റിഷബ് പന്ത് കയ്യടക്കിവെച്ച കോട്ടയിലേക്ക് ഹൈദരബാദിന്റെ പുലി; രാജസ്ഥാനെ അടിച്ച് നേടിയത് തകര്‍പ്പന്‍ നേട്ടം
Sports News
റിഷബ് പന്ത് കയ്യടക്കിവെച്ച കോട്ടയിലേക്ക് ഹൈദരബാദിന്റെ പുലി; രാജസ്ഥാനെ അടിച്ച് നേടിയത് തകര്‍പ്പന്‍ നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd May 2024, 10:52 am

2024 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് രണ്ടാം തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒരു റണ്‍സിനാണ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്.

ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് ആണ് നേടിയത്. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.

ഇന്നിങ്‌സിന്റെ അവസാന പന്തില്‍ ഒരു റണ്‍സ് വിജയിക്കാന്‍ വേണ്ടപ്പോള്‍ വിന്‍ഡീസ് താരം റോവ്മന്‍ പവലിന് നേരെ ഭുവനേശ്വര്‍ കുമാര്‍ ഒരു ലോ ഫുള്‍ട്ടോസ് എറിയുകയായിരുന്നു. എന്നാല്‍ എല്‍.ബി.ഡബ്ലിയു കുരുക്കില്‍ വിക്കറ്റ് നഷ്ടമായാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സിനായി നിതീഷ് കുമാര്‍ റെഡ്ഡി 42 പന്തില്‍ പുറത്താവാതെ 76 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. മൂന്ന് ഫോറുകളും എട്ട് സിക്സുമാണ് താരം നേടിയത്. ഇതോടെ ഒരു കിടിലന്‍ റെക്കോഡും താരത്തിന് സ്വന്തമാക്കാന്‍ സാധിച്ചിരിക്കുകയാണ്.

20 വയസില്‍ ഐ.പി.എല്ലിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന രണ്ടാം താരം എന്ന നേട്ടമാണ് നിതീഷ് സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ റിഷബ് പന്താണ് മുന്നില്‍.

20 വയസില്‍ ഐ.പി.എല്ലിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം, സിക്‌സ്, എതിരാളികള്‍, വര്‍ഷം എന്ന ക്രമത്തില്‍

റിഷബ് പന്ത് – 9 – ഗുജറാത്ത് – 2017

നിതീഷ് കുമാര്‍ റെഡ്ഡി – 8*- രാജസ്ഥാന്‍ – 2024

റിഷബ് പന്ത് – 7 – ബെംഗളൂരു – 2018

റിഷബ് പന്ത് – 7 – ഹൈദരബാദ് – 2018

നിതീഷിന് പുറമെ 44 പന്തില്‍ 56 റണ്‍സ് നേടിയ ട്രാവിസ് ഹെഡും 19 പന്തില്‍ 42 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസനും നിര്‍ണായകമായി.

ഹൈദരാബാദ് ബൗളിങ്ങില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് ഭുവനേശ്വര്‍ കുമാര്‍ നടത്തിയത്. രാജസ്ഥാന്റെ ബാറ്റിങ്ങില്‍ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്ലറിനെ പുറത്താക്കിയാണ് ഭുവനേശ്വര്‍ വിക്കറ്റ് വേട്ട തുടങ്ങിയത്.

ഭുവനേശ്വറിന്റെ പന്തില്‍ മാര്‍ക്കോ ജാന്‍സന് ക്യാച്ച് നല്‍കിയാണ് ബട്ലര്‍ മടങ്ങിയത്. അഞ്ചാം പന്തില്‍ നായകന്‍ സഞ്ജു സംസണിനെ ക്ലീന്‍ ബൗള്‍ഡ് ആക്കി ഭുവനേശ്വര്‍ രണ്ടാം വിക്കറ്റും സ്വന്തമാക്കി. ഭുവനേശ്വര്‍ കുമാറിന് പുറമെ നായകന്‍ പാറ്റ് കമ്മിന്‍സ്, ജയ്ദേവ് ഉനത്കട്ട് എന്നിവര്‍ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

രാജസ്ഥാന്‍ ബാറ്റിങ്ങില്‍ ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍ 40 പന്തില്‍ 67 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഏഴ് ഫോറുകളും രണ്ട് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 49 പന്തില്‍ 77 നേടിയ റിയാന്‍ പരാഗും നിര്‍ണായകമായി. എട്ട് ഫോറുകളും നാല് സിക്സുകളുമാണ് പരാഗ് അടിച്ചെടുത്തത്.

 

Content Highlight: Nitish Kumar Reddy In Record Achievement