ന്യൂദല്‍ഹി: ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ നടന്ന അക്രമങ്ങള്‍ രാജ്യത്തെ ഓരോ പൗരനെയും ദുഖത്തിലാഴ്ത്തിയെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയോട് ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചെന്നും വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മോദി പറഞ്ഞു.
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
ഓസ്‌ട്രേലിയയിലെ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ അതീവ ദുഖമുണ്ടെന്നും വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷക്ക് വേണ്ട നടപടികളെല്ലാം രാജ്യം സ്വീകരിക്കുമെന്നും മോദി പറഞ്ഞു.
‘കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളുടെ വാര്‍ത്തയാണ് കേട്ടുകൊണ്ടിരിക്കുന്നത്. എനിക്കറിയാം എന്നെപ്പോലെ തന്നെ ഈ രാജ്യത്തെ ഓരോ പൗരനും ദുഖമുളവാക്കുന്ന കാര്യമാണത്.
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനോട് ഇക്കാര്യം ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ഇന്ത്യന്‍ വംശജരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്, ഞങ്ങളുടെ ടീം അവരുമായി നിരന്തരം ബന്ധപ്പെടുകയും ആവശ്യമായ രീതിയില്‍ സഹായം എത്തിച്ച് നല്‍കുകയും ചെയ്യും,’ മോദി പറഞ്ഞു.
രണ്ട് മാസത്തിനിടെ നാല് തവണ ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ അക്രമങ്ങളുണ്ടായതായാണ് കേന്ദ്ര ഏജന്‍സികളുടെ കണക്ക്. ഖലിസ്ഥാന്‍ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഓസ്‌ട്രേലിയന്‍ അധികൃതരുടെ കണ്ടെത്തല്‍.
അതിനിടെ ഒസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനത്തിനിടെ മൂന്ന് സുപ്രധാന കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി പ്രധാനമന്ത്രി പറഞ്ഞു. കായിക മേഖല, ഗ്രീന്‍ എനര്‍ജി, ഇലക്ട്രോണിക്‌സ് എന്നീ മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം. ഇന്ത്യയുടെ അടല്‍ ഇന്നൊവേഷന്‍ മിഷനും ഓസ്‌ട്രേലിയയുടെ കോമണ്‍വെല്‍ത്ത് സയന്റിഫിക് റിസര്‍ച്ച് പ്രോഗ്രാമുകളും ഒന്നിച്ച് പ്രവര്‍ത്തിക്കാനും ധാരണയായിട്ടുണ്ട്.