വിധികളില്‍ സദാചാര പ്രസംഗം വേണ്ട; ആര്‍.എസ്.എസുകാരനാണെന്ന് വെളിപ്പെടുത്തിയ ജഡ്ജിയുടെ വിധി റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി
national news
വിധികളില്‍ സദാചാര പ്രസംഗം വേണ്ട; ആര്‍.എസ്.എസുകാരനാണെന്ന് വെളിപ്പെടുത്തിയ ജഡ്ജിയുടെ വിധി റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd August 2024, 8:14 am

ന്യൂദല്‍ഹി: കോടതി വിധികളില്‍ അനാവശ്യമായ സദാചാര പ്രസംഗങ്ങള്‍ വേണ്ടെന്ന് സുപ്രീം കോടതി. ജഡ്ജിമാരുടെ വ്യക്തിപരമായ അഭിപ്രായങ്ങളും കേസുമായി ബന്ധപ്പെട്ട കക്ഷികളേയോ പൊതു സമൂഹത്തെയോ ഉപദേശിക്കുന്ന തരത്തിലുള്ള പരമാര്‍ശങ്ങളും വിധികളില്‍ നിന്ന് പരമാവധി ഒഴിവാക്കുന്നതാണ് ഉചിതമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

കൗമാരക്കാരായ പെണ്‍കുട്ടികള്‍ ലൈംഗികാസക്തി നിയന്ത്രിക്കണമെന്നതുള്‍പ്പടെയുള്ള വിവാദ പരാമര്‍ശങ്ങളടങ്ങിയ കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള വിധിന്യായത്തിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ജസ്റ്റിസ് അഭയ് എസ്. ഓഖ, ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

കോടതി വിധികള്‍ സാഹിത്യ സൃഷ്ടികളോ പ്രബന്ധങ്ങളോ അല്ലെന്നും കോടതി നിരീക്ഷിച്ചു. ലളിതമായ ഭാഷയില്‍ വേണം വിധികള്‍ തയ്യാറാക്കാന്‍. നിലവാരമുള്ള വിധിന്യായങ്ങളുടെ പ്രധാന സവിശേഷത എന്നുപറയുന്നത് മിതത്വമാണ്.

കേസുകള്‍ തീര്‍പ്പാക്കലാണ് ജഡ്ജിയുടെ ചുമതല. വിധിന്യായങ്ങളില്‍ അപ്രസക്തവും അനാവശ്യവുമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതില്ല. അനാവശ്യമായ സദാചാര പ്രസംഗങ്ങളും കോടതി വിധികളില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ശിക്ഷാവിധി ചോദ്യം ചെയ്ത് കൊണ്ടുള്ള അപ്പീലുകള്‍ പരിഗണിക്കുമ്പോള്‍ പുറത്തിറക്കുന്ന വിധിന്യായങ്ങളുടെ ഘടന സംബന്ധിച്ചും നിര്‍ണായകമായ ചില മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നലെ സുപ്രീം കോടതി പുറത്തിറക്കിയിട്ടുണ്ട്.

വസ്തുതകളുടെ സംക്ഷിപ്ത വിവരം, തെളിവുകളുടെ സ്വഭാവം, വാദങ്ങള്‍, കോടതിയുടെ വിലയിരുത്തല്‍, ശിക്ഷാവിധി റദ്ദാക്കുകയാണെങ്കില്‍ അതിനുള്ള കാരണങ്ങള്‍, ശരിവെക്കുന്നതാണെങ്കില്‍ അതിനുള്ള കാരണങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് അപ്പീലുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പുറത്തിറിക്കുന്ന വിധിന്യായങ്ങളില്‍ ഉണ്ടാകേണ്ടതെന്നും കോടതി പറഞ്ഞു.

കേസിലെ കക്ഷികളുടെ പെരുമാറ്റത്തെക്കുറിച്ചും സ്വഭാവത്തെ കുറിച്ചുമുള്ള നിരീക്ഷണങ്ങള്‍ ജഡ്ജിക്ക് നടത്താമെങ്കിലും കേസുമായി അവയ്ക്ക് വിധിനിര്‍ണയവുമായി നേരിട്ട് ബന്ധമുണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു. പരാമര്‍ശങ്ങള്‍ക്ക് കാരണമായ കല്‍ക്കട്ട ഹൈക്കോടതി വിധിയെയും സുപ്രീം കോടതി വിമര്‍ശിച്ചു.

പോക്‌സോ കേസിലെ പ്രതിയെ മോചിപ്പിച്ച് കൊണ്ട് കല്‍കട്ട ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഞെട്ടിപ്പിക്കുന്നതും വിചിത്രവും താന്തോന്നിത്തവുമാണെന്നും കോടതി വിമര്‍ശിച്ചു. ഈ വിധിയിലെ നിരീക്ഷണങ്ങള്‍ക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

കുറ്റവാളിയുടെയും അതീജീവിതയുടെയും ബന്ധുക്കള്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയതിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളിയെ വെറുതെ വിട്ട കല്‍ക്കട്ട ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. 14 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 25 കാരനെ വെറുതെ വിട്ട വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.

2023 ഒക്ടോബറിലാണ് കല്‍ക്കട്ട ഹൈക്കോടതിയിലെ ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ്, പാര്‍ത്ഥ സാരഥി സെന്‍ എന്നിവരടങ്ങിയ ബെഞ്ച് പോക്‌സോ കേസിലെ കുറ്റവാളിയെ വെറുതെ വിട്ട് വിധി പുറപ്പെടുവിച്ചത്. ഇതില്‍ ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ് താന്‍ ആര്‍.എസ്.എസുകാരനാണെന്ന് വിടവാങ്ങല്‍ പ്രസംഗത്തല്‍ പറഞ്ഞിരുന്നു.

content highlights: No moralizing in judgments; Supreme Court overturning the verdict of the judge who was revealed to be an RSS member