Entertainment
അഭിനയം മത്സരിക്കേണ്ട കാര്യമാണെന്ന് തോന്നിയിട്ടില്ല: വിജയരാഘവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 11, 07:35 am
Tuesday, 11th March 2025, 1:05 pm

പ്രശസ്ത മലയാളചലച്ചിത്ര നടനും നടകാചാര്യനുമായിരുന്ന എന്‍.എന്‍.പിള്ളയുടെ മകനും നടനുമാണ് വിജയരാഘവന്‍. ക്രോസ്‌ബെല്‍റ്റ് മണി സംവിധാനം ചെയ്ത കാപലിക എന്ന സിനിമയിലൂടെയാണ് വിജയരാഘവന്‍ സിനിമയിലേക് കടന്നുവന്നത്. എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചതെങ്കിലും സിനിമ വിജയിച്ചില്ല.

പിന്നീട് നാടകങ്ങളിലും സിനിമകളിലും സജീവമായിരുന്ന വിജയരാഘവന്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ഏകലവ്യന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് പുറത്തിറങ്ങിയ ദി കിങ് , ദി ക്രൈം ഫയല്‍ എന്നിവ നടന്റെ ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. നായകനായും സഹനടനായും വില്ലനായും മലയാള സിനിമയില്‍ സജീവമാണ് നടന്‍. പൂക്കാലം, കിഷ്‌കിന്ധാ കാണ്ഡം, റൈഫിള്‍ ക്ലബ്, ഔസേപ്പിന്റെ ഒസ്യത്ത് എന്നീ ചിത്രങ്ങളില്‍ വേറിട്ട അഭിനയമാണ് അദ്ദേഹം കാഴ്ചവെച്ചത്.

അഭിനയം മത്സരിക്കേണ്ട കാര്യമാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ഓരോരുത്തരും അവര്‍ക്ക് കിട്ടിയ കഥാപാത്രങ്ങള്‍ മാത്രമാണ് ചെയ്യുന്നതെന്നും പറയുകയാണ് വിജയരാഘവന്‍. ഒരേ കഥാപാത്രം എല്ലാവരും ചെയ്ത് അതില്‍ നിന്നും ഒരാള്‍ക്ക് അവാര്‍ഡ് കൊടുക്കുന്നത് പോലെയല്ല പല കഥാപാത്രങ്ങള്‍ ചെയ്ത് അതില്‍ നിന്നും ഒരാളെ തെരഞ്ഞെടുക്കുന്നതെന്നും നടന്‍ പറയുന്നു. ഓണ്‍ലൂക്കേഴ്‌സ് മീഡിയ ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.

‘അഭിനയത്തിന് അവാര്‍ഡ് കൊടുക്കുന്നത് മോശം കാര്യമല്ല. ഒരു കഥാപാത്രം നാലുപേര്‍ അഭിനയിച്ച് അതില്‍ ഒരാള്‍ നല്ലതാണെന്ന് പറഞ്ഞാല്‍ നമുക്ക് മനസിലാക്കാം. എന്നാല്‍ സിനിമയില്‍ ഓരോരുത്തരും ഓരോ കഥാപാത്രങ്ങളാണ് ചെയ്യുന്നത്.

ഞാന്‍ ചെയ്യുന്ന കഥാപാത്രം പോലെയല്ലല്ലോ മറ്റുള്ളവര്‍ ചെയ്യുന്ന കഥാപാത്രം. അയാള്‍ ചെയ്യുന്ന കഥാപാത്രം എനിക്ക് ചെയ്യാന്‍ പറ്റില്ല. ഓരോരുത്തര്‍ക്കും വേണ്ടി മാത്രം തയ്യാറാക്കിയ ക്യരക്ടേഴ്‌സല്ലേ? അപ്പോള്‍ ഇവര്‍ തമ്മിലെങ്ങനെയാണ് മത്സരിക്കാന്‍ സാധിക്കുക?

ഇതൊരു ഓട്ടമത്സരമാണെങ്കില്‍ നമുക്ക് ഒന്നാമത് ഓടിയെത്തുന്നവന് സമ്മാനം കൊടുക്കാം. എന്നാല്‍ അഭിനയത്തില്‍ എങ്ങനെയാണ് മത്സരം വരുന്നത്? അഭിനയം ഒരിക്കലും മത്സരിക്കേണ്ട കാര്യമാണെന്ന് തോന്നിയിട്ടില്ല,’ വിജയരാഘവന്‍ പറഞ്ഞു.

CONTENT HIGHLIGHTS: Never thought acting was something to compete with: Vijayaraghavan