മുംബൈ: ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായെങ്കിലും അജിത്ത് പവാറിനെ കൈവിടാതെ കൂടെക്കൂട്ടാന്‍ തീരുമാനിച്ച് എന്‍.സി.പി. പാര്‍ട്ടി നിയമസഭ കക്ഷി നേതാവ് ജയന്ത് പാട്ടില്‍ അജിത്ത് പവാറിനെ കാണാന്‍ വീട്ടിലെത്തി.
54ല്‍ 51 എം.എല്‍.എമാരും എന്‍.സി.പിയോടൊപ്പം നില്‍ക്കുന്നതിനാല്‍ അജിത്ത് പവാര്‍ തളര്‍ന്നെന്നാണ് എന്‍.സി.പി കരുതുന്നത്. ഈ സാഹചര്യത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തി അജിത്ത് പവാറിനെ എന്‍.സി.പി യിലേക്ക് മടക്കി കൊണ്ടുവരാനാവുമെന്നാണ് ശരത് പവാറടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ കരുതുന്നത്. ഇതിന്റെ ഭാഗമായാണ് ജയന്ത് പാട്ടീലിന്റെ സന്ദര്‍ശനം.
എന്നാല്‍ ഉച്ചക്ക് ശേഷം എന്‍.സി.പി ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഭാഗമായി 54ല്‍ 50 എം.എല്‍.എമാരെയും യോഗത്തിനെത്തിക്കാന്‍ എന്‍.സി.പിക്ക് കഴിഞ്ഞിരുന്നു. അജിത്ത് പവാറിന്റെ അടുത്ത അനുയായി ധനഞ്ജയ് മുണ്ഡെയെയും യോഗത്തിനെത്തിക്കാന്‍ കഴിഞ്ഞത് പവാറിന്റെ വിജയമായാണ് വിലയിരുത്തുന്നത്.
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമെന്ന ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ഹരജിയില്‍ ഇന്നു രാവിലെ വാദം കേള്‍ക്കും. ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍ ഹാജരാകുന്ന അഭിഭാഷകരുടെ കാര്യത്തില്‍ അന്തിമ തീരുമാനമായി. മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയാണ് ബി.ജെ.പിയുടെ മഹാരാഷ്ട്ര ഘടകത്തിനു വേണ്ടി ഹാജരാകുന്നത്.
അതേസമയം ശിവസേനയ്ക്കു വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഹാജരാകും. കോണ്‍ഗ്രസ് നേതാവ് കൂടിയായ അഭിഷേക് മനു സിങ്വിയാണ് എന്‍.സി.പിക്കു വേണ്ടി ഹാജരാകുന്നത്. കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരാകുന്നത് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ്.
എന്നാല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും തങ്ങള്‍ക്ക് അഭിഭാഷകര്‍ വേണോ എന്ന കാര്യത്തില്‍ ഇതേവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഹരജിയില്‍ സുപ്രീം കോടതി ഇന്ന് രാവിലെ 11:30 ന് വാദം കേള്‍ക്കും.