Daily News
രാജ്യത്ത് മത അസഹിഷ്ണുത വര്‍ധിച്ചു: ഗുല്‍സാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Oct 24, 03:39 pm
Saturday, 24th October 2015, 9:09 pm

gulzar

ന്യൂദല്‍ഹി: രാജ്യത്ത് മുമ്പെങ്ങുമില്ലാത്ത വിധം മത അസഹിഷ്ണുത വര്‍ധിച്ചു വരികയാണെന്ന് പ്രശസ്ത ഗാനരചയിതാവ് ഗുല്‍സാര്‍. പേര് ചോദിക്കുന്നതിന് മുമ്പ് മതം ചോദിക്കുന്ന സാഹചര്യമാണുള്ളത് കാര്യങ്ങള്‍ ഇങ്ങനെയാവുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ഗുല്‍സാര്‍ പറഞ്ഞു. എഴുത്തുകാര്‍ ഹൃദയത്തില്‍ നിന്നെടുത്ത് എഴുതുന്നവരാണ്. സമൂഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരാണെന്നും ഗുല്‍സാര്‍ പറഞ്ഞു.

സാഹിത്യകാരന്‍മാര്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയത് പ്രതിഷേധ സൂചകമായാണ്. എഴുത്തുകാര്‍ക്ക് പ്രതിഷേധിക്കാന്‍  മറ്റ് മാര്‍ഗങ്ങളില്ലെന്നും അക്കാദമി അവാര്‍ഡുകള്‍ തിരിച്ച് നല്‍കി പ്രതിഷേധിച്ച സാഹിത്യകാരന്‍മാരുടെ നടപടിയെ പിന്തുണച്ച് ഗുല്‍സാര്‍ പറഞ്ഞു.

പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കിയ എഴുത്തുകാരുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണങ്ങളും ഗുല്‍സാര്‍ നിഷേധിച്ചു.

ദാദ്രി കൊലപാതകം, പുരോഗമന എഴുത്തുകാരായ കല്‍ബുര്‍ഗി,ധബോല്‍ക്കര്‍, പന്‍സാരെ, എന്നിവരുടെ കൊലപാതകം തുടങ്ങിയ സംഭവങ്ങളിലെല്ലാം പ്രതിഷേധിച്ച് കൊണ്ട് നിരവധി സാഹിത്യകാരന്‍മാരാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചിരുന്നത്.