Advertisement
India
സി.ബി.ഐയ്ക്ക് തിരിച്ചടി; പ്രൊട്ടസ്റ്റ് പെറ്റീഷന്‍ നല്‍കാന്‍ നജീബിന്റെ ഉമ്മയ്ക്ക് കോടതി അനുമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 27, 11:10 am
Saturday, 27th April 2019, 4:40 pm

ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ നജീബ് അഹമ്മദിന്റെ കേസില്‍ സി.ബി.ഐയ്ക്ക് തിരിച്ചടി. കേസ് അവസാനിപ്പിച്ചതിന് സി.ബി.ഐക്കെതിരെ നജീബിന്റെ ഉമ്മ ഫാത്തിമ നഫീസയ്ക്ക് പ്രൊട്ടസ്റ്റ് പെറ്റീഷന്‍ നല്‍കാമെന്ന് ദല്‍ഹി ഹൈക്കോടതി ആറിയിച്ചു. അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ തൃപ്തയല്ലെന്ന് കോടതിയെ രേഖാമൂലം അറിയിയ്ക്കാനുള്ള അനുമതിയാണ് പ്രൊട്ടസ്റ്റ് പെറ്റീഷന്‍.

സാക്ഷിമൊഴികളുടെ പകര്‍പ്പും കേസ് അവസാനിപ്പിക്കാനുള്ള റിപ്പോര്‍ട്ടും സി.ബി.ഐ പരാതിക്കാരിക്ക് രണ്ടാഴ്ച്ചക്കുള്ളില്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ഒരു കേസ് അവസാനിപ്പിക്കാനോ റദ്ദാക്കാനോ അന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് നല്‍കിയാല്‍ പരാതിക്കാരിക്ക് പ്രൊട്ടസ്റ്റ് പെറ്റീഷന്‍ നല്‍കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അനുവദിക്കുമെന്ന് വ്യക്തമാക്കിയ കോടതി കുറ്റമറ്റ രീതിയിലുള്ള അന്വേഷണം പരാതിക്കാര്‍ക്ക് ഉറപ്പാക്കാനാണ് ഇത്തരമൊരു നിയമമെന്നും നിരീക്ഷിച്ചു.

എ.ബി.വി.പി പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ മൂന്നു വര്‍ഷം മുമ്പാണ് ഹോസ്റ്റല്‍ മുറിയില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. പിന്നില്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെയും കുടുംബത്തിന്റേയും ആരോപണം.

എന്നാല്‍ കേസ് അന്വേഷിച്ച സി.ബി.ഐ സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഏകദേശം മൂന്ന് വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ കേസ് അവസാനിപ്പിച്ചത്. രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നാണ് കേസ് അവസാനിപ്പിയ്ക്കാന്‍ സി.ബി.ഐ തീരുമാനിച്ചതെന്നായിരുന്നു നജീബിന്റെ ഉമ്മയുടെ ആരോപണം.

നജീബിന് വേണ്ടി പാര്‍ലമെന്റിന്റെ മുന്നിലും ദല്‍ഹിലും നിരവധി സമരങ്ങളാണ് നജീബിന്റെ ഉമ്മ ഫാത്തിമ നടത്തിയത്.