെയില്‍വേയുടെ സുരക്ഷാ സംവിധാനമായ കവച്, റെയില്‍വേയിലെ നിയമനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും കുറിപ്പില്‍ പറയുന്നുണ്ട്.

മറ്റൊരു ബാലസോര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രാഷ്ട്രീയ കച്ചവടം അവസാനിപ്പിച്ച് റയില്‍വേ മേഖലയുടെ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കിയുള്ള നടപടികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജോണ്‍ബ്രട്ടാസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

വന്ദേ ഭാരതിനെ മുന്‍നിര്‍ത്തിയുള്ള ആരവും ആര്‍പ്പും കണ്ട് ഇ.ശ്രീധരനെ പോലുള്ളവര്‍ ഒരു കാര്യം പറഞ്ഞുവച്ചു

”ഒരു തീവണ്ടി വേഗത കൂട്ടി ഓടിച്ചത് കൊണ്ട് നമ്മുടെ തീവണ്ടിഗതാഗത പ്രശ്‌നത്തിന് പരിഹാരം ആകുന്നില്ല. റെയില്‍വേയുടെ അടിസ്ഥാന മേഖലയിലാണ് തിരുത്തല്‍ വേണ്ടത്. ട്രാക്കുകള്‍ മാറ്റുക, അവയുടെ വളവുകള്‍ നിവര്‍ത്തുക, സിഗ്‌നലിംഗ് സംവിധാനം ആധുനികവത്കരിക്കുക തുടങ്ങിയ ജോലികള്‍ ചെയ്താല്‍ മാത്രമേ റെയില്‍വേ ഗതാഗതം സുഗമമാകൂ’

വേഗത കൂടിയ തീവണ്ടികള്‍ ഓടിക്കണമെങ്കില്‍ സമര്‍പ്പിതമായിട്ടുള്ള റെയില്‍ പാളങ്ങള്‍ വേണമെന്നുള്ളതാണ് വിദഗ്ധരുടെ അഭിപ്രായം. കേരളത്തിന്റെ കെ. റെയിലിനെ എതിര്‍ക്കുന്നവര്‍ പോലും ഇക്കാര്യം അടിവരയിടുന്നുണ്ട്. എന്നാല്‍ വന്ദേഭാരത് വന്നാല്‍ കേരളത്തിന്റെ തീവണ്ടി ഗതാഗത പ്രശ്‌നം പരിഹരിക്കുമെന്നാണ് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ പോലും പറഞ്ഞുവെച്ചത്. കേന്ദ്ര ഭരണകക്ഷിയാകട്ടെ വന്ദേഭാരതിനെ മുന്‍നിര്‍ത്തി തീവണ്ടി സ്റ്റേഷനുകള്‍ ഏറെക്കുറെ ഏറ്റെടുത്ത് വലിയ ആരവും ആര്‍പ്പുമാണ് അഴിച്ചുവിട്ടത്. ഓരോ വന്ദേഭാരത് സര്‍വീസും ആരംഭിക്കാന്‍ വേണ്ടി പ്രധാനമന്ത്രി ഓരോ ഇടങ്ങളിലും പറന്നിറങ്ങി.

അപ്പോഴും ഇന്ത്യന്‍ റെയില്‍വേയുടെ യഥാര്‍ത്ഥ പ്രതിസന്ധി എന്താണെന്ന് കേന്ദ്രസര്‍ക്കാര്‍ ആരോടും പറഞ്ഞില്ല. ഇന്ന് ഒറീസയിലെ ബാലസോറില്‍ വലിയൊരു ദുരന്തത്തിന്റെ ചിത്രം അനാവരണം ചെയ്യപ്പെടുമ്പോള്‍ നമ്മുടെ റെയില്‍വേ ഗതാഗതത്തെ ചൂഴ്ന്നു നില്‍ക്കുന്ന ആ പ്രതിസന്ധിയുടെ ചെറിയൊരു അഗ്രം മാത്രമാണ് പുറത്തേക്ക് വരുന്നത്.

യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താതെ കൊവിഡ് പ്രതിസന്ധി കാലത്ത് പോലും ഒരുകാലത്തും ഇല്ലാത്ത രീതിയില്‍ യാത്രക്കാരെ പിഴിയുകയാണ് റെയില്‍വേ ചെയ്തത്. അതിനുവേണ്ടി പല നൂതന പദ്ധതികളും അവര്‍ നടപ്പിലാക്കി. തത്ക്കാലിന് പുറത്ത് ഒരു പ്രീമിയം തത്ക്കാല്‍ കൊണ്ടുവന്നു. ക്യാന്‍സലേഷന്‍ ഇനത്തില്‍ മാത്രം വലിയൊരു തുക റെയില്‍വേ യാത്രക്കാരില്‍ നിന്നും പിഴിഞ്ഞെടുത്തു.

കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഫ്‌ലക്‌സി നിരക്ക്, തത്കാല്‍, പ്രീമിയം തത്കാല്‍ എന്നീ ഇനങ്ങളില്‍ 12,128 കോടി രൂപയാണ് റെയില്‍വേ അധികമായി സമാഹരിച്ചത്. ഫ്‌ലക്‌സിയില്‍ നിന്ന് മാത്രം 3,792 കോടി അധികവരുമാനമുണ്ടാക്കി. തത്കാലില്‍നിന്ന് 5,937 കോടിയും പ്രീമിയം തത്കാലില്‍നിന്ന് 2,399 കോടിയും വരുമാനമുണ്ടാക്കി. നികുതിക്കുമേല്‍ നികുതി എന്നപോലെ തത്കാലിനു മേല്‍ പ്രീമിയം എന്ന വിദ്യ കണ്ടെത്താന്‍ ബി.ജെ.പി സര്‍ക്കാരിനുമാത്രമേ കഴിയൂ! എന്താണ് ഫ്‌ലക്‌സി നിരക്ക് എന്നുപോലും സാധാരണ യാത്രക്കാര്‍ക്ക് അറിയില്ല.

യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് നിരക്കുകള്‍ ഉയര്‍ത്തുക എന്നുള്ള തന്ത്രത്തിന്റെ പേരാണ് ഫ്‌ലക്‌സി. സ്വകാര്യ വിമാനകമ്പനികള്‍ ഈ മാര്‍ഗം അവലംബിച്ചാണ് യാത്രക്കാരെ കൊള്ളയടിക്കുന്നത്. ഇക്കാര്യത്തില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് പറയുന്ന കേന്ദ്രം തന്നെയാണ് ഈ വിദ്യ റെയില്‍വേക്കായി കടം കൊണ്ടിട്ടുള്ളത് എന്നതാണ് ഏറെ വിരോധാഭാസം.

വന്ദേ ഭാരത് ട്രെയിനുകളുടെയും സ്റ്റേഷനുകളുടെ നവീകരണത്തിന്റെയും പേരില്‍ മേനിനടിക്കുന്ന സര്‍ക്കാര്‍ ട്രാക്കുകളും സിഗ്‌നല്‍ സമ്പ്രദായവും ബ്രേക്കിങ് സംവിധാനവും കുറ്റമറ്റതാക്കാന്‍ പണം ചെലവിടുന്നില്ല. മൊത്തം റെയില്‍വേ വിഹിതത്തിന്റെ 10 ശതമാനം മാത്രമാണ് സിഗ്നല്‍ സംവിധാനം നവീകരിക്കാന്‍ നീക്കിവയ്ക്കുന്നത്. ട്രെയിനുകള്‍ കൂട്ടിയിടിച്ചുള്ള അപകടമൊഴിവാക്കാനുള്ള ‘കവച്’ സാങ്കേതിക സംവിധാനം രാജ്യത്തെ രണ്ടു ശതമാനം ട്രാക്കില്‍മാത്രമാണുള്ളത്.
ഇതിനുപുറമെ വര്‍ഷങ്ങളായി നിയമനം നടത്താതെ തസ്തികകള്‍ ഒഴിച്ചിട്ട് ഇരിക്കുന്നത് ജീവനക്കാരിലും സമ്മര്‍ദം ചെലുത്തുന്നു. എന്‍ജിനിയര്‍മാര്‍, ടെക്നീഷ്യന്മാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍, ലോക്കോ പൈലറ്റ് എന്നിവരുടെ അടക്കം തസ്തികകളാണ് വര്‍ഷങ്ങളായി നിയമനം നടത്താതെ റെയില്‍വേ ഒഴിച്ചിട്ടിരിക്കുന്നത്. മൊത്തം അംഗീകരിച്ച 14.95 ലക്ഷം തസ്തികയുടെ 21 ശതമാനമായ 3.14 ലക്ഷം തസ്തികകളില്‍ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുകയാണ്. രാഷ്ട്രീയ കച്ചവടം അവസാനിപ്പിച്ച് റയില്‍വേ മേഖലയുടെ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കിയുള്ള നടപടികളാണ് വേണ്ടത് – മറ്റൊരു ബാലസോര്‍ ആവര്‍ത്തിക്കാതിരിക്കാന്‍.

Content Highlight: Note by John Brittas, lest we repeat another Balasore