കാരക്കസ്: വെനസ്വേലയില്‍ നിക്കോളസ് മധുരോ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മിരാന്‍ഡ ഗവര്‍ണര്‍ ഹെന്റിക് കാപ്രിലെസിനെ തോല്‍പ്പിച്ചാണ് മധുരോ അധികാരത്തിലെത്തിയത്. []
മധുരോയ്ക്ക് 50.76 ശതമാനം വോട്ടും കാപ്രിലസിന് 49.07 ശതമാനം വോട്ടുമാണ് ലഭിച്ചത്. ഷാവേസിന്റെ ഉറ്റ അനുയായിയായ മധുരോ നിലവില്‍ ആക്ടിങ് പ്രസിഡന്റാണ്.
മാര്‍ച്ച് അഞ്ചിന് ഷാവേസ് അന്തരിച്ചതിനെ തുടര്‍ന്നാണ് വെനസ്വേലയില്‍ വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വന്‍ ഭൂരിപക്ഷത്തോടെ നാലാംവട്ടവും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഷാവേസിന് അധികാരമേല്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഷാവേസിന്റെ നയങ്ങള്‍ പിന്തുടരുകയാണ് തന്റെ കടമയെന്ന് അമ്പതുകാരനായ മധുരോ പ്രഖ്യാപിച്ചിട്ടുണ്ട്. ആറുവര്‍ഷത്തെ അടുത്ത ടേമിലേക്ക് ഷാവേസ് നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതികളുടെ പട്ടികയും നയരേഖയും ഉയര്‍ത്തിക്കാട്ടിയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിച്ചത്.
“എനിക്ക് നിങ്ങളുടെ പിന്തുണ വേണം. ഷാവേസ് എന്നെ ഏല്‍പ്പിച്ചുപോയ ജോലി വളരെ പ്രയാസകരമാണ്. പ്രസിഡന്റും വിപ്ലവത്തിന്റെ നേതാവുമായിരിക്കുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല” അദ്ദേഹം പറഞ്ഞു.
“ഞാന്‍ ഷാവേസ്. നമ്മള്‍ എല്ലാവരും ഷാവേസ്” എന്ന മുദ്രാവാക്യമാണ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ പ്രചാരണത്തില്‍ ഉയര്‍ന്നുകേട്ടത്. അതേസമയം, പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ മധുരോക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ച വന്‍ ഭൂരിപക്ഷത്തില്‍ നേരിയ കുറവുവന്നതായി പാശ്ചാത്യ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
നിക്കോളാസ് മധുരോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര്‍ കഴിഞ്ഞ ദിവസം തലസ്ഥാനമായ കാരക്കസിന്റെ തെരുവുകളിലിറങ്ങിയിരുന്നു.
പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ക്കിടയിലായിരുന്നു വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി മധുരോ ചുമതലയേറ്റത്. ഡിസംബറില്‍ അവസാനത്തെ ശസ്ത്രക്രിയക്ക് മുന്‍പ് തന്നെ പ്രസിഡന്റ് ഹ്യൂഗോ ചാവേസ് അന്ന് വൈസ് പ്രസിഡന്റായിരുന്ന മധുറോയെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചിരുന്നു.