കോഴിക്കോട്: പേരാമ്പ്രയില്‍ നിപ്പ വൈറസ് ബാധിച്ചവരെ പരിചരിച്ച നഴ്‌സ് വൈറസ് ബാധയേറ്റ് മരിച്ചു. താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ചെമ്പനോട സ്വദേശി ലിനിയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ഇതോടെ മരണ സംഖ്യ ഒന്‍പതായി.
സുരക്ഷ മുന്‍നിര്‍ത്തി ലിനിയുടെ മൃതദേഹം ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയില്ല. വൈറസ് പടരാതിരിക്കാന്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രി അധികൃതര്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു.
പനി മലപ്പുറത്തേക്കും വ്യാപിച്ചതായി സംശയമുണ്ട്. മലപ്പുറം ജില്ലയിലെ നാല് പേരുടെ മരണം നിപ്പാ വൈറസ് മൂലമുള്ള ഗുരുതര മസ്തിഷ്‌ക ജ്വരമെന്ന് സംശയം ബലപ്പെടുന്നു. ഇവരുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ വൈറോളജി ലാബിലേക്കയച്ചു. കോഴിക്കോട് നഗരസഭ പരിധിയിലും രോഗലക്ഷണങ്ങളുമായ ഒരാള്‍ ചികിത്സ തേടിയിട്ടുണ്ട്.
Read | നിപ്പാം വൈറസ് പ്രതിരോധിക്കാന്‍ ഏഴ് മാര്‍ഗ്ഗങ്ങള്‍
മലപ്പുറം സ്വദേശിയായ 21വയസുകാരന്‍, മൂന്നിയൂരിലെ 32വയസുകാരന്‍, ചട്ടിപ്പറമ്പിലെ 11 വയസുകാരന്‍ എന്നിവരുടെ മരണങ്ങളാണ് നിപ്പാ വൈറസ് മൂലമാണെന്ന സംശയമുയര്‍ന്നത്. തുടര്‍ന്ന് ഇവരുടെ ശരീര സ്രവങ്ങള്‍ മണിപ്പാല്‍ വൈറോളജി ലാബിലേക്കയച്ചു. അസുഖംവന്ന് രണ്ടുദിവസത്തിനകമായിരുന്നു ഇവരുടെ മരണം. ആദ്യം സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നടത്തി അത്യാസന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരാണ് മരിച്ചവരില്‍ രണ്ടുപേര്‍. ഒരാളെ മരണശേഷമാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്.
ജനത്തിനുണ്ടായ ആശങ്കയും ഭയവും പരിഹരിക്കാന്‍ ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്( 0495-2376063). ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഉള്‍പ്പടെ പനി ക്ലിനിക്ക് ആരംഭിക്കാന്‍ ഉന്നത ജില്ല കലക്ടറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമുള്ളിടത്ത് ഐസോലേഷന്‍ വാര്‍ഡുകളും തുറക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹായവും തേടിയിട്ടുണ്ട്.
അടിയന്തിര തീരുമാനങ്ങളെടുക്കാന്‍ കലക്ടര്‍, ഡി.എം.ഓ വി. ജയശ്രീ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്.