Advertisement
Kerala
സി.പി ജോണിനോട് സമവായമില്ലെന്നും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണമെന്നും അരവിന്ദാക്ഷന്‍ വിഭാഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jan 14, 10:51 am
Tuesday, 14th January 2014, 4:21 pm

[] കണ്ണൂര്‍: സി.പി ജോണിനോട് സമവായത്തിനില്ലെന്ന് അരവിന്ദാക്ഷന്‍ വിഭാഗം യോഗത്തിന്റെ തീരുമാനം. സി.പി ജോണും സി.എ അജീറും പാര്‍ട്ടിക്ക് വിധേയരാകണമെന്ന നിലപാട് നാളത്തെ ചര്‍ച്ചയില്‍ ഉന്നയിക്കുമെന്നും എം.വി രാഘവന്റെ വീട്ടില്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനമായി.

എം.വി രാഘവന്റെ അനാരോഗ്യത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന കെ.ആര്‍ അരവിന്ദാക്ഷന്‍ തത്സ്ഥാനത്ത് തുടരുന്നതിനും സി.എം.പി പോളിറ്റ് ബ്യൂറോ തീരുമാനിച്ചു.

ഘടകക്ഷി സസ്‌പെന്‍ഡ് ചെയ്തവരെ തിരിച്ചെടുക്കണമെന്ന് പറയാന്‍ ഒരു മുന്നണിക്കും അവകാശമില്ല. എ.വി ആറിന്റെ കുടുംബാംഗങ്ങളില്‍ മൂത്ത മകന്‍ ഗിരീഷ്‌കുമാര്‍ ഒഴികെയുള്ളവരെല്ലാം തങ്ങള്‍ക്കൊപ്പമാണെന്നും അരവിന്ദാക്ഷന്‍ വിഭാഗം വ്യക്തമാക്കി.

ജോണും കൂട്ടരും എം.വി.ആറിന്റെ വീട്ടില്‍ യോഗം ചേരാന്‍ വന്നാല്‍ കുടുംബങ്ങള്‍ ചൂലെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.

എം.വി.ആറിനൊപ്പം യു.ഡി.എഫില്‍ ഉറച്ചുനില്‍ക്കാനും അടുത്ത മാസം രണ്ടിന് തൃശൂരില്‍ വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കാനും യോഗത്തില്‍ തീരുമാനമായി.

പാപ്പിനിശ്ശേരി വിഷ ചികിത്സാ കേന്ദ്രത്തെ സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ പാര്‍ട്ടി  ഇടപെടേണ്ടെന്നും തീരുമാനമായി. വിഷചികിത്സാ കേന്ദ്രത്തിന്റെ ആക്ടിങ് ചെയര്‍മാനായി എം.വി ഗിരീഷ് കുമാര്‍ തന്നെ തുടരും.