ന്യൂദല്‍ഹി: പാര്‍ലമെന്റിനു 200മീറ്ററിനുള്ളില്‍ ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന് നേരെ വെടിവെപ്പുണ്ടായ സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന ആരോപണങ്ങള്‍ ഉയരുന്ന ന്യായീകരണവുമായി ദല്‍ഹി പൊലീസ്. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടക്കാനിരിക്കുന്ന പരിപാടിയെക്കുറിച്ച് മുന്‍കൂട്ടി തങ്ങളെ അറിയിച്ചിരുന്നില്ലെന്നാണ് ദല്‍ഹി പൊലീസ് പറയുന്നത്.
” ഈ പരിപാടിയെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഇതിനെക്കുറിച്ച് ഞങ്ങളോട് സൂചിപ്പിച്ചിരുന്നില്ല. ഈ സംഭവത്തെക്കുറിച്ച് ഞങ്ങളെ വിവരമറിയിച്ച ഉടന്‍ പൊലീസ് സ്റ്റേഷന്‍ അതിനടുത്തായതിനാല്‍ ഞങ്ങളുടെ സംഘം അവിടെയെത്തിയിരുന്നു.” ദല്‍ഹി റെയ്ഞ്ചിലെ ജോയിന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് അജയ് ചൗധരി പറഞ്ഞു.
ഉമര്‍ ഖാലിദിനൊപ്പം ചടങ്ങില്‍ പങ്കെടുത്ത മുന്‍ രാജ്യസഭാ എം.പി അന്‍വര്‍ അലിയും സുരക്ഷാ വീഴ്ചയില്‍ ആശങ്ക അറിയിച്ചു.
“ല്യൂട്ടന്‍സ് ദല്‍ഹി പോലും സുരക്ഷിതമല്ല. ഇന്ന് ഇവിടെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ഉമര്‍ ഖാലിദ് ആക്രമിക്കപ്പെട്ടു. ഇത് നമുക്കാര്‍ക്കുനേരെയും എവിടെവെച്ചും സംഭവിക്കാം.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അക്രമത്തിന്റെ രാഷ്ട്രീയമാണ് ഈ സംഭവത്തിന് ഉത്തരവാദിയെന്ന് ആക്ടിവിസ്റ്റ് ശബ്‌നം ഹശ്മി പറഞ്ഞു. ” അദ്ദേഹത്തെ കളങ്കപ്പെടുത്തുന്ന ചില മാധ്യമങ്ങള്‍ക്കൊപ്പം വിദ്വേഷത്തിന്റെ രാഷ്ട്രീയവും ഇതിന് ഉത്തരവാദിയാണ്. അധികാരത്തിലിരിക്കുന്നവര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍ സുരക്ഷാ മേഖലയില്‍ വരെ ഇത് സംഭവിക്കും.” അവര്‍ വ്യക്തമാക്കി.
കഴിഞ്ഞദിവസം അതീവ സുരക്ഷാ മേഖലയായ ദല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന് പുറത്തുവെച്ചാണ് ഉമര്‍ ഖാലിദ് ആക്രമിക്കപ്പെടുന്നത്. പാര്‍ലമെന്റില്‍ നിന്ന് ഏകദേശം ഇരുനൂറ് മീറ്റര്‍ മാത്രം അകലെയുള്ള കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ രാഷ്ട്രപതി അടക്കമുള്ളവര്‍ നിരന്തരം പരിപാടികളില്‍ പങ്കെടുക്കുന്നതാണ്. കൂടാതെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളോട് ചേര്‍ന്ന് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ഇവിടെ ആക്രമണം നടന്നത്.
അജ്ഞാതനായ അക്രമി ഖാലിദ് നിന്നിരുന്ന ചായക്കടയുടെ അരികിലെത്തി ചുറ്റുമുണ്ടായിരുന്നവരെ തള്ളിമാറ്റുകയും വെടിയുതിര്‍ക്കുകയുമായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഖാലിദ് താഴെ വീഴുകയും വെടിയേല്‍ക്കാതെ രക്ഷപ്പെടുകയുമായിരുന്നു. കൂടി നിന്നിരുന്നവര്‍ ചേര്‍ന്ന് അക്രമിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
സ്വാതന്ത്ര്യത്തിലേയ്ക്ക് ഭയപ്പെടാതെ എന്ന് പേരിട്ടുള്ള ഒരു സെമിനാറില്‍ പങ്കെടുക്കാനാണ് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ഉമര്‍ഖാലിദ് എത്തിയത്. അഡ്വ.പ്രശാന്ത് ഭൂഷണ്‍, “ദ വയര്‍” ജേര്‍ണലിസ്റ്റ് അര്‍ഫ് ഖാനും ഷെര്‍വാണി, പാര്‍ലമെന്റംഗം മനോജ് ഝാ, മുന്‍ ഐ.ജി എസ്.ആര്‍ ദരാപുരി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അമിത് സെന്‍ഗുപ്ത, ജാര്‍ഖണ്ഡില്‍ ഹൈന്ദവ തീവ്രവാദികള്‍ തല്ലിക്കൊന്ന മനുഷ്യരുടെ നീതിക്ക് വേണ്ടി വാദിക്കുന്ന അഡ്വ.ഷദാബ് അന്‍സാരി, മുന്‍ പാര്‍ലമെന്റംഗം അലി അന്‍വര്‍, ജെ.എന്‍.യുവില്‍ എ.ബി.വി.പി അക്രമത്തിന് വിധേയനായ ശേഷം കാണാതായ നജീബ് അഹ്മദിന്റെ ഉമ്മ ഫാത്തിമ നഫീസ്, രോഹിത് വെമുലയുടെ അമ്മ രാധിക വെമുല, ദല്‍ഹിക്കടുത്ത് തീവണ്ടിയില്‍ ഹൈന്ദവ തീവ്രവാദികള്‍ ആക്രമിച്ച് കൊന്ന ജുനൈദിന്റെ ഉമ്മ ഫാത്തിമ, ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ തല്ലിക്കൊന്ന അലീമുദ്ദീന്റെ ഭാര്യ മരിയം, ഹാപൂര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സമായ്ദീന്‍, മുസ്‌ലിം പെണ്‍കുട്ടിയെ പ്രണയിച്ചതിന് അവളുടെ വീട്ടുകാര്‍ കൊന്ന അങ്കിത് സക്‌സേനയുടെ പിതാവ് യശ്പാല്‍ സക്‌സേന, ഡോ.കഫീല്‍ ഖാന്‍, സോളിഡാരിറ്റി നേതാവ് പി.എം.സാലിഹ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങായിരുന്നു അത്.