ടിബറ്റും തായ്‌വാനും ചൈനയുടെ ഭാഗമാണെന്ന് ഇന്ത്യക്കാര്‍ അംഗീകരിക്കാന്‍ കാരണം നെഹ്റുവിന്റെയും വാജ്പേയിയുടെയും വിഡ്ഢിത്തം: വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, അടല്‍ ബിഹാരി വാജ്‌പേയ് എന്നിവരെ വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സുബ്രഹ്മണ്യന്‍ സ്വാമി.
ടിബറ്റും തായ്‌വാനും ചൈനയുടെ ഭാഗമാണെന്ന് ഇന്ത്യക്കാര്‍ അംഗീകരിച്ചത് അവരുടെ വിഡ്ഢിത്തം കൊണ്ടാണെന്ന് സ്വാമി പറഞ്ഞു. ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍(എല്‍.എ.സി) ചൈന ഇപ്പോള്‍ മാനിക്കുന്നില്ലെന്നും ലഡാക്കിന്റെ ചില ഭാഗങ്ങള്‍ അവര്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈനയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ച് യു.എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിനിടെയാണ് സ്വാമിയുടെ ഈ പ്രസ്താവന.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ശക്തമായ വിമര്‍ശനങ്ങള്‍ സ്വാമി ഉന്നയിച്ചിട്ടുണ്ട്. ചൈന ലഡാക്കിന്റെ ചില ഭാഗങ്ങള്‍ പിടിച്ചെടുത്തപ്പോള്‍, ‘കോയ് ആയാ നഹിന്‍’ എന്ന് പ്രസ്താവിച്ച മോദി മന്ദബുദ്ധിയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ ഇന്ത്യക്കാര്‍ ടിബറ്റും തായ്‌വാനും ചൈനയുടെ ഭാഗമാണെന്ന് സമ്മതിച്ചത് നെഹ്‌റുവിന്റെയും അടല്‍ ബിഹാരി വാജ്പേയുടെയും വിഡ്ഢിത്തം മൂലമാണ്. എന്നാല്‍ ഇപ്പോള്‍ ചൈന പരസ്പരം സമ്മതിച്ച എല്‍.എ.സിയെ മറികടന്ന് ലഡാക്കിന്റെ ചില ഭാഗങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നു. അതേസമയം മോദി ‘കോയി ആയാ നഹിന്‍’ എന്ന് പ്രസ്താവിച്ചു. നമുക്ക് തീരുമാനിക്കാന്‍ തിരഞ്ഞെടുപ്പ് സംവിധാനം ഉണ്ടെന്ന് ചൈന അറിയണം,’ സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.
അതേസമയം, നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തില്‍ ചൈനയിലെ അമേരിക്കന്‍ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിരിക്കുകയാണ് ചൈന.
ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെ രാത്രിയോടെയാണ് നാന്‍സി പെലോസി തായ്‌വാനിലെത്തിയത് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് പെലോസി തായ്വാനില്‍ വിമാനമിറങ്ങിയത്. 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു യു.എസ് ഉന്നത പദവിയിലിരിക്കുന്ന വ്യക്തി തായ്‌വാന്‍ സന്ദര്‍ശിക്കുന്നത്.
തായ്‌വാനില്‍ അമേരിക്ക തീക്കൊള്ളികൊണ്ടാണ് കളിക്കുന്നതെന്ന് അടുത്തിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.എസിന്റെ അടുത്ത പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന നേതാവ് കൂടിയാണ് നാന്‍സി പെലോസി.
ചൈന തങ്ങളുടെ ഭൂപ്രദേശമായി കണക്കാക്കുന്ന തായ്‌വാനില്‍ പെലോസിയുടെ സന്ദര്‍ശനം വളരെയേറെ അപകടകരവും പ്രകോപനപരവുമാണെന്ന് യു.എന്നിലെ ചൈനീസ് അംബാസിഡര്‍ ഷാങ് ഹുന്‍ പറഞ്ഞിരുന്നു.