നിങ്ങളുടെ ഫേസ്ബുക്ക് കുത്തിപ്പൊക്കലുകളില്‍ മുങ്ങി പോകുന്ന നിപാ ജാഗ്രതാ സന്ദേശങ്ങള്‍
Kerala
നിങ്ങളുടെ ഫേസ്ബുക്ക് കുത്തിപ്പൊക്കലുകളില്‍ മുങ്ങി പോകുന്ന നിപാ ജാഗ്രതാ സന്ദേശങ്ങള്‍
ഷാരോണ്‍ പ്രദീപ്‌
Tuesday, 5th June 2018, 6:47 pm

ഫേസ്ബുക്കില്‍ പഴയ പോസ്റ്റുകളും ഫോട്ടോകളും വീണ്ടും കുത്തിപൊക്കുന്ന കാലമാണ്. കൂട്ടുകാരുടെ പഴയ ഫോട്ടോകളില്‍ കമന്റിട്ട് വീണ്ടും ഉയര്‍ത്തികൊണ്ട് വന്ന് ആസ്വദിക്കുകയാണ് പലരും.

ഹോളിവുഡ് സൂപ്പര്‍ താരം വിന്‍ഡീസലിന്റെ പഴയകാല ഫോട്ടോകള്‍ ചികഞ്ഞെടുത്താണ് ഇത്തവണ മലയാളികള്‍ കുത്തിപൊക്കലുകള്‍ ആരംഭിച്ചത്. പിന്നീട് മലയാള താരങ്ങളായ
പൃഥ്വിരാജ്,മോഹന്‍ലാല്‍ എന്നിവരിലേക്ക് മാറിയെങ്കില്‍ ഇപ്പോള്‍ തങ്ങളുടെ സുഹൃത്തുക്കളുടെ ഫോട്ടോകളാണ് കമന്റിട്ട് വീണ്ടും ന്യൂസ് ഫീഡിലേക്ക് കൊണ്ട് വരുന്നത്.

എന്നാല്‍ ഈ ആസ്വാദനത്തിനിടയില്‍ നാം ഒരോരുത്തരും ശ്രദ്ധിക്കാതെ പോവുന്ന ചില കാര്യങ്ങളുണ്ട്. നമ്മുടെ ഈ നൈമിഷികമായ സന്തോഷത്തിന് വേണ്ടി പഴയ പോസ്റ്റുകള്‍ കുത്തിപൊക്കുമ്പോള്‍ അവിടെ മുങ്ങി പോവുന്ന പല പ്രധാന സന്ദേശങ്ങളുമുണ്ട്. ഗൗരവമേറിയ ചര്‍ച്ചകള്‍, ജാഗ്രതാ നിര്‍ദേശങ്ങള്‍ തുടങ്ങിയവ ന്യൂസ് ഫീഡില്‍ നിന്ന് അപ്രത്യക്ഷമാവുകയാണ്.
ഇതില്‍ പ്രധാനം നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട ജാഗ്രതാ നിര്‍ദേശങ്ങള്‍ തന്നെ. സംസ്ഥാനം അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യത്തില്‍ നിപാ വൈറസുമായി ബന്ധപ്പെട്ട വാര്‍ത്തകളും നിര്‍ദ്ദേശങ്ങളും ഈ കുത്തിപ്പൊക്കലുകള്‍ക്കിടയില്‍ വേണ്ട രീതിയില്‍ ആളുകളിലേക്ക് എത്താത്ത സാഹചര്യമുണ്ട്.

നിപാ വൈറസുമായി ബന്ധപ്പെട്ട ജാഗ്രതാ സന്ദേശങ്ങളും പ്രതിരോധ നടപടികളും ആദ്യഘട്ടം മുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ മുന്‍കൈ എടുത്ത ഡോ.ജിനേഷ് പി.എസ് തന്നെയാണ് ഇത് സംബന്ധിച്ച ബുദ്ധിമുട്ടുകള്‍ ആദ്യം ഫേസ്ബുക്കില്‍ കുറിച്ചത്.

പഴയ പോസ്റ്റുകള്‍ കുത്തിപ്പൊക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കണമെന്നും, ഇതുവഴി വിവരങ്ങള്‍ ശേഖരിക്കുന്നതിനും കൈമാറുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുവെന്നുമാണ് ഡോ.ജിനേഷ് ഫേസ്ബുക്കില്‍ കുറിച്ചത്. അനുകൂല പ്രതികരണങ്ങള്‍ ഡോ.ജിനേഷിന്റെ പോസ്റ്റിനോട് പലരും കമന്റുകളിലൂടെയും ഷെയറുകളിലൂടെയും രേഖപ്പെടുത്തിയെങ്കിലും ഇതുള്‍പ്പെടെ ഫേസ്ബുക്ക് കുത്തിപ്പൊക്കലുകളില്‍ കാരണം ആളുകള്‍ക്കിടയില്‍ വേണ്ട വിധത്തില്‍ പ്രചരിച്ചില്ല.

നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ കൃത്യമായ അവബോധം വളര്‍ത്താന്‍ പ്രവര്‍ത്തിച്ച ആളുകളിലൊരാളാണ് ഡോ.ജിനേഷ്. നിപാ ബാധയുടെ ശാസ്ത്രീയ വശങ്ങളും, നിലവിലെ സാഹചര്യങ്ങളും വിശകലനം ചെയ്ത് മുപ്പതില്പരം സ്റ്റാറ്റസുകള്‍ ജിനേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഡോ. ജിനേഷിനെ പോലുള്ളവര്‍ക്ക് ഫേസ്ബുക്ക് കുത്തിപ്പൊക്കലുകള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കില്‍, നമ്മളോരോരുത്തരും സ്വയം പരിശോധനയ്ക്ക് തയ്യാറാവേണ്ടതുണ്ട്.

ഫേസ്ബുക്കില്‍ എങ്ങനെ പഴയ പോസ്റ്റുകള്‍ കാണുന്നത് ഒഴിവാക്കാം ?

പൂര്‍ണ്ണമായി ഫലപ്രദമല്ലെങ്കിലും ഒരു പരിധിവരെ പഴയ പോസ്റ്റുകള്‍ ന്യൂസ് ഫീഡില്‍ നിന്ന് ഒഴിവാക്കാന്‍ ഫേസ്ബുക്കില്‍ സംവിധാനമുണ്ട്.

മൊബൈലുകളില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് വലത് ഭാഗത്ത് മുകളിലുള്ള സെറ്റിങ്ങ്‌സ് ബട്ടണ്‍ അമര്‍ത്തിയാല്‍ ന്യൂസ് ഫീഡ് എന്ന ഒപ്ഷന്‍ കാണാന്‍ സാധിക്കും. ഇതില്‍ ക്‌ളിക്ക് ചെയ്ത ശേഷം മോസ്റ്റ് റീസന്റ് എന്ന ഒപ്ഷന്‍ തെരഞ്ഞെടുത്താല്‍ ഒരു പരിധി വരെ പുതിയ പോസ്റ്റുകള്‍ മാത്രമേ ടൈംലൈനില്‍ പ്രത്യക്ഷപ്പെടുകയുള്ളു.

കമ്പ്യൂട്ടറില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് ഇടത് ഭാഗത്ത് മുകളിലായുള്ള ന്യൂസ് ഫീഡ് ഒപ്ഷന്‍ ക്‌ളിക്ക് ചെയ്താല്‍ മോസ്റ്റ് റീസന്റ് എന്ന ഒപ്ഷന്‍ തെരഞ്ഞെടുക്കാം.
എന്നാല്‍ ഇത് പൂര്‍ണ്ണമായും ഫലപ്രദമല്ല. പൂര്‍ണ്ണമായും പഴയ പോസ്റ്റുകള്‍ ഒഴിവാക്കാന്‍ നമ്മള്‍ ഒരോരുത്തരും കുറച്ച് കാലത്തേക്കെങ്കിലും ഈ പ്രവണത അവസാനിപ്പിച്ചേ മതിയാവൂ.

ഷാരോണ്‍ പ്രദീപ്‌
സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍