കോണ്‍ഗ്രസ് സംരക്ഷിച്ചെന്ന് കരുതി സി.പി.ഐ.എം അങ്ങനെ ഒരു നിലപാടെടുക്കണ്ട; മുകേഷ് രാജിവെക്കണമെന്ന് ബൃന്ദ കാരാട്ടും സുഭാഷിണി അലിയും
Kerala News
കോണ്‍ഗ്രസ് സംരക്ഷിച്ചെന്ന് കരുതി സി.പി.ഐ.എം അങ്ങനെ ഒരു നിലപാടെടുക്കണ്ട; മുകേഷ് രാജിവെക്കണമെന്ന് ബൃന്ദ കാരാട്ടും സുഭാഷിണി അലിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th August 2024, 11:57 am

കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനെതിരായ ലൈംഗികാതിക്രമ കേസിന് പിന്നാലെ മുകേഷിനെ സംരക്ഷിക്കരുതെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം കേന്ദ്ര നേതൃത്വം. സി.പി.ഐ.എം പോളിറ്റ് ബ്യുറോ അംഗങ്ങളായ ബൃന്ദ കാരാട്ടും സുഭാഷിണി അലിയുമാണ് നിലപാട് വ്യക്തമാക്കി മുന്നോട്ടെത്തിയിരിക്കുന്നത്.
പാർട്ടിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ പാർട്ടി നിലപാട് വ്യക്തമാക്കുന്ന കോളത്തിൽ എഴുതിയ ലേഖനത്തിലൂടെയാണ് ബൃന്ദ കാരാട്ട് തന്റെ നിലപാട് വ്യക്തമാക്കിയത്.

ഹിന്ദിയിലുള്ള ഒരു പഴഞ്ചൊല്ല് ആവർത്തിച്ചുകൊണ്ട് ബൃന്ദ മുകേഷിനെതിരെ പ്രതികരിച്ചു. ബലാത്സംഗക്കേസ് പ്രതികളായ രണ്ട്
എം.എൽ.എമാരെ പാർട്ടിയിൽ തുടരാൻ കോൺഗ്രസ് അനുവദിച്ചിരുന്നു. എന്നാൽ സി.പി.ഐ.എമ്മിന് ആ നിലപാടല്ലെന്നും നിങ്ങൾ ചെയ്താൽ ഞങ്ങളും ചെയ്യും എന്ന രീതി തങ്ങളുടെ പാർട്ടിയിൽ ഇല്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

‘ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വന്ന ആരോപണങ്ങളിൽ സി.പി.ഐ.എം എം.എൽ.എ ആയ മുകേഷിനെതിരെയും കേസ് എടുത്തിട്ടുണ്ട്. കോൺഗ്രസ് പാർട്ടി ബലാത്സംഗ കേസിലെ പ്രതികളെ തങ്ങളുടെ പാർട്ടിയിൽ നിലനിർത്തുന്നു. നിങ്ങൾ ചെയ്താൽ ഞങ്ങളും ചെയ്യും എന്നൊരു പഴഞ്ചൊല്ല് ഉണ്ട്. എന്നാൽ സി.പി.ഐ.എം പാർട്ടിക്ക് ആ നിലപാട് അല്ല ഉള്ളത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ മലയാള സിനിമാ വ്യവസായത്തിലെ നീതിക്കുവേണ്ടിയുള്ള ധീരമായ പോരാട്ടത്തിൽ സർക്കാരും സമൂഹവും തങ്ങൾക്കൊപ്പമുണ്ടെന്ന ആത്മവിശ്വാസം സ്ത്രീകൾക്കുണ്ടാകണം. ഇത് വ്യവസായത്തിനുള്ളിലെ തുല്യ അവകാശങ്ങൾക്ക് വേണ്ടികൂടിയുള്ള സമരമാണ്. ഇതിന് എല്ലാവരുടെയും പങ്കാളിത്തം ആവശ്യമാണ്,’ ബൃന്ദ കാരാട്ട് കുറിച്ചു.

മുകേഷിനെ സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് പുറത്താക്കുകയാണ് ആദ്യം വേണ്ടതെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യുറോ അംഗമായ സുഭാഷിണി അലി പ്രതികരിച്ചു.

‘ആദ്യം മുകേഷിനെ സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് പുറത്താക്കുകയാണ് വേണ്ടത്. മുകേഷ് കൂടി ഉൾപ്പെട്ട കേസിലെ നയരൂപീകരണ സമിതിയിൽ അദ്ദേഹം ഉണ്ടാകുന്നത് കേസിനെ സാരമായി ബാധിക്കും. മുകേഷിന് കേസിന്റെ സുതാര്യമായ അന്വേഷണത്തെ സ്വാധീനിക്കാൻ കഴിയും. കോൺഗ്രസ് പാർട്ടിയിൽ ബലാത്സംഗ കുറ്റം ചെയ്ത എം.എൽ.എമാർ ഉണ്ട്. ബി.ജെ.പിയാകട്ടെ ഗുജറാത്തിലെ ബലാത്സംഗ കുറ്റവാളികൾക്ക് ഇളവ് കൊടുത്തു. എന്നാൽ സി.പി.ഐ.എം അത്തരത്തിലുള്ള പാർട്ടി അല്ല. മുകേഷിനെതിരെ ഒരു കുറ്റാരോപണം ഉണ്ടായിട്ടുണ്ട്. അതിൽ കേസ് എടുത്തിട്ടും ഉണ്ട്. തുടർന്ന് സുതാര്യമായ രീതിയിൽ അന്വേഷണം നടക്കണം,’ സുഭാഷിണി അലി പറഞ്ഞു.

 

Content Highlight: No need for ‘If you did it, so will we’: Brenda Karat and Subhashini Ali against Mukesh