ന്യൂദല്‍ഹി: സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ എം.പിയുമായിരുന്ന ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും വെടിവെച്ച് കൊന്ന കേസില്‍ യു.പി പൊലീസിന് നോട്ടീസയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. കേസിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ഉത്തര്‍ പ്രദേശ് പൊലീസ് ജനറലിനും പ്രയാഗ് രാജ് പൊലീസ് കമ്മീഷണര്‍ക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
കൊലപാതകത്തിന്റെ വിശദമായ റിപ്പോര്‍ട്ട്, മെഡിക്കല്‍-ലീഗല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്, കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍, മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് എന്നിവയടക്കം നാല് ആഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ ചെക്കപ്പിനായി പ്രയാഗ് രാജില്‍ എത്തിച്ച ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും മുന്നംഗ അക്രമി സംഘം വെടിവെച്ച് കൊന്നത്. യു.പി പൊലീസിന്റെ കനത്ത സുരക്ഷയിലിരിക്കെ സംഭവിച്ച കൊലപാതകം ദേശീയ തലത്തിലടക്കം വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു.
വെടിവെച്ച് പ്രതികളെ സംഭവ സ്ഥലത്ത് വെച്ച് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കോത്വാലി സ്വദേശിയായ ലവ്ലേഷ് തിവാരി, ഹാമിര്‍ പുര്‍ നിവാസിയായ സണ്ണി സിങ്, ബഗേല പുക്തയിലെ താമസക്കാരനായ അരുണ്‍ മൗര്യ എന്നിവരാണ് ആതിഖിന് നേരെ വെടിയുതിര്‍ത്തത്. മാധ്യമപ്രവര്‍ത്തകരുടെ വേഷത്തിലെത്തിയാണ് പ്രതികള്‍ കൃത്യം നടത്തിയത്. വെടിവെപ്പിനിടെ മൂവരും ജയ് ശ്രീ റാം വിളിക്കുകയും ചെയ്തിരുന്നു.
അതിനിടെ പ്രതിയായ ലവ് ലേഷ് തിവാരി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനാണെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. പിടിയിലായ സണ്ണി സിങ്ങിന്റെ പേരില്‍ 17ഓളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംഭവത്തിന് പിന്നാലെ പൊലീസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണ് നടന്നതെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എസ്.പി-ബി.എസ്.പി അടക്കമുള്ള പ്രതിപക്ഷ കക്ഷികളടക്കം നിരവധി പേരാണ് വെടിവെപ്പില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്. സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഉത്തര്‍ പ്രദേശ് എന്‍കൗണ്ടര്‍ പ്രദേശായി മാറിയെന്നുമായിരുന്നും ബി.എസ്.പി നേതാവ് പറഞ്ഞത്.
Content Highlight: national human right commission issue notice to up police