'അതൊരു കെണിയാണ്'; മോദി-ട്രംപ് കൂടിക്കാഴ്ച്ച ഇന്ത്യയ്ക്ക് ദുരന്തം വരുത്തിവയ്ക്കുമെന്ന മുന്നറിയിപ്പുമായി ചൈനീസ് മാധ്യമങ്ങള്‍
Daily News
'അതൊരു കെണിയാണ്'; മോദി-ട്രംപ് കൂടിക്കാഴ്ച്ച ഇന്ത്യയ്ക്ക് ദുരന്തം വരുത്തിവയ്ക്കുമെന്ന മുന്നറിയിപ്പുമായി ചൈനീസ് മാധ്യമങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th June 2017, 3:49 pm

ബീജിംഗ്: മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്. അമേരിക്കയുടെ കെണിയില്‍ വീണുപോകരുതെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശം.

ഇന്നലെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കിന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തിയത്. അമേരിക്കയുടെ കയ്യിലെ കരുവായി ഇന്ത്യ മാറാതെ നോക്കണമെന്നാണ് ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് നല്‍കുന്ന മുന്നറിയിപ്പ്. അറ്റ്‌ലാന്റിക് കൗണ്‍സില്‍ തയ്യാറാക്കിയ ട്രാന്‍സ്‌ഫോമിംഗ് ഇന്ത്യ ഫ്രം എ ബാലന്‍സിംഗ് ടു ലീഡിഗ് പവര്‍ എന്ന പോളിസിയുമായി ബന്ധപ്പെട്ടാണ് ഗ്ലോബല്‍ ടൈംസിന്റെ പരാമര്‍ശം.


Also Read: ‘മോദിയുടെ ഭാര്യയ്ക്കുവേണ്ടി ഡോര്‍ തുറക്കുന്ന ഗാര്‍ഡ്’ ഇന്റര്‍നെറ്റില്‍ വൈറലായി മോദിയുടെ യു.എസ് സന്ദര്‍ശനത്തിനിടയിലെ വീഡിയോ


ചൈനയെ എതിര്‍ക്കുന്നതിനുള്ള പദ്ധതികളുടെ മുഖ്യപങ്ക് വഹിക്കാന്‍ സാധിക്കുന്നു എന്നത് ഇന്ത്യയ്ക്ക് അഭിമാനകരമായി തോന്നുന്നുണ്ടാകാം. അത്തരത്തിലാണ് അമേരിക്കയും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. അമേരിക്കയുടെ “ജിഗ്‌സോ”യുടെ പ്രധാനകണ്ണിയാകുന്നത് എന്നാല്‍ അത്ര അഭിമാനിക്കാനുള്ള കാര്യമല്ല. എന്നാണ് ചൈനീസ് മാധ്യമം പറയുന്നത്. അമേരിക്കന്‍ ജിഗ്‌സോയിലെ മുഖ്യകണ്ണിയെന്നാണ് നേരത്തെ അറ്റ്‌ലാന്റിക് കൗണ്‍സില്‍ ഇന്ത്യയെ വിശേഷിപ്പിച്ചത്.

എന്നാല്‍ അതൊരു കെണിയാണെന്നും ഇന്ത്യ വളരെ ജാഗ്രത പാലിക്കണമെന്നും ഗ്ലോബല്‍ ടൈംസ് മുന്നറിയിപ്പ് നല്‍കുന്നു. ചൈനയ്‌ക്കെതിരായുള്ള നീക്കങ്ങളില്‍ മുഖ്യ കരുവായി ഇന്ത്യയെ ഉപയോഗിക്കുക എന്നാണ് ഇന്ത്യയുമായി കൂടുതല്‍ അടുക്കാന്‍ അമേരിക്കയെ പ്രേരിപ്പുക്കുന്ന ഘടകമെന്നും മാധ്യമം പറയുന്നു. അമേരിക്കയുമായി ബന്ധം വളര്‍ത്തുന്നതിലൂടെ എന്ത് നേട്ടമാണ് ഇന്ത്യയ്ക്ക് പ്രായോഗിക തലത്തില്‍ ലഭിക്കുന്നതെന്നും ചൈനീസ് മാധ്യമം ചോദിക്കുന്നു.

ബരാക് ഒബാമ പ്രസിഡന്റായിരുന്ന സമയത്ത് ഇന്ത്യയുടെ യു.എന്‍ സുരക്ഷാ സമിതി സ്ഥിരാംഗത്വത്തിനായി പിന്തുണ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പ്രായോഗിക തലത്തില്‍ അതുണ്ടായില്ല. ആ വാക്ക് പാലിക്കാന്‍ ട്രംപ് എന്തെങ്കിലും ചെയ്യുമോ എന്നത് സംശയമാണെന്നും ചൈനീസ് മാധ്യമം പറയുന്നു. തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുന്നതിന് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കാനോ വിഷയത്തില്‍ ഇടപൊടനോ ട്രംപ് ശ്രമിക്കുമെന്നതും സംശയമാണ്. ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കുന്നു.

അതേസമയം, ചൈനയുടെ വളര്‍ച്ച ഇന്ത്യയേയും അമേരിക്കയേയും ഒരേപോലെ ആശങ്കപ്പെടുത്തുന്നതാണെന്നും ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടാക്കാന്‍ അമേരിക്ക ശ്രമിക്കുന്നതിന് പിന്നില്‍ ഇന്ത്യയ്ക്ക് നേട്ടങ്ങളൊന്നുമില്ലെന്നും അതിനു പിന്നില്‍ ചൈനയ്‌ക്കെതിരെ അവരുടെ തൊട്ടടുത്ത് നിന്നും ഒരു നീക്കം നടത്തുക മാത്രമാണ് അമേരിക്കയുടെ ലക്ഷ്യമെന്നും മാധ്യമത്തില്‍ പറയുന്നു. ജപ്പാനെപ്പോലൊരു പങ്കാളിയായി ഒരിക്കലും ഇന്ത്യയ്ക്ക് മാറാന്‍ കഴിയില്ലെന്നും ഗ്ലോബല്‍ ടൈംസിലെ ലേഖനത്തില്‍ പറയുന്നു. ഈ ബന്ധത്തിന്റെ പരിണിത ഫലങ്ങള്‍ ദുരന്തങ്ങളായിരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.


Don”t Miss: ‘പശുവിന്റെ പേരില്‍ ഹിന്ദുതീവ്രവാദികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ നടപടിയെക്കാന്‍ മോദിയോട് ആവശ്യപ്പെടണം’ നെതര്‍ലാന്റ് പ്രധാനമന്ത്രിക്ക് മനുഷ്യാവകാശ സംഘടനയുടെ കത്ത്


ങ്ങളുടെ ചേരിചേരാ നയത്തില്‍ നിന്നും ഇന്ത്യ പിന്മാറിയാല്‍ അത് ഏഷ്യയില്‍ പുതിയ സമവാക്യങ്ങള്‍ക്ക് കാരണമാകുമെന്നും 1950 മുതല്‍ 1960 വരെയുള്ള കാലഘട്ടത്തില്‍ ചൈനയ്‌ക്കെതിരെ ഇന്ത്യയെ അമേരിക്കയും സോവിയറ്റ് യൂണിയനും കരുവാക്കിയിട്ടുണ്ടെന്നും എന്നാല്‍ പ്രതീക്ഷിച്ച ഫലം കിട്ടിയില്ലെന്നും ചൈനീസ് മാധ്യമം ചൂണ്ടിക്കാണിക്കുന്നു.

ചൈനയെ എതിര്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ല. ചരിത്രം അത് തെളിയിച്ചതാണ്. ഇത്തരം കെണികളില്‍ ഇന്ത്യ വിണുപോകരുത്. ചൈനയുടെ വളര്‍ച്ചയില്‍ ആശങ്കപ്പെടുന്നതിന് പകരം ചൈനയുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ് മേഖലയിലെ വളര്‍ച്ചയ്ക്കും സമാധാനത്തിനും നല്ലതെന്നും ഗ്ലോബല്‍ ടൈംസിലെ ലേഖനത്തില്‍ പറയുന്നു.