പുതിയ പാകിസ്താന്റെ പ്രസിഡന്റിന് ജവഹര്‍ലാല്‍ നെഹ്‌റുവുമായൊരു ബന്ധം പറയാനുണ്ട്
world
പുതിയ പാകിസ്താന്റെ പ്രസിഡന്റിന് ജവഹര്‍ലാല്‍ നെഹ്‌റുവുമായൊരു ബന്ധം പറയാനുണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th September 2018, 7:58 pm

ഇസ്‌ലാമാബാദ്: പാകിസ്താന്റെ പുതിയ പ്രസിഡന്റായി അധികാരമേറ്റ ഡോക്ടര്‍ ആരിഫുറഹ്മാന്‍ ആല്‍വിയുമായി ഇന്ത്യക്ക് അഭേദ്യമായ ഒരു ബന്ധമുണ്ട്. അദേഹത്തിന്റെ പിതാവ് ഡോക്റ്റര്‍ ഹബീബുറഹ്മാന്‍ ഇലാഹി ആല്‍വി ഇന്ത്യ-പാക്ക് വിഭജനത്തിന് മുന്‍പ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദന്ത ഡോക്ടറായിരുന്നു.

1947ലെ ഇന്ത്യ-പാക്ക് വിഭജന കാലത്ത് ആരിഫ് ആല്‍വിയുടെ കുടുംബം പാക്കിസ്താനിലേക്ക് പലായനം ചെയ്യുകയായിരുന്നു. പാകിസ്താന്‍ തെഹ്‌രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടിയുടെ വെബ്സൈറ്റിലാണ് പുതിയ പ്രസിഡന്റിനെ കുറിച്ചുള്ള ഈ വിവരങ്ങള്‍ പങ്കുവെക്കുന്നത്.
പാകിസ്താന്‍ തെഹ്‌റീക്-ഇ-ഇന്‍സാഫ് (പി.ടി.ഐ) സ്ഥാപകരില്‍ പ്രധാനിയും നോതാവുമായ ആരിഫ് അല്‍വിയെ പാകിസ്താന്റെ പതിമൂന്നാമത്തെ പ്രസിഡന്റായാണ് തിരഞ്ഞെടുത്തത്


ALSO READ: എതിര്‍സ്വരങ്ങളെ അറസ്റ്റ് ചെയ്ത് ഇല്ലാതാക്കാനാവില്ല; മോദിയെ വിറളി പിടിപ്പിച്ച സഞ്ജീവ് ഭട്ടിന്റെ വിമർശനങ്ങൾ


എതിര്‍ സ്ഥാനാര്‍ഥികളായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഐസാസ് അഹ്സാന്‍, പാകിസ്ഥാന്‍ മുസ്‌ലീം ലീഗിന്റെ മൗലാനാ ഫസല്‍ റഹ്മാന്‍ എന്നിവരെ ബഹുദൂരം പിന്നിലാക്കിയാണ് അറുപത്തിയൊമ്പതുകാരനായ ആരിഫ് അല്‍വി വിജയിച്ചത്.

പാകിസ്താന്‍ ദേശീയ സഭയിലും സെനറ്റിലുമായി ആകെ 430 വോട്ടുകളാണുള്ളത്. ഇതില്‍ 212ഉം ആരിഫ് അല്‍വി നേടിയപ്പോള്‍ അഹ്സാന്‍, ഫസല്‍ റഹ്മാന്‍ എന്നിവര്‍ യഥാക്രമം 81 ഉം 131ഉം വോട്ടുകളാണ് നേടിയത്.


ALSO READ: മാനുമായും പുലിയുമായും കൂട്ട് കൂടിക്കോളു, ചാണകങ്ങളെ അടുപ്പിക്കല്ലേ ലാലേട്ടാ; മോഹന്‍ലാലിനോട് ആരാധകര്‍


ദന്ത ഡോക്ടറായിരുന്ന ആരിഫ് അല്‍വി 2006 മുതല്‍ 2013 വരെ പി.ടി.ഐയുടെ സെക്രട്ടറി ജനറലായിരുന്നു. 2013ല്‍ ദേശീയ സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അല്‍വി വിജയിച്ചിരുന്നു. ജൂലായ് 25ന് നടന്ന തിരഞ്ഞെടുപ്പിലും കറാച്ചിയില്‍നിന്ന് ദേശീയ സഭയിലേക്ക് മത്സരിച്ച് ജയിച്ചിട്ടുണ്ട്.

നിലവിലെ രാഷ്ട്രപതിയായ മംമ്നൂന്‍ ഹുസൈന്റെ കാലാവധി സെപ്റ്റംബര്‍ 8ന് അവസാനിക്കും.