ന്യൂദല്‍ഹി: അടുത്തകാലത്തൊന്നും താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ താന്‍ പറഞ്ഞ വാക്കുകള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകായിരുന്നെന്നും നിതീഷ് പറഞ്ഞു.
ഇത് തന്റെ അവസാന തെരഞ്ഞെടുപ്പാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു നിതീഷ് പ്രചാരണം നടത്തിയിരുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ദിവസമായിരുന്നു ഇത് തന്റെ അവസാനത്തെ തെരഞ്ഞെടുപ്പ് ആണെന്ന നിതീഷിന്റെ പ്രഖ്യാപനം.
നാളെ കഴിഞ്ഞാല്‍ വോട്ടെടുപ്പ് ഇതെന്റെ അവസാന തെരഞ്ഞെടുപ്പാണ്. എല്ലാം നല്ലതാണ്, അന്ത്യവും ശുഭമായിരിക്കട്ടെ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇത് നിഷേധിച്ചുകൊണ്ടാണ് നിതീഷ് കുമാര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
‘ഞാന്‍ വിരമിക്കലിനെക്കുറിച്ച് സംസാരിച്ചിട്ടില്ല … എല്ലാ തെരഞ്ഞെടുപ്പിലും അവസാന റാലിയില്‍ ഞാന്‍ എല്ലായ്പ്പോഴും ഒരേ കാര്യം പറയാറുണ്ട് എല്ലാം നന്നായി അവസാനിക്കുമെന്ന്. നിങ്ങള്‍ പ്രസംഗം ശ്രദ്ധിച്ചാല്‍ എല്ലാം വ്യക്തമാകും, ” എ.എന്‍.ഐയോട് നിതീഷ് പറഞ്ഞു.
എന്‍.ഡി.എയുടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയായിരിക്കും എന്ന് ബി.ജെ.പി ഉറപ്പിച്ച് പറഞ്ഞതിന് പിന്നാലെയാണ് നിതീഷിന്റെ പ്രതികരണം.
കേവല ഭൂരിപക്ഷത്തിനാവശ്യമായ 122 സീറ്റുകള്‍ മറികടന്നാണ് ബീഹാര്‍ എന്‍.ഡി.എ സഖ്യം അധികാരം നിലനിര്‍ത്തിയത് 125 സീറ്റുകളിലാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ വിജയിച്ചത്. ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന മഹാഗദ്ബന്ധന്‍ 110 സീറ്റുകള്‍ നേടി.
എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ അപ്രസക്തമാക്കിയാണ് എന്‍.ഡി.എ വിജയം സ്വന്തമാക്കിയത്. മഹാഗദ്ബന്ധന്‍ വിജയിക്കുമെന്നായിരുന്നു എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ നാലിനാണ് അവസാന മണ്ഡലത്തിലെയും വോട്ടെണ്ണല്‍ തീര്‍ന്നത്.
75 സീറ്റ് നേടിയ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞ തവണ 80 സീറ്റാണ് ആര്‍.ജെ.ഡി നേടിയിരുന്നത്. തൊട്ടുപിന്നില്‍ 74 സീറ്റുമായി ബി.ജെ.പി വലിയ രണ്ടാമത്തെ കക്ഷിയായി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെ.ഡി.യു 43 സീറ്റുകളിലൊതുങ്ങി. ഭരണം നിലനിര്‍ത്തിയെങ്കിലും രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് ജെ.ഡി.യു നേരിട്ടത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക