അദാനി ഓഹരി വാങ്ങിയത് തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ: എന്‍.ഡി.ടി.വി
national news
അദാനി ഓഹരി വാങ്ങിയത് തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ: എന്‍.ഡി.ടി.വി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd August 2022, 10:44 pm

ന്യൂദല്‍ഹി: ആര്‍.ആര്‍.പി ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആര്‍.ആര്‍.പി.എച്ച്) 99.5 ശതമാനം നിയന്ത്രണങ്ങളുമേറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ അധീനതയിലുള്ള വിശ്വപ്രദാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ (വി.സി.പി.എല്‍) നടപടിക്കെതിരെ എന്‍.ഡി.ടി.വി.

തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് വി.സി.പി.എല്‍ ഇത്തരമൊരു നടപടിക്കൊരുങ്ങിയതെന്ന് എന്‍.ഡി.ടി.വി പറഞ്ഞു.

എന്‍.ഡി.ടിവി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്‍.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരികള്‍ കൈവശമുള്ള പ്രൊമോട്ടര്‍ കമ്പനിയാണ് ആര്‍.ആര്‍.പി.എച്ച്.

‘എന്‍.ഡി.ടി.വിയുടെ സ്ഥാപകരില്‍ നിന്ന് യാതൊരു വിധത്തിലുമുള്ള സമ്മതമില്ലാതെയാണ് ഇത് നടപ്പിലാക്കിയത്’ എന്ന് എന്‍.ഡി.ടി.വി സ്റ്റോക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു.

അദാനി ഗ്രൂപ്പിന്റെ അധീനതയിലുള്ള എ.എം.ജി നെറ്റ്‌വര്‍ക് എന്ന മീഡിയ ഗ്രൂപ്പ്, അവരുടെ തന്നെ അനുബന്ധ സ്ഥാപനമായ വി.സി.പി.എല്ലില്‍ നിന്നും എന്‍.ഡി.ടി.വിയുടെ ഷെയറുകള്‍ വാങ്ങിയെന്ന പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് എന്‍.ഡി.ടി.വി പ്രസ്താവനയിറക്കിയത്.

വി.സി.പി.എല്ലില്‍ നിന്നും എന്‍.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരികള്‍ വാങ്ങിക്കുമെന്നും 26 ശതമാനം ഓഹരികള്‍ക്കായി ഓപ്പണ്‍ ഓഫര്‍ ആരംഭിക്കും എന്നുമായിരുന്നു അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് എന്‍.ഡി.ടി.വി ഇക്കാര്യം വ്യക്തമാക്കിയത്.

എന്‍.ഡി.ടി.വിയുടെ സ്ഥാപകരായ രാധിക റോയ്, പ്രണോയ് റോയ് എന്നിവരുമായി 2009-2010ല്‍ ഉണ്ടാക്കിയ വായ്പാ കരാറിന്റെ അടിസ്ഥാനത്തിലാണ് വി.സി.പി.എല്ലില്‍ നിന്നും ഇത്തരമൊരു നോട്ടീസ് വന്നതെന്ന് എന്‍.ഡി.ടി.വി തങ്ങളുടെ റെഗുലേറ്ററി ഫയലിങ്ങില്‍ വ്യക്തമാക്കി. എന്നാല്‍ ഈ നടപടി തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

19,90,000 ഇക്വിറ്റി ഷെയറുകള്‍ക്ക് ഷെയറൊന്നിന് പത്ത് രൂപ നിരക്കില്‍ 1.99 കോടി രൂപ ആര്‍.ആര്‍.പി.എച്ചിലേക്ക് മാറ്റിയതായും അറിയിപ്പില്‍ പറയുന്നു.

അതേസമയം, അദാനി ഗ്രൂപ്പ് എന്‍.ഡി.ടി.വിയുടെ 29.2 ശതമാനം ഓഹരികള്‍ വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

കമ്പനിയുടെ 26 ശതമാനം ഓഹരി കൂടി സ്വന്തമാക്കാനാണ് ഓപ്പണ്‍ ഓഫര്‍ വഴി ലക്ഷ്യമിടുന്നതെന്ന് അദാനി എന്റര്‍പ്രൈസസിന്റെ ഉടമസ്ഥതയിലുള്ള എ.എം.ജി മീഡിയ നെറ്റ്‌വര്‍ക്ക് അറിയിച്ചു. 26 ശതമാനം ഓഹരി കൂടി സ്വന്തമാക്കാന്‍ ഓഹരി ഒന്നിന് 294 രൂപയെന്ന നിരക്കില്‍ 493 കോടി രൂപയാണ് അദാനിയുടെ വാഗ്ദാനം.

ഓഹരി വാങ്ങിയെന്ന് വാര്‍ത്ത പുറത്തുവരുന്നതിനിടയിലും അദാനിക്കെതിരായി എന്‍.ഡി ടി.വി വാര്‍ത്ത പ്രസിദ്ധീകരിച്ചത് ശ്രദ്ധേയമായിരുന്നു. ‘Gautam Adani’s Empire ‘Deeply Overleveraged,’ Warns New Report’ എന്ന തലക്കെട്ടില്‍ എന്‍.ഡി.ടി.വി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ഇപ്പോഴും ഹോം പേജില്‍ കാണാവുന്നതാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 85 കോടി രൂപയാണ് എന്‍.ഡി.ടി.വിയുടെ ലാഭം. സ്ഥാപകനായ പ്രണോയ് റോയ്ക്കും ഭാര്യ രാധിക റോയ്ക്കും 32.26 ശതമാനം ഓഹരി സ്ഥാപനത്തിലുണ്ട്. മാധ്യമമേഖലയില്‍ ഇടപെടാന്‍ കഴിഞ്ഞ ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിച്ച എ.എം.ജി മീഡിയ നെറ്റ്വര്‍ക് പിന്നീട് ക്വിന്റ് ഡിജിറ്റലിന്റെ ഓഹരികള്‍ സ്വന്തമാക്കിയിരുന്നു.

എന്‍.ഡി.ടി.വി 24×7, എന്‍.ഡി.ടി.വി ഇന്ത്യ, എന്‍.ഡി.ടി.വി പ്രോഫിറ്റ് എന്നീ ടി.വി ചാനലുകളാണ് എന്‍.ഡി.ടി.വി ഗ്രൂപ്പിനുള്ളത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും സാമൂഹിക മാധ്യമങ്ങളിലും എന്‍.ഡി.ടി.വിക്ക് നിരവധി ഫോളോവേഴ്സുണ്ട്.

 

Content Highlight:  NDTV says Exercise of rights by VCPL was executed without any consent of founders