മുംബൈ: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് പരാജയപ്പെട്ടതിന് പിന്നാലെ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയ്‌ക്കെതിരെ ഇംഗ്ലണ്ട് മുന്‍താരം കെവിന്‍ പീറ്റേഴ്‌സണും ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗവാസ്‌കറും.
കൂറ്റന്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ ധോണിയെപ്പോലോരു സീനിയര്‍ താരം വൈകിയിറങ്ങിയതെന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ഗവാസ്‌കര്‍ പറഞ്ഞു. സാം കുറന്‍ പുറത്തായശേഷം ഗെയ്ക് വാദിന് പകരം ധോണി ക്രീസിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും ഗവാസ്‌കര്‍ പറഞ്ഞു.
ഗെയ്ക് വാദിനെപ്പോലൊരു തുടക്കകാരനെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ ഉത്തരവാദിത്വം ഏല്‍പ്പിച്ച ധോണിയുടെ തീരുമാനം ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ.പി.എല്‍ പോലുള്ള ഒരു ടൂര്‍ണമെന്റില്‍ അധികം പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നതാണെന്ന് ഉചിതമെന്നായിരുന്നു പീറ്റേഴ്‌സണിന്റെ പരാമര്‍ശം. കളി ജയിക്കാനുള്ള അവസരം സ്വയം ഒരുക്കണമെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.
നാലോ അഞ്ചോ ഓവറുകള്‍ ബാക്കിനില്‍ക്കെയും സിംഗിളുകളിലായിരുന്നു ധോണി ശ്രദ്ധിച്ചത്. കുറച്ചെങ്കിലും ശ്രമിച്ചിരുന്നെങ്കില്‍ കളി തിരിച്ചുപിടിക്കാമായിരുന്നുവെന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞു. അവസാന ഓവറില്‍ 20 റണ്‍സ് ആയിരുന്നു ലക്ഷ്യമെങ്കില്‍ ചെന്നൈയ്ക്ക നിഷ്പ്രയാസം ജയിക്കാമായിരുന്നെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.
38 പന്തില്‍ 103 റണ്‍സ് വേണ്ടപ്പോഴാണ് ധോണി ഏഴാമനായി ക്രീസിലെത്തുന്നത്. 19-ാം ഓവര്‍ വരെ 12 പന്തില്‍ നിന്ന് ഒമ്പത് റണ്‍സാണ് ധോണി നേടിയത്.
അവസാന ഓവറില്‍ തുടര്‍ച്ചയായി മൂന്ന് സിക്‌സ് നേടിയെങ്കിലും രാജസ്ഥാന്‍ ജയം ഉറപ്പിച്ചിരുന്നു.
ആദ്യം ബാറ്റിംഗിലും പിന്നീട് വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണിന്റെ ദിവസമായിരുന്നു ഇന്നലെ. വിക്കറ്റിന് പിന്നില്‍ സഞ്ജു ഒരു സ്റ്റംപിംഗും മൂന്ന് ക്യാച്ചുമായി തിളങ്ങി.
കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈയ്ക്ക് മുരളി വിജയും ഷെയ്ന്‍ വാട്സണും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. എന്നാല്‍ ഒന്നാം വിക്കറ്റില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്ത് വാട്സണ്‍ മടങ്ങി. പിന്നാലെ മുരളി വിജയും മടങ്ങി.
ഡുപ്ലെസി 37 പന്തില്‍ 72 റണ്‍സെടുത്തു. അവസാന ഓവറില്‍ മൂന്ന് സിക്സ് പറത്തിയ ധോണി 17 പന്തില്‍ 29 റണ്‍സ് നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണിന്റേയും സ്റ്റീവ് സ്മിത്തിന്റേയും പ്രകടനമാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
സഞ്ജു 32 പന്തില്‍ 74 റണ്‍സെടുത്തു. 19 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് ഒമ്പത് സിക്സും ഒരു ഫോറുമാണ് പിറന്നത്. 47 പന്തില്‍ 69 റണ്‍സെടുത്ത് സ്മിത്ത് നാല് വീതം സിക്സും ഫോറും നേടി. ജോഫ്രാ ആര്‍ച്ചര്‍ എട്ട് പന്തില്‍ നിന്ന് നാല് സിക്സടക്കം 27 റണ്‍സ് നേടി ടീം സ്‌കോര്‍ 200 കടത്തി.
ചെന്നൈയ്ക്കായി സാം കുറന്‍ മൂന്ന് വിക്കറ്റ് നേടി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക