Entertainment
അന്ന് ലാലേട്ടനൊപ്പം അഭിനയിക്കുന്നതിനെക്കാൾ എനിക്ക് സന്തോഷം മറ്റൊന്നായിരുന്നു: നിത്യ മേനൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 24, 04:30 pm
Friday, 24th January 2025, 10:00 pm

ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് നിത്യ മേനന്‍. ബാലതാരമായി സിനിമയിലേക്കെത്തിയ നിത്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലെ പ്രകടനത്തിന് 2022ലെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും നിത്യയെ തേടിയെത്തിയിരുന്നു. മലയാളത്തിൽ ബാച്ചിലർ പാർട്ടി, ഉറുമി, ബാംഗ്ലൂർ ഡേയ്സ് , 100 ഡേയ്സ് ഓഫ് ലൗ തുടങ്ങിയ സിനിമകളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ നിത്യ മേനൻ അവതരിപ്പിച്ചിട്ടുണ്ട്.

മലയാളത്തിൽ മോഹൻലാൽ ചിത്രം ആകാശഗോപുരത്തിലാണ് നിത്യ ആദ്യമായി അഭിനയിക്കുന്നത്. സ്കൂളിൽ പഠിക്കുമ്പോഴാണ് ആ സിനിമയിൽ അവസരം ലഭിക്കുന്നതെന്നും അന്ന് മോഹൻലാലിനൊപ്പം അഭിനയിക്കുന്നതിനേക്കാൾ ലണ്ടനിൽ ഷൂട്ടിന് പോവുന്നതായിരുന്നു തന്റെ സന്തോഷമെന്നും നിത്യ പറയുന്നു. അന്ന് അഭിനയത്തേക്കാൾ ക്യാമറ പഠിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും നിത്യ കൂട്ടിച്ചേർത്തു.

‘സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് ആകാശഗോപുരത്തിലേക്ക് ഓഫർ വന്നത്. നടിയാകണമെന്നല്ല, ക്യാമറ പഠിക്കണമെന്നായിരുന്നു അന്നത്തെ മോഹം. അത്ര താത്പര്യമില്ലാതെ അഭിനയിച്ചതുകൊണ്ടാകും ലാലേട്ടനൊപ്പം അഭിനയിക്കുന്നതിനെക്കാൾ ലണ്ടനിലേക്ക് ഷൂട്ടിങ്ങിനായി പോകാമെന്നതായിരുന്നു അന്നെൻ്റെ സന്തോഷം.

പിന്നെ, അഭിനയം ഹോബി പോലെയായി. ഓരോ സിനിമ വരുമ്പോഴും വിചാരിക്കും. ഇതു കൂടി ചെയ്‌തിട്ട് നിർത്തണം. വിധി കാത്തുവച്ച നിയോഗം മറ്റൊന്നാണ്. ഒരു പോയിൻ്റിൽ വച്ച് തിരിച്ചറിഞ്ഞു ഇതാണ് കരിയറെന്ന്. അതു സംഭവിച്ചിട്ട് കുറച്ചു വർഷമേ ആയുള്ളൂ. എപ്പോഴാണ് അതെന്നു പറഞ്ഞാൽ ചിലപ്പോൾ അബദ്ധമാകും. അതുണ്ടാക്കിയ മാറ്റം എന്താണെന്നു പറയാം.

കരിയറിൽ ഇപ്പോൾ വലിയൊരു സ്വപ്നമുണ്ട്. പല ഭാഷകളിൽ, പലതരം കഥാപാത്രങ്ങൾ ചെയ്യണം. നല്ല സിനിമകളുടെ ഭാഗമാകണം. എല്ലാ കഥാപാത്രങ്ങളിലും എന്റെ കുറച്ചു രീതികൾ കൂടി ചേർക്കണം. ‘ഉസ്‌താദ് ഹോട്ടലി’ലെ സുലൈമാനിയിൽ മുഹബത്ത് ചേരുന്നതു പോലുള്ള സുഖമാണപ്പോൾ,’നിത്യ മേനോൻ പറയുന്നു.

Content Highlight: Nithya Menan About Acting Experience With Mohanlal