ഇതൊക്കെ കാണുമ്പോള്‍ ഗോദ്‌സെയ്ക്ക് സന്തോഷമാകുമെന്ന് അനന്ത്കുമാര്‍ ഹെഡ്‌ഗെ; ട്വീറ്റ് വിവാദമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം
ന്യൂദല്‍ഹി: നാഥുറാം വിനായക് ഗോദ്‌സെയെക്കുറിച്ച് ചര്‍ച്ച ഉയര്‍ന്നുവരുന്നതില്‍ സന്തോഷമുണ്ടെന്ന ട്വീറ്റ് വിവാദമായതോടെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന വിശദീകരണവുമായി കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഡ്‌ഗെ. ഗോദ്‌സെ രാജ്യസ്‌നേഹിയാണെന്ന പ്രജ്ഞ സിങ്ങിന്റെ പരാമര്‍ശത്തെ ബി.ജെ.പി തള്ളിയതിനു പിന്നാലെയാണ് അനന്ത് കുമാര്‍ ഹെഡ്‌ഗെ ഇത്തരമൊരു വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്നത്തെ തലമുറ ഗോദ്‌സെയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു അനന്ത് കുമാര്‍ ഹെഡ്‌ഗെ പറഞ്ഞത്. ഈ സംവാദത്തില്‍ നാഥുറാം വിനായഗ് ഗോദ്‌സെയ്ക്കുവരെ സന്തോഷമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ ട്വീറ്റ് സമാനമായ അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട് ബി.ജെ.പി അനുഭാവിയായ മധു കിഷ്‌വാര്‍ റീട്വീറ്റ് ചെയ്തിരുന്നു. ‘ഗോദ്‌സെയാണ് ഗാന്ധിയെ കൊന്നതെന്ന് ഉറപ്പാണ്. പക്ഷേ അദ്ദേഹം ഇടിച്ചിട്ട് ഓടിപ്പോയില്ല. കീഴടങ്ങുകയും വിചാരണ നേരിടുകയും ചെയ്യാനുള്ള ഹീറോയിക് ധീരത കാണിച്ചു. എന്തിനാണ് ഗാന്ധിയെ കൊന്നതെന്നതിന് ശക്തമായ മൊഴി നല്‍കി. കൊലപാതകത്തെ ഞാന്‍ അപലപിക്കുന്നു. പക്ഷേ ദേശസ്‌നേഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനൊപ്പം നിന്നുകൊണ്ട് പ്രതിസന്ധി ഘട്ടത്തില്‍ ഗോദ്‌സെ കാണിച്ച ധീരതയെ അഭിനന്ദിക്കുന്നു.’ എന്നായിരുന്നു മധുവിന്റെ ട്വീറ്റ്.
ഇതിനു പിന്നാലെയാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നു പറഞ്ഞ് അനന്ത്കുമാര്‍ ഹെഡ്‌ഗെ രംഗത്തുവന്നത്.
‘ഇന്നലെ മുതല്‍ എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഗാന്ധിജിയുടെ കൊലപാതകത്തെ ന്യായീകരിക്കുന്ന വിഷയമേയില്ല. ഗാന്ധിജിയുടെ കൊലയാളിയോട് യാതൊരു അനുകമ്പയുമില്ല. രാജ്യത്തിന് ഗാന്ധിജി നല്‍കിയ സംഭാവനകളോട് ഞങ്ങള്‍ക്ക് തികഞ്ഞ ആദരവാണ്.’ എന്നാണ് ഹെഡ്‌ഗെയുടെ പുതിയ ട്വീറ്റ്.
ഗോഡ്‌സെ ദേശഭക്തനാണെന്നും അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ പുനപരിശോധന നടത്തണമെന്നുമായിരുന്നു പ്രജ്ഞാ സിങിന്റെ പരാമര്‍ശം. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും പ്രജ്ഞാ സിംഗ് പറഞ്ഞു. ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്‌സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു പ്രജ്ഞാ സിങ്.
ഗോദ്‌സെ ആദ്യ ഹിന്ദു തീവ്രവാദിയെന്ന കമല്‍ഹാസന്റെ പ്രസ്താവനയോട് പ്രതികരിച്ചായിരുന്നു പ്രജ്ഞാ സിങ്ങിന്റെ പരാമര്‍ശം.
അറവകുറിച്ചി നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവേയായിരുന്നു കമല്‍ഹാസന്‍ ഹിന്ദു തീവ്രവാദത്തെക്കുറിച്ച് പറഞ്ഞത്.
‘ഇവിടെ ഒരുപാട് മുസ്ലിങ്ങള്‍ ഉണ്ടെന്നതിനാലല്ല ഞാനിതു പറയുന്നത്. ഗാന്ധിയുടെ പ്രതിമയുടെ മുമ്പില്‍വെച്ചാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദ ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോദ്സെയെന്നാണ്.’ എന്നായിരുന്നു കമല്‍ ഹാസന്റെ വാക്കുകള്‍.