സുഹൃത്തുക്കള്‍ക്ക് കാണാന്‍ അവസരമൊരുക്കണം; മാവോയിസ്റ്റ് നേതാവ് അജിതയുടെ മൃതദേഹം നാളെ സംസ്‌കരിക്കണമെന്ന് ഹൈക്കോടതി
Daily News
സുഹൃത്തുക്കള്‍ക്ക് കാണാന്‍ അവസരമൊരുക്കണം; മാവോയിസ്റ്റ് നേതാവ് അജിതയുടെ മൃതദേഹം നാളെ സംസ്‌കരിക്കണമെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th December 2016, 4:29 pm

ajitha


സംസ്‌കാരത്തിന് ഒരു മണിക്കൂര്‍ മുന്‍പ് സുഹൃത്തുക്കള്‍ അടക്കമുളളവരെ കാണിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അജിതയുടെ സഹപാഠി ഭഗവത് സിംഗ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് സംസ്‌കാരം നീട്ടിവച്ചത്. 


കൊച്ചി: നിലമ്പൂര്‍ കരുളായി വനത്തില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിതയുടെ മൃതദേഹം നാളെ സംസ്‌കരിക്കണമെന്ന് ഹൈക്കോടതി. കോഴിക്കോട് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.

സംസ്‌കാരത്തിന് ഒരു മണിക്കൂര്‍ മുന്‍പ് സുഹൃത്തുക്കള്‍ അടക്കമുളളവരെ കാണിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അജിതയുടെ സഹപാഠി ഭഗവത് സിംഗ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് സംസ്‌കാരം നീട്ടിവച്ചത്. അജിതയുടെ മൃതദേഹം തനിക്ക് വിട്ടു തരണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.

ബന്ധുക്കളാരും തന്നെ അജിതയുടെ മൃതദേഹം ഏറ്റെടുക്കാന്‍ താല്‍പ്പര്യം കാണിച്ച് മുന്നോട്ട് വന്നില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കിയിരുന്നു. ചെന്നൈയില്‍ പോയി അജിതയുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും നേരിട്ട് കണ്ട് അന്വേഷിച്ചാണ് പൊലീസ് ഇക്കാര്യം സ്ഥീരികരിച്ചതും.


നിലമ്പൂരില്‍ അജിതയ്‌ക്കൊപ്പം കൊല്ലപ്പെട്ട് മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ മൃതദേഹം ഡിസംബര്‍ 9ന് സംസ്‌കരിച്ചിരുന്നു. മൃതദേഹം പൊതുദര്‍ശത്തിന് വെക്കുകയാണെങ്കില്‍ മൃതദേഹം വിട്ടുനല്‍കില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലായിരുന്നു സംസ്‌കാരം. മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കുന്നത് ഏത് വിധേനയും തടയുമെന്ന് ബി.ജെ.പി നേതാക്കളും നിലപാടെടുത്തിരുന്നു.