കേന്ദ്രസര്‍ക്കാരിനെ മുഖവിലയ്‌ക്കെടുക്കാതെ ആര്‍.എസ്.എസ് സംഘടന; കാര്‍ഷിക നിയമത്തില്‍ മാറ്റം വരുത്തണമെന്ന് ഭാരതീയ കിസാന്‍ സംഘ്
farmers protest
കേന്ദ്രസര്‍ക്കാരിനെ മുഖവിലയ്‌ക്കെടുക്കാതെ ആര്‍.എസ്.എസ് സംഘടന; കാര്‍ഷിക നിയമത്തില്‍ മാറ്റം വരുത്തണമെന്ന് ഭാരതീയ കിസാന്‍ സംഘ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th December 2020, 7:51 am

ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധം ശക്തിയാര്‍ജ്ജിക്കവെ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തെ തള്ളി ആര്‍.എസ്.എസ് സംഘടനയായ ഭാരതീയ കിസാന്‍ സംഘ്. കാര്‍ഷിക നിയമത്തെ പൂര്‍ണമായും പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്ന് കിസാന്‍ സംഘ് വ്യക്തമാക്കി.

” ഞങ്ങള്‍ ഭാരത് ബന്ദിനെ പിന്തുണയ്ക്കുന്നില്ല, എന്നാല്‍ മൂന്ന് നിയമങ്ങളും പൂര്‍ണമായും ഞങ്ങള്‍ അംഗീകരിക്കുന്നില്ല,” ബി.കെ.എസ് ഭാരവാഹി മഹേഷ് ചൗധരി പറഞ്ഞതായി എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പുതിയ കാര്‍ഷിക നിയമത്തില്‍ ചില മെച്ചപ്പെടുത്തല്‍ ആവശ്യമാണെന്നും ഭാരതീയ കിസാന്‍ സംഘ് പറഞ്ഞു.

എന്നാല്‍ കര്‍ഷകര്‍ നടത്തുന്ന ഭാരത് ബന്ദിനെ തങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്നും കിസാന്‍ സംഘ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ നടത്തുന്ന ഭാരത് ബന്ദ് രാജ്യത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭാരത് ബന്ദിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഭാരത് ബന്ദിന് കോണ്‍ഗ്രസ്, സി.പി.ഐ.എം, ഡി.എം.കെ, ആം ആദ്മി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, സമാജ്വാദി പാര്‍ട്ടി, ടി.ആര്‍.എസ് തുടങ്ങിയ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.

കര്‍ഷക പ്രതിഷേധം പതിമൂന്നാം ദിവസത്തില്‍ എത്തി നില്‍ക്കുമ്പോഴും കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ചെവികൊള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

കേന്ദ്രവും കര്‍ഷകരും നടത്തിയ ചര്‍ച്ചകള്‍ പൂര്‍ണ പരാജയമപ്പെടുമ്പോഴും ചര്‍ച്ചകള്‍ കൊണ്ടു മാത്രമേ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കൂ എന്ന് ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഇനിയും ചര്‍ച്ചകള്‍ കൊണ്ട് കാര്യമില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Need Changes In Farm Laws: RSS-Linked Body