രാവണനുമായി താരതമ്യപ്പെടുത്തുന്നതും ആള്‍ക്കൂട്ട ആക്രമണവും നീരവ് മോദിയെ ഭയപ്പെടുത്തുന്നു: അഭിഭാഷകന്‍
national news
രാവണനുമായി താരതമ്യപ്പെടുത്തുന്നതും ആള്‍ക്കൂട്ട ആക്രമണവും നീരവ് മോദിയെ ഭയപ്പെടുത്തുന്നു: അഭിഭാഷകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st December 2018, 9:12 pm

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ വായ്പയെടുത്ത് വിദേശത്തേക്ക് കടന്ന വജ്ര വ്യാപാരി നീരവ് മോദി ഇന്ത്യയിലേക്ക് വരാന്‍ ഭയക്കുന്നത് രാവണനുമായി താരതമ്യം ചെയ്യുന്നതും ആള്‍ക്കൂട്ട ആക്രമണവും ഭയന്നാണെന്ന് അഭിഭാഷകന്‍. മുംബൈയിലെ പ്രത്യേക കോടതിയിലാണ് വിചിത്രമായ കാരണവുമായി നീരവ് മോദിയുടെ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ എത്തിയത്.

എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഭിഭാഷകന്റെ വാദം തള്ളി. സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ നീരവ് മോദിക്ക് പൊലീസില്‍ പരാതിപ്പെടാമായിരുന്നു എന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഫ്യുജിറ്റീവ് എക്കണോമിക് ഒഫന്‍ഡേഴ്‌സ് ബില്‍ പ്രകാരം നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ അപേക്ഷക്കെതിരെ പ്രത്യേക കോടതി മുമ്പാകെ വാദിക്കുകയായിരുന്നു വിജയ് അഗര്‍വാള്‍.


also read:  ആ റോഡ് ഇന്ത്യയിലല്ല, ഇന്തോനേഷ്യയില്‍; മോദിയെ അഭിനന്ദിച്ച് പ്രചരിക്കുന്ന ചിത്രം വ്യാജം


അതേസമയം, തന്റെ സമ്പത്തിനെ കുറിച്ചുള്ള രേഖകളോ, ഫയലുകളോ ഇപ്പോള്‍ കയ്യിലില്ലെന്ന് നീരവ് മോദി അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു. കേസുമായി സഹകരിക്കാന്‍ നീരവ് മോദി തയ്യാറാവുന്നില്ലെന്ന എന്‍ഫോഴ്‌സ്‌മെന്റ് ആരോപണവും അഭിഭാഷകന്‍ നിഷേധിച്ചു.

നിരന്തരം മെയിലുകളും സമന്‍സുകളുമയച്ചിട്ടും മറുപടി നല്‍കിയില്ലെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റിന്റെ പരാതി. എന്നാല്‍ സുരക്ഷാ ഭീഷണിമൂലമാണ് ഇന്ത്യയിലേക്ക് വരാത്തതെന്ന് എന്‍ഫോഴ്‌സ്‌മെന്റിന്റെ മെയിലുകള്‍ക്ക് മറുപടി നല്‍കിയിരുന്നുവെന്ന് വിജയ് അഗര്‍വാള്‍ പറഞ്ഞു.