കൂറ്റന്‍ കൂട്ടുകെട്ട്; ആ റെക്കോഡും പോക്കറ്റിലാക്കി ഓറഞ്ച് പട
2023 ICC WORLD CUP
കൂറ്റന്‍ കൂട്ടുകെട്ട്; ആ റെക്കോഡും പോക്കറ്റിലാക്കി ഓറഞ്ച് പട
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st October 2023, 4:20 pm

ഐ.സി.സി ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്സ് ശ്രീലങ്കയെ നേരിടുകയാണ്. മത്സരത്തിലൂടെ ലോകകപ്പ് ചരിത്രത്തിലെ ഏഴാം വിക്കറ്റിലെ ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ് എന്ന നേട്ടം നെതര്‍ലന്‍ഡ്സ് സ്വന്തമാക്കി.

ലഖ്‌നൗവില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ നെതര്‍ലന്‍ഡ്സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ ശ്രീലങ്കന്‍ ബൗളര്‍മാര്‍ നെതര്‍ലാന്‍ഡ്സിനെ എറിഞ്ഞുവീഴ്ത്തുകയായിരുന്നു.

ടോപ്പ് ഓര്‍ഡര്‍ ബാറ്റിങ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞപ്പോള്‍ ഡച്ച് പടയുടെ സ്‌കോര്‍ 21.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സ് എന്ന നിലയില്‍ എത്തി. മത്സരം ശ്രീലങ്ക കൈ പിടിയിലാക്കി എന്ന് തോന്നിപ്പിച്ച നിമിഷമായിരുന്നു. എന്നാല്‍ പിന്നീട് മത്സരത്തില്‍ കണ്ടത് ഡച്ച് പടയുടെ തിരിച്ചുവരവായിരുന്നു.

സൈബ്രാന്‍ഡ് എന്‍ഗല്‍ ബ്രച്ടും വാന്‍ ബിക്കും ചേര്‍ന്ന് റെക്കോഡ് കൂട്ടുകെട്ടാണ് നെതര്‍ലന്‍ഡ്സിന് വേണ്ടി കെട്ടിപടുത്തത്. ലോകകപ്പ് ചരിത്രത്തില്‍ ഏഴാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ് എന്ന നേട്ടത്തിലേക്കാണ് ഇരുവരും നടന്നുകയറിയത്.

ഏഴാം വിക്കറ്റില്‍ 130 റണ്‍സാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. എന്‍ഗല്‍ ബ്രച്ട് നാല് ഫോറുകളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 82 പന്തില്‍ 70 റണ്‍സാണ് നേടിയത്. 75 പന്തില്‍ 59 റണ്‍സാണ് വാന്‍ ബീക്ക് നേടിയത്. ഒരു ഫോറും ഒരു സിക്സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

ഇരുവരുടെയും ഇന്നിങ്സിന്റെ ബലത്തില്‍ 262 റണ്‍സിന്റെ വിജയലക്ഷ്യമാണ് നെതര്‍ലന്‍ഡ്സ് ലങ്കക്ക് മുന്നില്‍ ഉയര്‍ത്തിയത്.

ലങ്കന്‍ ബൗളിങ്ങില്‍ രജിതയും ദില്‍ഷന്‍ മധുഷങ്കയും നാല് വിക്കറ്റുകള്‍ വീഴ്ത്തികൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ചു.

Content Highlight: Netherlands create a record the highest 7th wicket partnership in worldcup history.