വിനീത് നിതിന്‍ മോളിയെ കുറിച്ച് പറഞ്ഞപ്പോള്‍ 'പൊന്ന് വിനീതേ എനിക്കങ്ങനെ തോന്നുന്നില്ല' എന്നായിരുന്നു എന്റെ മറുപടി: നിവിന്‍ പോളി
Entertainment
വിനീത് നിതിന്‍ മോളിയെ കുറിച്ച് പറഞ്ഞപ്പോള്‍ 'പൊന്ന് വിനീതേ എനിക്കങ്ങനെ തോന്നുന്നില്ല' എന്നായിരുന്നു എന്റെ മറുപടി: നിവിന്‍ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th May 2024, 6:45 pm

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ എത്തിയ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ താന്‍ ഒരുപാട് കണ്‍ഫ്യൂസ്ഡായിരുന്നു എന്ന് പറയുകയാണ് നിവിന്‍ പോളി. പ്രേക്ഷകര്‍ ആ സിനിമ എങ്ങനെയെടുക്കും എന്നതായിരുന്നു തന്റെ സംശയമെന്നാണ് താരം പറയുന്നത്.

എന്നാല്‍ സംവിധായകനായ വിനീത് ശ്രീനിവാസന് വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ തന്റെ നിതിന്‍ മോളിയെന്ന കഥാപാത്രത്തില്‍ ഒരുപാട് കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നെന്നും താരം പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ മലയാളി ഫ്രം ഇന്ത്യയുടെ പ്രൊമോഷന്റെ ഭാഗമായി ഫ്‌ളവേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിവിന്‍.

നിതിന്‍ മോളിയെന്ന തന്റെ കഥാപാത്രം ഇങ്ങനെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നിവിന്‍ അഭിമുഖത്തില്‍ പറയുന്നു. ആ സിനിമ പുറത്തുവന്നാല്‍ പ്രേക്ഷകര്‍ തന്നെ കുറിച്ച് മറ്റൊരു രീതിയിലാകും സംസാരിക്കുകയെന്ന് വിനീത് പറഞ്ഞിരുന്നുവെന്നും താരം പറഞ്ഞു.

‘സിനിമയില്‍ എന്നെ കൈപിടിച്ചുയര്‍ത്തിയതും സപ്പോര്‍ട്ട് ആയി നിന്നതുമായ ആ വ്യക്തി വിനീത് ആണ്. ആദ്യ സിനിമ നല്‍കി, പിന്നീട് തുടര്‍ച്ചയായി നല്ല നല്ല പടങ്ങള്‍ തന്നു. ഞങ്ങളുടെ കോമ്പിനേഷനില്‍ വന്ന എല്ലാ പടങ്ങളും വര്‍ക്കായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കില്‍ പോലും, ആ സിനിമയില്‍ ഞാന്‍ കണ്‍ഫ്യൂസ്ഡായിരുന്നു.

ആളുകള്‍ ആ സിനിമ എങ്ങനെയെടുക്കും എന്നതായിരുന്നു എന്റെ സംശയം. പക്ഷേ വിനീതിന് ആ സിനിമയില്‍ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. ആ കഥാപാത്രം ഇങ്ങനെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പടം കഴിഞ്ഞാല്‍ ആളുകള്‍ നിന്നെ കുറിച്ച് വേറെ രീതിയിലാകും സംസാരിക്കുന്നതെന്ന് വിനീത് പറഞ്ഞിരുന്നു.

മറുപടിയായി ഞാന്‍ പറഞ്ഞത്, എന്റെ പൊന്ന് വിനീതേ എനിക്ക് അങ്ങനെയൊന്നും തോന്നുന്നില്ല എന്നായിരുന്നു. ജസ്റ്റ് ഒരു ഗസ്റ്റ് അപ്പിയറന്‍സ് മാത്രമാകും എന്നും ഞാന്‍ പറഞ്ഞു. വിനീതിന് സത്യത്തില്‍ ആ കഥാപാത്രം ആരെ വെച്ചും ചെയ്യാമായിരുന്നു. അതുകൊണ്ടാണ് എന്നെ കൈപിടിച്ചുയര്‍ത്തിയത് അവനാണെന്ന് ഞാന്‍ പറയുന്നത്,’ നിവിന്‍ പോളി പറഞ്ഞു.


Content Highlight: Nivin Pauly Talks About Varshangalkku Shesham And Vineeth Sreenivasan