മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരണപ്പെട്ട മലപ്പുറം വണ്ടൂര്‍ നടുവത്ത് സ്വദേശിയായ ഇരുപത്തിമൂന്നുകാരന്റെ മരണം നിപ്പ മൂലമാണെന്നാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ പ്രാഥമിക പരിശോധന ഫലം പോസിറ്റീവായിരുന്നെങ്കിലും ഇന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുമുള്ള പരിശോധന ഫലം വന്നതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്.
പ്രദേശത്ത് കര്‍ശനമായ നിയന്ത്രണങ്ങളും മുന്‍കരുതലുകളും ഏര്‍പ്പെടുത്തിയതായും സമ്പര്‍ക്കത്തില്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ മുന്‍കൂട്ടി തന്നെ ആരംഭിച്ചിരുന്നതായും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. മരണപ്പെട്ട യുവാവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 151 പേരുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത്. മന്ത്രി വീണ ജോര്‍ജാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രോഗം സ്ഥിരീകരിച്ചിരുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്.
ബാംഗ്ലൂരില്‍ പഠിക്കുകയായിരുന്ന വണ്ടൂര്‍ നടുവത്ത് സ്വദേശിയായ യുവാവിന്റെ മരണമാണ് ഇപ്പോള്‍ നിപ്പ കാരണമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. പനിയെ തുടര്‍ന്ന് ആദ്യം നടുവത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രോഗം കുറയാത്തതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവിടെ വെച്ചാണ് മരണം സംഭവിക്കുന്നത്. മഞ്ഞപ്പിത്തമാണ് മരണ കാരണമെന്ന് ആദ്യം സംശയിച്ചിരുന്നെങ്കിലും പരിശോധനകളില്‍ മഞ്ഞപ്പിത്തമുണ്ടായിരുന്നില്ല എന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് നിപയുമായി ബന്ധപ്പെട്ട പ്രാഥമിക പരിശോധനക്ക് സാമ്പിളുകള്‍ അയച്ചത്.
മുന്‍ കരുതലുകളുടെ ഭാഗമായി മലപ്പുറത്ത് ജില്ല കളക്ടറുടെ നേതൃത്വത്തില്‍ ഇന്നലെ തന്നെ ആരോഗ്യവകുപ്പ് ജീവനക്കാരെ പങ്കെടുപ്പിച്ചുള്ള ഓണ്‍ലൈന്‍ യോഗം ചേര്‍ന്നിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം ജില്ലയിലെ തന്നെ പാണ്ടിക്കാട് ചെമ്പ്രശ്ശേരിയില്‍ പതിനാലുകാരന്‍ നിപ്പ ബാധിച്ച് മരണപ്പെട്ടിരുന്നു.
ഇപ്പോള്‍ രോഗം സംശയിക്കുന്ന യുവാവിന്റെ നാടായ നടുവത്ത് നിന്നും 15 കിലോമീറ്റര്‍ ചൂറ്റളവിലുള്ള പ്രദേശമാണ് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നിപ്പ ബാധിച്ച് മരിച്ച വിദ്യാര്‍ത്ഥിയുടെ നാട്. എന്നാല്‍ ആ മരണം സംഭവിക്കുന്ന സമയത്ത് ഈ യുവാവ് നാട്ടിലുണ്ടായിരുന്നില്ല. എഴ് വര്‍ഷത്തിനിടയില്‍ ആറാം തവണയാണ് കേരളത്തില്‍ നിപ്പ സ്ഥിരീകരിക്കുന്നത്
content highlights: Nipah confirmed again in kerala: The test result of the youth who died in Malappuram is positive