നിപ ഐസോലേഷന്‍ വാര്‍ഡ് നിശ്ചയിച്ചു, ആരോഗ്യമന്ത്രി ഉടന്‍ കോഴിക്കോട് എത്തും; ജില്ലയിലെ നിയന്ത്രണനടപടികളെ കുറിച്ച് എ.കെ. ശശീന്ദ്രന്‍
Kerala News
നിപ ഐസോലേഷന്‍ വാര്‍ഡ് നിശ്ചയിച്ചു, ആരോഗ്യമന്ത്രി ഉടന്‍ കോഴിക്കോട് എത്തും; ജില്ലയിലെ നിയന്ത്രണനടപടികളെ കുറിച്ച് എ.കെ. ശശീന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th September 2021, 9:10 am

കോഴിക്കോട്: നിപ സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നടക്കുന്ന രോഗനിയന്ത്രണ നടപടികളെയും മറ്റു ക്രമീകരണങ്ങളെയും കുറിച്ച് വിശദീകരിച്ച് കോഴിക്കോടിന്റെ ചുമതലയുള്ള മന്ത്രി എ.കെ. ശശീന്ദ്രന്‍. കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ പന്ത്രണ്ടുകാരന്‍ നിപ ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് ശക്തമായ നിയന്ത്രണനടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്നലെ വളരെ വൈകിയാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും മരിച്ച കുട്ടിക്ക് നിപയായിരുന്നെന്ന് സ്ഥിരീകരിച്ചുകൊണ്ടള്ള റിപ്പോര്‍ട്ട് വന്നതെന്നും ഉടന്‍ തന്നെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോടു നിന്നുള്ള മറ്റു മന്ത്രിമാരായ മുഹമ്മദ് റിയാസും അഹമ്മദ് ദേവര്‍കോവിലും താനും ചേര്‍ന്ന് ഉന്നതതല യോഗം നടത്തിയെന്ന ശശീന്ദ്രന്‍ അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക, രേഗത്തിന്റെ ഉറവിടം കണ്ടെത്തുക എന്നീ രണ്ട് കാര്യങ്ങള്‍ക്ക് പ്രഥമ പരിഗണനയെന്നും ശശീന്ദ്രന്‍ പറഞ്ഞു. ഉച്ചക്ക് പന്ത്രണ്ട് മണിക്ക് വീണ ജോര്‍ജ് കോഴിക്കോട് എത്തി ഉന്നതതല യോഗം നടത്തും. ഇതിന് മുന്നോടിയായി രാവിലെ ജില്ലാ ഭരണകേന്ദ്രങ്ങളും
ആരോഗ്യവകുപ്പ് പ്രതിനിധികളും ചേര്‍ന്ന് മറ്റു യോഗങ്ങള്‍ നടത്തും.

ഈ യോഗത്തില്‍ കഴിഞ്ഞ ദിവസം രാത്രി മുതലുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും നിപ നിയന്ത്രണനടപടികളുമായി ബന്ധപ്പെട്ട മാസ്റ്റര്‍ പ്ലാനിന്റെ കരട് രൂപരേഖ തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിയെത്തുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷമായിരിക്കും തുടര്‍നടപടികള്‍ നിശ്ചയിക്കുകയെന്നും ശശീന്ദ്രന്‍ പറഞ്ഞു.

2018ല്‍ നിപ വന്ന സമയത്ത് മറ്റു സാംക്രമികരോഗങ്ങള്‍ സംസ്ഥാനത്ത് ഇല്ലാതിരുന്നതിനാല്‍ ഐസൊലേഷന്‍ വാര്‍ഡും മറ്റു ക്രമീകരണങ്ങളും ഒരുക്കാന്‍ താരതമ്യേന എളുപ്പമായിരുന്നെന്നും നിലവില്‍ കൊവിഡ് പടര്‍ന്നിരിക്കുന്നത് വെല്ലുവിളിയാണെന്നും ശശീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ നേരത്തെ തന്നെ നിപയെ നേരിട്ട പരിചയമുള്ളവര്‍ കോഴിക്കോട് ആരോഗ്യവിഭാഗത്തിന്റെ വിവിധ തലങ്ങളിലുള്ളതുകൊണ്ട് ഇപ്പോള്‍ തന്നെ ക്രമീകരണങ്ങള്‍ കഴിഞ്ഞിട്ടുണ്ടെന്നും ഐസൊലേഷന്‍ വാര്‍ഡടക്കമുള്ള കാര്യങ്ങള്‍ നിശ്ചയിച്ചുകഴിഞ്ഞെന്നും ശശീന്ദ്രന്‍ പറഞ്ഞു.

ഞായറാഴ്ച രാവിലെയോടെയാണ് നിപ ബാധ സംശയിച്ച് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരന്‍ മരിക്കുന്നത്. കുട്ടി കഴിഞ്ഞ രണ്ട് ദിവസമായി വെന്റിലേറ്ററിലായിരുന്നു. സെപ്റ്റംബര്‍ ഒന്നിനാണ് കുട്ടിയെ പനിയുള്‍പ്പെടെയുള്ള രോഗ ലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനിരിക്കെ ആയിരുന്നു അന്ത്യം. വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ പൊലീസ് അടച്ചു. കുട്ടിയെ ചികിത്സിച്ച ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരേയും നിരീക്ഷണത്തിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കുട്ടിയുടെ ബന്ധുക്കളും അയല്‍ക്കാരും നിരീക്ഷണത്തിലാണ്. കുടുംബത്തില്‍ മറ്റാര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. 2018 ല്‍ കോഴിക്കോട് ജില്ലയില്‍ ആയിരുന്നു കേരളത്തില്‍ ആദ്യമായി നിപ രോഗം സ്ഥിരീകരിച്ചത്.


Content Highlight: Minister A K Saseendran about  Nipah related works in Kozhikode