Entertainment
ഇനിയൊരിക്കലും റൊമാന്റിക് സിനിമ ചെയ്യില്ലെന്ന് ആ മലയാള നടന്‍; എനിക്ക് അയാളുടെ കൂടെ അഭിനയിക്കാന്‍ ഇഷ്ടമാണ്: നിത്യ മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 24, 05:07 am
Sunday, 24th November 2024, 10:37 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോന്‍. തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടാന്‍ നടിക്ക് എളുപ്പത്തില്‍ തന്നെ സാധിച്ചിരുന്നു.

ബാലതാരമായി സിനിമാ മേഖലയില്‍ എത്തിയ നിത്യ 2008ല്‍ കെ.പി. കുമാരന്‍ സംവിധാനം ചെയ്ത ആകാശഗോപുരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ലീഡ് റോളില്‍ എത്തുന്നത്.

അതിനുശേഷം നിരവധി സിനിമകളുടെ ഭാഗമാകാന്‍ നിത്യ മേനോന് സാധിച്ചിരുന്നു. നിത്യയുടെ മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നാണ് ഉസ്താദ് ഹോട്ടല്‍. ആ സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു നായകന്‍.

ഓക്കെ കണ്‍മണി, 100 ഡേയ്‌സ് ഓഫ് ലവ് തുടങ്ങിയ സിനിമകളിലും നിത്യയും ദുല്‍ഖറും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇപ്പോള്‍ തനിക്ക് ദുല്‍ഖര്‍ സല്‍മാന്റെ കൂടെ ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് പറയുകയാണ് നിത്യ മേനോന്‍. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘എനിക്ക് ദുല്‍ഖര്‍ സല്‍മാന്റെ കൂടെ ഒരു സിനിമ ചെയ്യണമെന്നുണ്ട്. ഞങ്ങള്‍ എപ്പോഴും മെസേജ് അയക്കാറില്ല. ചിലപ്പോഴൊക്കെ മാത്രമേ പരസ്പരം മെസേജ് അയക്കാറുള്ളൂ എന്നതാണ് സത്യം.

കാരണം നമ്മള്‍ പലപ്പോഴും ഓരോ സിനിമയുടെയും ഷൂട്ടിങ്ങുമായി തിരക്കിലാകുമല്ലോ. എങ്കിലും അതിന് ഇടയില്‍ ദുല്‍ഖര്‍ ഇടക്ക് എനിക്ക് മെസേജ് അയക്കാറുണ്ട്. പക്ഷെ വീണ്ടും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നുള്ള കാര്യം ഞാനും ദുല്‍ഖറും ഇതുവരെ സംസാരിച്ചിട്ടില്ല.

എന്നാല്‍ എനിക്ക് ദുല്‍ഖറിന്റെ കൂടെ ഒരു സിനിമയില്‍ അഭിനയിക്കണമെന്നുണ്ട്. ഇനി ദുല്‍ഖറിനെ കാണുമ്പോള്‍ ചോദിച്ചാല്‍ മതി (ചിരി). എന്നോട് ഒരിക്കല്‍ ഇനി റൊമാന്റിക് സിനിമ പിടിക്കുന്നില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ദുല്‍ഖര്‍ റൊമാന്റിക് സിനിമകള്‍ ചെയ്യുന്നത് കാണാന്‍ തന്നെ നല്ല രസമല്ലേ. എനിക്കും മറ്റുള്ളവരെ പോലെ ദുല്‍ഖറിന്റെ റൊമാന്റിക് സിനിമകള്‍ ഒരുപാട് ഇഷ്ടമാണ്.

പ്രേക്ഷകര്‍ക്കും ദുല്‍ഖറിനെ അങ്ങനെയുള്ള വേഷങ്ങളില്‍ കാണാന്‍ ഇഷ്ടമാണെന്നതാണ് സത്യം. റൊമാന്റിക് സ്‌പേസിലും നമുക്ക് വ്യത്യസ്തമായിട്ടുള്ള വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ചേക്കും. അങ്ങനെ ഒരു പടം ദുല്‍ഖറിനൊപ്പം ചെയ്യണമെന്നുണ്ട്,’ നിത്യ മേനോന്‍ പറയുന്നു.

Content Highlight: Nithya Menon Talks About Dulquer Salmaan