മോദിക്കെതിരെ ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍; പൗരത്വഭേദഗതിയെ കോടതിയും അനുകൂലിച്ചാല്‍ ലോകരാഷ്ട്രങ്ങളെല്ലാം അതിനെതിരെ അണിനിരക്കണം
CAA Protest
മോദിക്കെതിരെ ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍; പൗരത്വഭേദഗതിയെ കോടതിയും അനുകൂലിച്ചാല്‍ ലോകരാഷ്ട്രങ്ങളെല്ലാം അതിനെതിരെ അണിനിരക്കണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th December 2019, 12:36 pm

ന്യൂയോര്‍ക്ക്: പൗരത്വഭേദഗതി നിയമത്തില്‍ വെളിവാകുന്ന വര്‍ഗീയതക്കും മുസ്‌ലിം വിരുദ്ധതക്കുമെതിരെ ശബ്ദമുയര്‍ത്തി ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍.

2014ല്‍ ആദ്യമായി അധികാരത്തിലെത്തിയത് മുതല്‍ മോദി സര്‍ക്കാര്‍ പടിപടിയായി നടപ്പാക്കി വരുന്ന ഹിന്ദുത്വ അജണ്ടക്കെതിരെ പൗരത്വഭേദഗതി നിയമത്തിന്റെ വരവോടെ വലിയ പ്രതിഷേധങ്ങള്‍ ഇന്ത്യ മുഴുവന്‍ പടര്‍ന്നിരിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.

പൗരത്വഭേദഗതി നിയമത്തിലെ എല്ലാ പ്രശ്‌നങ്ങളും തുറന്നു കാണിക്കുകയാണ് എഡിറ്റോറിയലില്‍ ന്യൂയോര്‍ക്ക് ടൈംസ്. ഒറ്റനോട്ടത്തില്‍ യാതൊരു പ്രശ്‌നവും തോന്നാത്തതാണ് പൗരത്വഭേദഗതി നിയമം. അയല്‍രാജ്യങ്ങളില്‍ മതത്തിന്റെ പേരില്‍ പീഡനങ്ങള്‍ അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്ന നിയമഭേദഗതി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പക്ഷെ ഇതിലെ വില്ലന്‍ ഒളിഞ്ഞിരിക്കുന്നത് രണ്ട് വിഷയങ്ങളിലാണ്. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന്‍, പാഴ്‌സി എന്നീ മതസ്ഥര്‍ക്ക് മാത്രമാണ് ഈ ഭേദഗതി പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാന്‍ അവസരമുളളത്.

കൂടാതെ ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ മാത്രമാണ് പരിഗണിക്കുന്നതും.

ശ്രീലങ്ക മുതല്‍ ചൈന വരെയുള്ള മുസ്‌ലിം ഭൂരിപക്ഷമില്ലാത്ത രാജ്യങ്ങളെ പരാമര്‍ശിച്ചിട്ടു പോലുമില്ല. മ്യാന്‍മറില്‍ കൊടിയ മതപീഡനത്തിനിരയായി ഇന്ത്യയിലെത്തിയ റോഹിങ്ക്യന്‍ മുസ്‌ലിമുകളെപ്പോലും ഒഴിവാക്കിയിരിക്കുകയാണ്.

ഇതില്‍ നിന്നും അഭയാര്‍ത്ഥികളെ സംരക്ഷിക്കാനല്ല പകരം ജനസംഖ്യയിലെ 80% ഹിന്ദുക്കളുള്ള ഇന്ത്യയെ ഹിന്ദു ജന്മഭൂമിയാക്കാനുള്ള തീരുമാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന നടപ്പിലാക്കുന്നതെന്ന് വ്യക്തമാണെന്ന് എഡിറ്റോറിയല്‍ പറയുന്നു.

കശ്മീരിന്റെ പ്രത്യേകപദവിയും സംസ്ഥാനപദവിയും എടുത്ത് കളയല്‍, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കല്‍, അസമില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കല്‍ തുടങ്ങി ഹിന്ദുത്വ അനുകൂല നടപടികള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നില്ല. പക്ഷെ മോദിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് പൗരത്വഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.

മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന എഡിറ്റോറിയല്‍ ഗാന്ധിയും നെഹ്‌റുവും വിഭാവനം ചെയ്ത മതേതര ജനാധിപത്യത്തിനെതിരാണ് മോദി സര്‍ക്കാരിന്റെ നടപടികളെന്നും ചൂണ്ടിക്കാണിക്കുന്നു. പൗരത്വത്തെ മതവുമായി ബന്ധപ്പെടുത്തുന്ന ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ആദ്യ നടപടിയാണിതെന്നും ന്യൂയോര്‍ക്ക ടൈംസ് വ്യക്തമാക്കുന്നു.

പൗരത്വഭേദഗതി നിയമത്തിന് അനുകൂലമായ വിധിയാണ് കോടതിയില്‍ നിന്നും വരുന്നതെങ്കില്‍ ലോകത്തിലെ എല്ലാ ജനാധിപത്യരാഷ്ട്രങ്ങളും ഈ നിയമത്തിനെതിരെ അണിനിരക്കണമെന്ന ആഹ്വാനവുമായാണ് എഡിറ്റോറിയല്‍ അവസാനിക്കുന്നത്.

ഐക്യരാഷ്ട്ര സംഘടന, വിദേശ സര്‍വകലാശാലകള്‍, മാധ്യമങ്ങള്‍ തുടങ്ങി രാജ്യത്തിന് പുറത്ത് നിന്നും പൗരത്വഭേദഗതി നിയമത്തിനെതിരെ വ്യാപകപ്രതിഷേധമുയരുന്നുണ്ട്.

DOOLNEWS VIDEO