Advertisement
Entertainment news
'ഗള്‍ഫിലെ റോഡുകളില്‍ കുഴിയുണ്ടോ?' ന്നാ താന്‍ കേസ് കൊട് ജി.സി.സി റിലീസ് പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 16, 02:48 am
Tuesday, 16th August 2022, 8:18 am

കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തില്‍ എത്തി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ തിയേറ്ററില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

റിലീസിന്റെ അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സിനിമ ജി.സി.സി റിലീസിന്
ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ കൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഓഗസ്റ്റ് 18 മുതലാണ് ചിത്രം ജി.സി.സി രാജ്യങ്ങളില്‍ റിലീസ് ചെയ്യുക. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

‘ജി.സി.സി റിലീസിന് ന്നാ താന്‍ കേസ് കൊട് എത്തുമ്പോള്‍ കൊഴുമ്മല്‍ രാജീവനും, ദേവിയും നിര്‍മാതാവ് സന്തോഷ് ജി കുരുവിളയും ഈ ആഘോഷ വേളയില്‍ പങ്കുചേരാന്‍ ആ?ഗ്രഹിക്കുന്നു.

ദുബായിലെ ദെയ്‌റ സിറ്റി സെന്റര്‍, വോക്‌സ് മാക്‌സ് വണ്ണില്‍ ഓഗസ്റ്റ് 18 വ്യാഴാഴ്ച്ച വൈകിട്ട് 7:45നുള്ള ഷോയ്ക്ക് നിങ്ങളോടൊപ്പം ഞങ്ങളും ഉണ്ടാകും’ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

ചിത്രം അഞ്ച് ദിവസം കൊണ്ട് തന്നെ മികച്ച കളക്ഷനാണ് സ്വന്തമാക്കിയത്. ഫാമിലി പ്രേക്ഷകരും യൂത്തും ഒരുപോലെ ചിത്രത്തെ ഏറ്റെടുത്ത് കഴിഞ്ഞു. ഗായത്രി ശങ്കറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിനിമയിലെ നടി നടന്മാരുടെ പ്രകടനം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചയായിരുന്നു.


ബേസില്‍ ജോസഫ്, ഉണ്ണിമായ, രാജേഷ് മാധവന്‍ എന്നിവരും ഒപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തുവന്ന ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തിന്റെ തിയേറ്റര്‍ പോസ്റ്ററുമായി ബന്ധപ്പെട്ടും വിവാദങ്ങളുണ്ടായിരുന്നു. ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്നായിരുന്നു പോസ്റ്ററിലെ ക്യാപ്ഷന്‍.

ഇതിനെതിരെയാണ് ഇടത് പ്രൊഫൈലുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നത്. പിന്നാലെ ചിത്രം ബഹിഷ്‌കരിക്കണമെന്നതുള്‍പ്പെടെയുള്ള സൈബര്‍ അറ്റാക്കും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.

Content Highlight: Nna Thaan Case Kodu Movie GCC Release Announced