Kerala News
നെയ്യാറ്റിന്‍കരയിലെ ദുരൂഹ മരണം; കല്ലറയില്‍ മൃതദേഹം കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 16, 02:06 am
Thursday, 16th January 2025, 7:36 am

തിരുവനന്തപുരം: നെയ്യാറ്റിന്‍കര വിവാദ സമാധിയില്‍ ഗോപന്‍ സ്വാമിയുടെ മൃതദേഹമുള്ളതായി സ്ഥിരീകരണം. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം. മൃതദേഹം ​ഗോപൻ സ്വാമിയുടേതാണോ എന്നത് ശാസ്ത്രീയമായ പരിശോധനയിൽ മാത്രമേ സ്ഥിരീകരിക്കാനാകൂ.

ഗോപന്‍ സ്വാമിയുടെ മക്കള്‍ നല്‍കിയ മൊഴി പ്രകാരമുള്ള ഭസ്മവും പൂജാദ്രവ്യങ്ങളും കല്ലറയ്ക്കുള്ളിലുണ്ട്. നെഞ്ച് വരെ പൂജാദ്രവ്യങ്ങൾ നിറച്ച നിലയിലാണ് മൃതദേഹം ഇരിക്കുന്നത്. കല്ലറയുടെ മുകളിലത്തെ സ്ലാബ് മാത്രമാണ് ഇപ്പോൾ നീക്കിയിരിക്കുന്നത്.

ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയാണ് കല്ലറ തുറന്നത്. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. തുടർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.

അതേസമയം മൃതദേഹം അഴുകിയ നിലയിലാണെങ്കിൽ സ്ഥലത്ത് വെച്ച് തന്നെ പോസ്റ്റുമോർട്ടം നടത്തുമെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള പൊലീസ് സര്‍ജന്‍ അടക്കമുള്ളവര്‍ സ്ഥലത്തുണ്ട്.

രണ്ട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയിലാണ് കല്ലറ തുറന്നത്. വലിയ പൊലീസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ സ്വാമി സമാധിയായി എന്ന് പറഞ്ഞ് ഒരു പോസ്റ്റര്‍ വീടിന് സമീപം പ്രത്യക്ഷപ്പെട്ടത്. പോസ്റ്റര്‍ പതിച്ചപ്പോഴാണ് മരണ വിവരം അയല്‍വാസികളടക്കം അറിഞ്ഞത്.

തുടര്‍ന്ന് മരണത്തില്‍ ദുരൂഹത ആരോപിച്ച് അയല്‍വാസികളും നാട്ടുകാരും രംഗത്തെത്തുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അച്ഛന്‍ സമാധിയായതെന്നാണ് മക്കളുടെ മൊഴി. രാവിലെ എഴുന്നേറ്റ് അച്ഛൻ തന്നെ വിളിച്ചെന്നും താനിന്ന് സമാധിയാകുമെന്ന് പറഞ്ഞെന്നുമാണ് ഇളയ മകൻ മൊഴി നൽകിയത്. താന്‍ സമാധിയായാല്‍ ചെയ്യേണ്ട കര്‍മങ്ങള്‍ എന്താണെന്ന് അച്ഛൻ മകനോട് മുന്‍കൂട്ടി പറഞ്ഞുകൊടുത്തിരുന്നെന്ന് കുടുംബാംഗങ്ങളും പറഞ്ഞിരുന്നു.

പിന്നാലെ സുഗന്ധദ്രവ്യങ്ങളും കോണ്‍ക്രീറ്റുമുപയോഗിച്ച് മക്കള്‍ തന്നെയാണ് അച്ഛനായി സമാധി മണ്ഡപം കെട്ടിയത്.

കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസം മുമ്പ് കല്ലറ പൊളിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയിരുന്നു.

പിന്നാലെ കല്ലറ പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് ഗോപന്‍ സ്വാമിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇന്നലെ (ബുധന്‍) കോടതി ഹരജി തള്ളുകയായിരുന്നു. കല്ലറ പൊളിക്കാന്‍ കോടതി പൊലീസിന് അനുമതി നല്‍കുകയും ചെയ്തിരുന്നു.

Content Highlight: Mysterious death in Neyyattinkara; The body was found in the grave